| Wednesday, 27th April 2016, 2:03 pm

ഇവര്‍ ബംഗ്ലാദേശിലെ മതമൗലികവാദത്തിന്റെ ഇരകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

2013ല്‍ തങ്ങള്‍ ലക്ഷ്യമിടുന്ന എണ്‍പതോളം എഴുത്തുകാരുടെ പേരു വിവരങ്ങള്‍ മതമൗലികവാദ സംഘടനകള്‍ പുറത്തു വിട്ടിരുന്നു. വിവിധ ഗ്രൂപ്പുകളായി വിഘടിച്ച് കിടക്കുകയാണെങ്കിലും ഇക്കാര്യത്തില്‍ ഒരേ ലക്ഷ്യം വെച്ചു പുലര്‍ത്തുന്നവരാണ് ബംഗ്ലാദേശിലെ മതമൗലികവാദ സംഘടനകള്‍. രാജ്യത്തിന്റെ ഭരണഘടനയില്‍ മതേതരത്വം അടിസ്ഥാന തത്വമായി പറയുന്നുണ്ടെങ്കിലും അധികാരത്തില്‍ തുടരുന്നതിന് വേണ്ടി രാഷ്ട്രീയ കക്ഷികള്‍ മതമൗലികവാദ ഗ്രൂപ്പുകളെ സംരക്ഷിച്ച് നിര്‍ത്തുന്ന സ്ഥിതിയാണുള്ളത്.


ബംഗ്ലാദേശ്മതേതര എഴുത്തുകാരുടെ ശവപ്പറമ്പാവുകയാണ്. “ലജ്ജ” യുടെ പേരില്‍ തസ്‌ലീമ നസ്‌റിനെതിരെ ഫത്‌വ പുറപ്പെടുവിച്ചത് മുതലുള്ള ഈ മതേതര വിരോധം തുടരുന്നതിന്റെ വാര്‍ത്തകളാണ് അവിടെ നിന്നും വരുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് കഴിഞ്ഞ ദിവസം ദിവസം ജീവന്‍ നഷ്ടപ്പെട്ട മാഗസിന് പത്രാധിപരും അദ്ദേഹത്തിന്റെ സുഹൃത്തും.

2013ല്‍ തങ്ങള്‍ ലക്ഷ്യമിടുന്ന എണ്‍പതോളം എഴുത്തുകാരുടെ പേരു വിവരങ്ങള്‍ മതമൗലികവാദ സംഘടനകള്‍ പുറത്തു വിട്ടിരുന്നു. വിവിധ ഗ്രൂപ്പുകളായി വിഘടിച്ച് കിടക്കുകയാണെങ്കിലും ഇക്കാര്യത്തില്‍ ഒരേ ലക്ഷ്യം വെച്ചു പുലര്‍ത്തുന്നവരാണ് ബംഗ്ലാദേശിലെ മതമൗലികവാദ സംഘടനകള്‍. രാജ്യത്തിന്റെ ഭരണഘടനയില്‍ മതേതരത്വം അടിസ്ഥാന തത്വമായി പറയുന്നുണ്ടെങ്കിലും അധികാരത്തില്‍ തുടരുന്നതിന് വേണ്ടി രാഷ്ട്രീയ കക്ഷികള്‍ മതമൗലികവാദ ഗ്രൂപ്പുകളെ സംരക്ഷിച്ച് നിര്‍ത്തുന്ന സ്ഥിതിയാണുള്ളത്.

മതമൗലികവാദത്തിനെതിരെ പ്രതികരിക്കുന്ന എഴുത്തുകാരെ നിശബ്ദരാക്കി ഭയത്തിന്റെ സാഹചര്യം സൃഷ്ടിക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്. 2013ന് ശേഷം 13 എഴുത്തുകാരാണ് ബംഗ്ലാദേശില്‍ അക്രമിക്കപ്പെട്ടത്. ഇതില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയത്.


ആസിഫ് മുഹ്‌യിദ്ദീന്‍

2013 ജനുവരി 15നാണ് ആസിഫ് മുഹ്‌യിദ്ദീന്‍ ആക്രമിക്കപ്പെടുന്നത്. ധാക്കയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന്‍ തിരികെ കിട്ടിയ ആസിഫ് ഇപ്പോള്‍ ബര്‍ലിനിലാണ് താമസിക്കുന്നത്. ബംഗ്ലാദേശിലെ തീവ്ര ഇസ്‌ലാമിക ഗ്രൂപ്പായ അന്‍സാറുല്ലാ ബംഗ്ലാ ടീം ആസിഫിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇസ്‌ലാം മതം ഉപേക്ഷിച്ചതും ഖുര്‍ആനെ വിമര്‍ശിച്ചതിനുമാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് നാളുകള്‍ക്ക് ശേഷം ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ആസിഫിനോട് അക്രമികള്‍ പറഞ്ഞിരുന്നു.


