| Saturday, 8th July 2017, 12:04 pm

മോദീ, അമിത് ഷാ, ഞാന്‍ തൂക്കിലേറ്റപ്പെടാം; എന്നാല്‍ അതിന് മുന്‍പ് നിങ്ങളെ വേരോടെ പിഴുതെടുക്കും; മുന്നറിയിപ്പുമായി ലാലു പ്രസാദ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെയും കുടുംബത്തിന്റേയും വസതികളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് നടത്തി വരുന്ന റെയ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്കും മുന്നറിയിപ്പുമായി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ബി.ജെ.പിയെ ഇന്ത്യയില്‍ നിന്ന് തന്നെ ഇല്ലാതാക്കുമെന്നും മോദിയുടേയും അമിത് ഷായുടേയും വേര് അറുക്കുമെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു.

“മോദിയും അമിത് ഷായും ഇത് കേള്‍ക്കണം. ഞാന്‍ ഒരുപക്ഷേ തൂക്കിലേറ്റപ്പെടാം. എന്നാല്‍ അതിന് മുന്‍പേ ഞാന്‍ നിങ്ങളെ വേരോടെ പിഴുതെടുക്കും. മഹത്തായ സഖ്യത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. എനിക്കും ബീഹാറിലെ ജനങ്ങള്‍ക്കും അതറിയാം. – ലാലു പ്രസാദ് പറയുന്നു.

തനിക്ക് നേരെ മാത്രമല്ല എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിന്റെ ഈ നടപടിയെന്നും തന്നെയും കുടുംബത്തേയും ഒന്നടങ്കം ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ലാലു പ്രസാദ് പറഞ്ഞു.


Dont Miss സി.പി.ഐ ആത്മപരിശോധനയ്ക്ക് തയ്യാറാകണം; വിവാദങ്ങള്‍ ബന്ധം വഷളാക്കുമെന്നും കോടിയേരി


റെയില്‍വേ ഹോട്ടലുകള്‍ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടു ലാലുവിന്റെ പട്നയിലെ വസതി ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ഇന്നലെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ലാലുവിന്റെ ഭാര്യ, മകന്‍, ബന്ധുക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.

ജാര്‍ഖണ്ഡിലെ റാഞ്ചിയിലും ഒഡീഷയിലെ പുരിയിലും റെയില്‍വേയുടെ ഉടമസ്ഥതയിലായിരുന്ന ബി.എന്‍.ആര്‍ ഹോട്ടലുകളുടെ നടത്തിപ്പു ചുമതല സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതില്‍ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസ്. ലാലു കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന 2004-2009 കാലഘട്ടത്തില്‍ ഈ ഹോട്ടലുകളുടെ നടത്തിപ്പും മേല്‍നോട്ടവും സുജാത ഗ്രൂപ്പിനു പാട്ടത്തിനു കൈമാറിയതില്‍ അഴിമതി നടന്നെന്നും പ്രത്യുപകാരമായി ലാലു കുടുംബത്തിനു കോടികള്‍ വിലമതിക്കുന്ന സ്ഥലം ലഭിച്ചെന്നുമാണ് ആരോപണം.
ഇതിന് പിന്നാലെ ഇന്ന് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയുടെ വസതിയും ഫാമും ഉള്‍പ്പെടെ മൂന്നു സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത് എന്നാണ് സൂചന. ബിനാമി സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മിസ ഭാരതിയും ഭര്‍ത്താവ് സഹിലേഷ് കുമാറും ആരോപണം നേരിട്ടിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more