ഐ.പി.എല്‍ 2024ന്റെ ആവേശത്തിന് തുടക്കം കുറിച്ചുകൊണ്ട് താരലേലം അരങ്ങേറാന്‍ ഒരുങ്ങുകയാണ്. ഡിസംബര്‍ 19ന് നടക്കുന്ന താരലേലത്തിന് ദുബായ് ആണ് വേദിയാകുന്നത്.
ലേലത്തിന് മുമ്പ് എല്ലാ ടീമുകളും തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. പല ടീമുകളും ലോക ക്രിക്കറ്റിലെ പല വമ്പന്‍മാരെയും പുറത്താക്കിയപ്പോള്‍ ഭാവിയുടെ താരങ്ങളെന്ന് വിശേഷിപ്പിക്കുന്ന പലരെയും നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള രാജസ്ഥാന്‍ റോയല്‍സും തങ്ങളുടെ റിലീസ്ഡ് പ്ലെയേഴ്‌സിന്റെയും റീറ്റെയ്ന്‍ഡ് പ്ലെയേഴ്‌സിന്റെയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 2023ല്‍ ടീമിന്റെ ഭാഗമായ 16 താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തിയപ്പോള്‍ ഒമ്പത് താരങ്ങളെ റിലീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സൂപ്പര്‍ താരം ജോ റൂട്ടാണ് രാജസ്ഥാന്‍ റിലീസ് ചെയ്ത താരങ്ങളില്‍ പ്രധാനി. ഐ.പി.എല്ലില്‍ ഏറ്റവും അവസാനമെത്തിയ ഫാബുലസ് ഫോറിലെ അംഗം എന്ന നിലയില്‍ റൂട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു.
കഴിഞ്ഞ സീസണില്‍ എന്നാല്‍ താരത്തിന് വേണ്ടത്ര മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. മൂന്ന് മത്സരത്തില്‍ നിന്നും പത്ത് റണ്‍സ് മാത്രമാണ് റൂട്ടിന് നേടാന്‍ സാധിച്ചത്.
വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍, മലയാളി താരങ്ങളായ കെ.എം. ആസിഫ്, അബ്ദുള്‍ ബാസിത് എന്നിവരെയും രാജസ്ഥാന്‍ റിലീസ് ചെയ്തിട്ടുണ്ട്.
രാജസ്ഥാനായി കഴിഞ്ഞ സീസണില്‍ നാല് മത്സരത്തില്‍ കളത്തിലിറങ്ങിയ ആസിഫ് 14 ഓവര്‍ പന്തെറിഞ്ഞ് മൂന്ന് വിക്കറ്റ് നേടിയിട്ടുണ്ട്. 46.00 എന്ന ശരാശരിയിലും 9.86 എന്ന എക്കോണമിയിലുമാണ് ആസിഫ് കഴിഞ്ഞ സീസണില്‍ പന്തെറിഞ്ഞത്.
കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലില്‍ അരങ്ങേറിയ ബാസിത്തിന് ഒറ്റ മത്സരം മാത്രമാണ് കളിക്കാന്‍ സാധിച്ചത്. മത്സരത്തില്‍ പുറത്താകാതെ ഒരു റണ്‍സാണ് ബാസിത് നേടിയത്.
നിലനിര്‍ത്തിയ താരങ്ങള്‍ക്ക് പുറമെ രാജസ്ഥാന്‍ ആവേശ് ഖാനെ ട്രേഡിങ്ങിലൂടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് സ്വന്തമാക്കുകയും ചെയ്തിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജെയ്‌സ്വാള്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, ഡോണോവന്‍ ഫെരേര, കുനാല്‍ റാത്തോര്‍, ആര്‍. അശ്വിന്‍, കുല്‍ദീപ് സെന്‍, നവ്ദീപ് സെയ്‌നി, പ്രസിദ്ധ് കൃഷ്ണ, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്, യൂസ്വേന്ദ്ര ചഹല്‍, ആദം സാംപ, ആവേശ് ഖാന്‍.
രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്ത താരങ്ങള്‍
ജോ റൂട്ട്, ആബ്ദുള്‍ ബാസിത്, ജേസണ്‍ ഹോള്‍ഡര്‍, ആകാശ് വസിഷ്ഠ്, കുല്‍ദീപ് യാദവ്, ഒബെഡ് മക്കോയ്, മുരുഗന്‍ അശ്വിന്‍, കെ.സി. കരിയപ്പ, കെ.എം. ആസിഫ്.
Content Highlight: List of players retained and released by Rajasthan Royals before IPL 2024