അഹമ്മദ് റാജിബ് ഹൈദര്‍

മതേതര ബ്ലോഗറായിരുന്ന അഹമ്മദ് റാജിബ് ഹൈദര്‍ 2013 ഫെബ്രുവരി 15നാണ് ധാക്കയിസലെ മിര്‍പൂരില്‍ വധിക്കപ്പെട്ടത്. ആസിഫ് മുഹ്‌യിദ്ദീന്‍ ആക്രമിക്കപ്പെട്ടതിന്റെ കൃത്യം ഒരു മാസത്തിന് ശേഷമാണ് റാജിബിനെ മതമൗലികവാദികള്‍ വക വരുത്തിയത്. സുഹൃത്തുക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം കുത്തി പരിക്കേല്‍പ്പിച്ചാണ് അക്രമികള്‍ റാജിബിനെ കൊലപ്പെടുത്തിയത്.

ബംഗ്ലാദേശ് വിമോചന കാലഘട്ടത്തിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് വധശിക്ഷ ആവശ്യപ്പെടുന്ന “ഷാഹ്ബാഗ്് മൂവ്‌മെന്റ്”  റാജിബിന്റെ നേതൃത്വത്തിലായിരുന്നു. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ “ഛത്ര ശിബിറി”നെയും നിരോധിക്കണമെന്ന് ഷാഹ്ബാഗ് മൂവ്‌മെന്റ് നിരന്തരം ആവശ്യപ്പെട്ടിരുന്നു.

റാജിബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പതിനായിര കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന്റെ ഭൗതികശരീരവുമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. റാജിബ് തങ്ങളുടെ ആദ്യ രക്തസാക്ഷിയാണെന്നാണ് ഷഹ്ഭാഗ് മൂവ്‌മെന്റ് പറഞ്ഞത്.


സുന്നിയുര്‍ റഹ്മാന്‍

അഹമ്മദ് റാജിബ് ഹൈദര്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത മാസമാണ് മറ്റൊരു “ഷാഹ്ബാഗ്” പ്രവര്‍ത്തകനായ സുന്നിയുര്‍ റഹ്മാനും അക്രമിക്കപ്പെടുന്നത്. മിര്‍പൂരില്‍ ഒരു സിനിമാ തിയേറ്ററിന് പുറത്ത് രണ്ടംഗ അക്രമിസംഘം വടിവാള്‍ ഉപയോഗിച്ച് അദ്ദേഹത്തെ വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേറ്റ സുന്നിയുറിനെ കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചു. റാജിബ് ഹൈദറിനെ പോലെ ജമാഅത്തെ ഇസ്‌ലാമിയുടെ ശക്തനായ വിമര്‍ശകനായിരുന്നു സുന്നിയുര്‍ റഹ്മാനും.


ഷഫീയുള്‍ ഇസ്‌ലാം

ബംഗ്ലാദേശിലെ രാജ്ഷാഹി സര്‍വകലാശാലയിലെ സോഷ്യോളജി അധ്യാപകനായിരുന്ന ഷഫീയുള്‍ ഇസ്‌ലാമിനെ മതമൗലികവാദികള്‍ വധിച്ചത് അദ്ദേഹം “ബുര്‍ഖ”യ്‌ക്കെതിരായി നിലപാടെടുത്തു എന്ന കാരണത്താലായിരുന്നു. ബാവുല്‍ സമുദായക്കാരനായ ഷഫീയുള്‍ 2014 നവംബറിലാണ് വധിക്കെപ്പടുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം “അന്‍സാര്‍ അല്‍ ഇസ്‌ലാം ബംഗ്ലാദേശ്2” എന്ന സംഘടന ഏറ്റെടുത്തിരുന്നു. ഷഫീയുള്‍ വിദ്യാര്‍ത്ഥികളെ താടിവടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ഇസ്‌ലാമിക വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിച്ചില്ലെന്നുമാണ് ആരോപണം.


അവിജിത് റോയ്

പ്രശസ്ത ബ്ലോഗറും എന്‍ജിനീയറുമായ ഡോ. അവിജിത് റോയ് 2015 ഫെബ്രുവരി 26നാണ് കൊല്ലപ്പെടുന്നത്. ധാക്കയില്‍ ബംഗ്ലാ അക്കാദമി ബുക്ക് ഫെയറില്‍ പങ്കെടുത്ത് മടങ്ങവെയാണ് റോയിക്കും ഭാര്യ റഫീദ അഹമ്മദ് ബന്നയ്ക്കുമെതിരെ അക്രമണമുണ്ടാവുന്നത്.

