ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടൈംസ് നൗ, സീന്യൂസ് ചാനലുകള്‍ നടത്തിയ അഭിമുഖത്തിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയാണ്. വളരെ ഗൗരവമായ വിഷയങ്ങള്‍ എന്നവകാശപ്പെട്ട് ടൈംസ് നൗവും സീന്യൂസും ചോദിച്ച ചോദ്യങ്ങള്‍ ഇവയാണ്
സീ ന്യൂസ് ചോദിച്ച ചോദ്യങ്ങള്‍:
1 താങ്കള്‍ പ്രധാനമന്ത്രിയായശേഷം 2014നും 2018നും ഇടയില്‍, അന്താരാഷ്ട്ര ഉച്ചകോടികളില്‍ പങ്കെടുക്കുമ്പോള്‍ ഇന്ത്യയുടെ അവസ്ഥയില്‍ എന്തെങ്കിലും മാറ്റം വന്നതായി തോന്നിയിട്ടുണ്ടോ?
2. “ദാവാസ് അല്ലെങ്കില്‍ സാര്‍ക്ക് അല്ലെങ്കില്‍ ജി. 20 പോലുള്ള ഉച്ചകോടികള്‍ മുമ്പ് നമുക്ക് തോന്നുന്നത് ഒരു നയതന്ത്ര വ്യായാമം പോലെയാണ്. നമ്മുടെ നേതാക്കള്‍ പോകുന്നു, അവിടെ നയതന്ത്രപരമായ ചില കാര്യങ്ങള്‍ ചെയ്യുന്നു, ഫോട്ടോ എടുക്കുന്നു. പക്ഷേ താങ്കളുടെ കാര്യത്തില്‍ അതൊരു സൗഹൃദം പോലെയാവുന്നു. നിങ്ങള്‍ അവരെ ആലിംഗനം ചെയ്യുന്നു, അവരുടെ തോളില്‍ കൈയിട്ട് സംസാരിക്കുന്നു. ആ ഫോട്ടോ വരുന്നു. താങ്കളുടെ വിമര്‍ശകര്‍ക്ക് ഇഷ്ടമില്ലാത്തതും അതാണ്. ഇതിന്റെ പേരില്‍ താങ്കളെ അവര്‍ ആക്രമിക്കുകയും ചെയ്യുന്നു. പക്ഷേ എളുപ്പം സൗഹൃദം കെട്ടിപ്പടുത്താനാവുകയെന്നത് താങ്കളുടെ രീതിയാണ്. നെതന്യാഹുവിന്റെ കാര്യമെടുക്കാം. പക്ക സൗഹൃദമുള്ള രണ്ട് സുഹൃത്തുക്കളുടെ ഒരു സിനിമ കാണുംപോലെയാണ് നിങ്ങള്‍ തമ്മിലുള്ള സൗഹൃദം. ഇത് നിങ്ങളുടെ നയതന്ത്രത്തിന്റെ സ്‌റ്റൈലാണ്. ഈ രാജ്യത്തിലേതല്ലാത്ത, താങ്കളുടെ ഭാഷ സംസാരിക്കാത്ത, താങ്കളെ മുമ്പൊന്നും പരിചയമില്ലാത്ത ഇത്തരം ആളുകളുമായി എങ്ങനെയാണ് ഇത്രപെട്ടെന്ന് സൗഹൃദത്തിലേര്‍പ്പെടുന്നത്?
3. താങ്കള്‍ അധികാരത്തിലെത്തിയശേഷം, ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ ഒരു പുതിയ രീതി തുടങ്ങി. മൂന്നാലു വര്‍ഷം മുമ്പ് എന്താണ് ജി.ഡി.പി വളര്‍ച്ചാ നിരക്ക് എന്നതിനെക്കുറിച്ച് പോലും ആളുകള്‍ക്ക് അറിയില്ലായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. ഇപ്പോള്‍ സെന്‍സെക്‌സ് പോലെ ആളുകള്‍ അക്കാര്യം ഫോളോ ചെയ്യുന്നുണ്ട്. ഓരോ മൂന്ന് മാസം കൂടുമ്പോഴും അത് എത്രത്തോളം മുന്നോട്ടുപോയി, അല്ലെങ്കില്‍ കുറഞ്ഞുവെന്ന് മനസിലാക്കാനാവുന്നു. ആ മൂന്നുമാസത്തെ കണക്കുവെച്ചുതന്നെ താങ്കള്‍ ചോദ്യം ചെയ്യപ്പെടുന്നു. താങ്കള്‍ വാഗ്ദാനം ചെയ്തത്ര ലഭിച്ചില്ലെങ്കില്‍ ആക്രമണം തുടങ്ങും. ഇത് പുതിയൊരു തരം രീതിയാണോ?
4. “ഈ അഭിമുഖത്തിന് ഒരുങ്ങുമ്പോള്‍ ഞാന്‍ കുറേയധികം റിസര്‍ച്ച് ചെയ്തിരുന്നു. പുതിയൊരു ലോകക്രമത്തെക്കുരിച്ച് ഞാന്‍ ചിന്തിക്കുകയായിരുന്നു. എന്താണ് പുതിയ ലോകക്രമം.? അതുകൊണ്ട് ഞാനൊരു പുതിയ കാര്യം കണ്ടെത്തി. അതിനെ പി.ടി.എം – പുടിന്‍ ട്രംപ് മോദിയെന്ന് പരാമര്‍ശിക്കുകയാണ്. ഇതാണ് പുതിയ ലോകക്രമം?
5. 2014ലുണ്ടായിരുന്ന അതേ ആവേശം തന്നെയുണ്ടോ ഇപ്പോഴും? ഇതിപ്പോള്‍ 2018, ചിലവേളയില്‍ ആളുകള്‍ക്ക് കാലം കഴിയുമ്പോള്‍ ആവേശം കുറയാറുണ്ട്?
