തിയേറ്റര്‍ വിജയത്തിന് പിന്നാലെ മേളയിലും ശോഭിക്കാന്‍ കിഷ്‌കിന്ധാ കാണ്ഡം.... ഐ.എഫ്.എഫ്.കെയിലെ മലയാളം സിനിമകളുടെ ലിസ്റ്റ് പുറത്ത്
Film News
തിയേറ്റര്‍ വിജയത്തിന് പിന്നാലെ മേളയിലും ശോഭിക്കാന്‍ കിഷ്‌കിന്ധാ കാണ്ഡം.... ഐ.എഫ്.എഫ്.കെയിലെ മലയാളം സിനിമകളുടെ ലിസ്റ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 15th October 2024, 9:39 pm

ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്രമേളകളിലൊന്നാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫൈസ്റ്റിവല്‍ ഓഫ് കേരള. തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് ഡിസംബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച മുതലാണ് എപ്പോഴും മേള അരങ്ങേറുന്നത്. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന മേള സിനിമാപ്രേമികള്‍ക്ക് എല്ലായ്‌പ്പോഴും മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മികച്ച സിനിമകള്‍ ഒരു കുടക്കീഴില്‍ കാണാന്‍ കഴിയുന്ന അവസരമാണ് ഐ.എഫ്.എഫ്.കെ.

ഇപ്പോഴിതാ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാളസിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ‘മലയാളം സിനിമ ടുഡേ’ എന്ന വിഭാഗത്തില്‍ 12 സിനിമകളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. ഒപ്പം അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്കുള്ള രണ്ട് മലയാളസിനിമകളുടെ ലിസ്റ്റും പുറത്തുവിട്ടിട്ടുണ്ട്. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയും, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത അപ്പുറവുമാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഇത്തവണ മലയാളസിനിമയെ പ്രതിനിധീകരിക്കുന്നത്.

വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന ‘എ പാന്‍ ഇന്ത്യന്‍ സ്റ്റോറി’, ആദിത്യ ബേബി സംവിധാനം ചെയ്ത ‘കാമദേവന്‍ നക്ഷത്രം കണ്ടു’, അഭിലാഷ് ബാബു സംവിധാനം ചെയ്ത ‘മായുന്നു മാറിവരയുന്നു നിശ്വാസങ്ങളില്‍’, ശോഭന പടിഞ്ഞാറ്റില്‍ സംവിധാനം ചെയ്യുന്ന ‘ഗേള്‍ ഫ്രണ്ട്‌സ്’, റിനോഷുന്‍. കെ സംവിധാനം ചെയ്ത ‘വെളിച്ചം തേടി’, മിഥുന്‍ മുരളി അണിയിച്ചൊരുക്കിയ ‘കിസ്സ് വാഗണ്‍’, ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത ‘പാത്ത്’, കൃഷന്ദ് അണിയിച്ചൊരുക്കിയ ‘സംഘര്‍ഷ ഘടന’, സന്തോഷ്- സതീഷ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ ‘മുഖക്കണ്ണാടി’, ശിവരഞ്ജിനി സംവിധാനം ചെയ്യുന്ന ‘വിക്ടോറിയ’, എബ്രഹാം ഡെന്നീസിന്റെ ‘വാടുസി സോമ്പി’ എന്നീ സിനിമകളാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഇവയോടൊപ്പം ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയ കിഷ്‌കിന്ധാ കാണ്ഡവും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ഒരുങ്ങിയ കിഷ്‌കിന്ധാ കാണ്ഡത്തില്‍ ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എനിനവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് മേള നടക്കുക. തലസ്ഥാനനഗരത്തെ 10 തിയേറ്ററുകളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. മലയാളം സിനിമ ടുഡേ, അന്താരാഷ്ട്ര മത്സരവിഭാഗം, ഇന്ത്യന്‍ സിനിമ ടുഡേ, ഹോമേജ്, ജൂറി ഫിലിംസ്, സ്‌പെഷ്യല്‍ സ്‌ക്രീനിങ് തുടങ്ങി നിരവധി വിഭാഗങ്ങളിലായി നൂറിലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

Content Highlight: List of Malayalam movies in 29th IFFK out now