6. ശരിയായ വഴിയില്‍ തന്നെയാണ് താങ്കളെന്ന് തോന്നുന്നുണ്ടോ?
7. താങ്കളൊരു ദരിദ്രനെപ്പോലെയാണ് ജീവിക്കുന്നത്. സ്വയം ഫക്കീര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. താങ്കളുടെ കുടുംബവും അങ്ങനെ തന്നെയാണ്. താങ്കള്‍ അവധിയെടുക്കാറില്ല, വിദേശയാത്ര ചെയ്യുമ്പോള്‍ താങ്കള്‍ രാത്രിയും യാത്ര ചെയ്യാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഉറങ്ങാനായി വഴിയില്‍ പോലും നിര്‍ത്താതെ വിമാനത്തില്‍ തന്നെ ഉറങ്ങാറുണ്ടെന്നും കേട്ടിട്ടുണ്ട്. ഈ ഘട്ടത്തില്‍ എവിടെനിന്നാണ് ഇത്രയും ഊര്‍ജം ലഭിക്കുന്നത്? കാരണം ഈ പ്രായത്തില്‍ ഇങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും മറ്റാര്‍ക്കും ആവില്ല. ഇന്ത്യയിലെ യുവാക്കള്‍പോലും ലജ്ജിച്ചുപോകുന്ന തരത്തിലാണ് നിങ്ങളുടെ ഊര്‍ജം?
1.അധികാരത്തിലെത്തി മൂന്നര വര്‍ഷമായി പലതും സംഭവിച്ചു. എന്തൊക്കെ നേടി, ഇനിയെന്തൊക്കെ ബാക്കിയുണ്ട്?
2. 20 വര്‍ഷത്തിനിടെ ദാവോസില്‍ പോകാനൊരുങ്ങുകയും പ്രീനറിയെ അഭിസംബോധന ചെയ്യുകയും ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് താങ്കള്‍. മുമ്പൊരു പ്രധാനമന്ത്രിയും ഇങ്ങനെ ചെയ്തിട്ടില്ല. ആരും പ്രീനറിയെ അഭിസംബോധന ചെയ്തിട്ടില്ല. കഴിഞ്ഞവര്‍ഷം ചൈനയാണ് പ്രീനറിയെ അഭിസംബോധന ചെയ്തത്. ഈ വര്‍ഷം താങ്കള്‍ ചെയ്യുന്നു. ദാവോസില്‍ ഇന്ത്യന്‍വളര്‍ച്ചയുടെ ഏത് ഭാഗമാണ് താങ്കള്‍ പ്രസന്റ് ചെയ്യുന്നത്?
3. 1991 മുതല്‍ ഇന്നുവരെ ഒരു പ്രധാനമന്ത്രിയ്ക്കും ഈ വേദിയില്‍ അവസരം ലഭിച്ചിട്ടില്ല, എങ്ങനെ ഇതു സംഭവിച്ചു?
4. താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ് പ്രധാനമന്ത്രീ. 2017 ഒക്ടോബറില്‍ ഐ.എം.എഫ് ചീഫ് ക്രിസ്റ്റ്യന്‍ ലഗാര്‍ഡ് പറഞ്ഞ കാര്യം ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്. “ഇന്ത്യയെ ചെറുതായി ഇകഴ്‌ത്തേണ്ടി വന്നു ഞങ്ങള്‍ക്ക്, എന്നാല്‍ ദീര്‍ഘകാല വളര്‍ച്ചയിലേക്കുള്ള വഴിയിലാണ് ഇന്ത്യയെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷങ്ങളില്‍ നടത്തിയ പരിഷ്‌കാരങ്ങളുടെ ഫലമായി ശക്തമായൊരു വളര്‍ച്ചയിലേക്ക് ഇന്ത്യയെത്തും.” എന്നാണ് അദ്ദേഹം പറഞ്ഞത്. ഐ.എം.എഫ്, ലോകബാങ്ക് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ ജി.എസ്.ടിയെയും നോട്ടുനിരോധനത്തെയും അംഗീകരിക്കുമ്പോഴും താങ്കളുടെ സ്വന്തം നാട്ടിലുള്ളവര്‍ ഇതിനെ അഭിനന്ദിക്കുന്നില്ല?
5.പ്രധാനമന്ത്രീ, താങ്കള്‍ വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മുടെ ചില നേതാക്കള്‍ വിദേശത്തു പോകുകയും ഇന്ത്യയില്‍ കാര്യങ്ങള്‍ നന്നായി നടക്കുന്നില്ലെന്ന് പറയുകയും ചെയ്യുന്നു. അത്തരക്കാരോട് എന്താണ് പറയാനുള്ളത്?
6. ഒരു മോദി സിദ്ധാന്തം തന്നെ രൂപപ്പെട്ടിട്ടുണ്ട്. താങ്കളുടെ അടുത്ത സുഹൃത്ത് ബെഞ്ചമിന്‍ നെതന്യാഹുവും ഈ മോദി സിദ്ധാന്തത്തെ അംഗീകരിച്ചിരുന്നു. ഭീകരവാദത്തിനെതിരെയുള്ള താങ്കളുടെ നടപടികളെ അദ്ദേഹം അഭിനന്ദിച്ചു. ശക്തമായ ഒരു രാഷ്ട്രത്തിന്റെ നിലപാടാണ് ഭീകരവാദത്തിനെതിരെ താങ്കള്‍ സ്വീകരിക്കുന്നതെന്നാണ് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞത്. ഈ ശക്തമായ നിലപാട് തുടരുമോ?