ബംഗ്ലാദേശിലെ മതമൗലിക വാദത്തിനെതിരെ നിരന്തരം ലേഖനമെഴുതിയ അവിജിത് മുക്തോ-മോന (ഫ്രീ മൈന്‍ഡ്) എന്ന പേരില്‍ ബ്ലോഗ് സ്ഥാപിച്ചിരുന്നു. പത്തോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അവിജിത് യു.എസ് പൗരനായിരുന്നു. മത മൗലികവാദികളില്‍ നിന്നും കടുത്ത ഭീഷണി നേരിട്ടിരുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്‌സ്‌റ്റോറായ “രകമാരി. കോം”, റോയിയുടെ പുസ്തകങ്ങള്‍ പിന്‍വലിച്ചിരുന്നു.


വസീഖുറഹ്മാന്‍

2015 മാര്‍ച്ച് 30നാണ് വസീഖുറഹ്മാന്‍ കൊല്ലപ്പെടുന്നത്. ധാക്കയില്‍ അവിജിത് റോയിയുടെ കൊലപാതകം നടപ്പാക്കിയ അതേ മാതൃകയിലാണ് വസീഖുറഹ്മാനെയും അക്രമികള്‍ വകവരുത്തിയത്. അന്‍സാറുല്ല ബംഗ്ലാ ടീം തന്നെയാണ് വസീഖിന്റെ വധത്തിന് പിന്നിലും പ്രവര്‍ത്തിച്ചത്. കൃത്യം നടത്തുന്നതിനായി തങ്ങള്‍ പതിനഞ്ച് ദിവസം കഠിന പരിശീലനം നടത്തിയിരുന്നതായി പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നു.

കൊല്ലപ്പെട്ട മറ്റു ബ്ലോഗര്‍മാരെ അപേക്ഷിച്ച് വസീഖ് അത്ര വിമര്‍ശനം ഉയര്‍ത്തിയിരുന്നില്ലെങ്കിലും ഭീകരാന്തരീക്ഷം നിലനിര്‍ത്തുന്നതിനാണ് അദ്ദേഹത്തെ മതമൗലികവാദികള്‍ വധിച്ചിരുന്നത്.


അനന്ത ബിജോയ് ദാസ്

അവിജിത് റോയിയുടെ സുഹൃത്തായിരുന്ന അനന്ത ബിജോയ് ദാസ് 2015 മെയ് 12ന് ബംഗ്ലാദേശിലെ സില്‍ഹറ്റിലാണ് വധിക്കപ്പെടുന്നത്. അവിജിത് റോയിയുടെ “ഫ്രീ മൈന്‍ഡ്‌സ്” ബ്ലോഗുമായി സഹകരിച്ചിരുന്ന ബിജോയ് ദാസ് “ജുക്തി” (ലോജിക്ക്) എന്ന മാഗസിന്റെ പത്രാധിപരായിരുന്നു.

അഭയം പ്രാപിക്കുമെന്ന ഭയത്തില്‍ സ്വീഡന്‍ അനന്ത ബിജോയ് ദാസിന് വിസ നിഷേധിച്ചിരുന്നു.


നിലോയ് നീല്‍

വെള്ളിയാഴ്ച നമസ്‌കാരത്തിനുശേഷം വിശ്രമിക്കുകയായിരുന്ന നിലോയ് നീല്‍ ചൗധരിയുടെ ഫഌറ്റിലെത്തിയാണ് അക്രമികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയിരുന്നത് (2015 ആഗസ്റ്റ് 7).ബംഗ്ലാദേശിലെ യുദ്ധക്കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്ന ജനജാഗരണ്‍ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകനായിരുന്നു നിലോയ് നീല്‍ ചൗധരി.

അല്‍ ഖാഇദ, അന്‍സാറുല്ല അല്‍ ഇസ്‌ലാം ഗ്രൂപ്പുകളാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തത്.


ഫൈസല്‍ ആരിഫേയ്ന്‍ ദീപന്‍

അവിജിത് റോയിയുടേത് ഉള്‍പ്പടെ നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ഫൈസല്‍ ആരിഫേയ്ന്‍ ദീപന്‍ 2015 ഒക്ടോബര്‍ 31നാണ് കൊല്ലപ്പെട്ടത്. ഫൈസല്‍ ആരിഫേയ്ന്‍ കൊല്ലപ്പെട്ട അതേ ദിവസം മറ്റു മൂന്നു മതേതര എഴുത്തുകാര്‍ക്കെതിരെ ധാക്കയില്‍ അക്രമണം ഉണ്ടായിരുന്നു.


നസീമുദ്ദീന്‍ സമദ്

നിയമവിദ്യാര്‍ത്ഥിയായ നസീമുദ്ദീന്‍ സമദിനെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് മതമൗലികവാദികള്‍ കൊലപ്പെടുത്തിയത്. ജഗന്നാഥ് സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന നസീമുദ്ദീന്‍ മതതീവ്രവാദത്തെ വിമര്‍ശിച്ചായിരുന്നു ഫേസ്ബുക്കില്‍ എഴുതിയിരുന്നത്.


റഈസുല്‍ കരീം സിദ്ദീഖ്

രാജ്ഷാഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറായ റഈസുല്‍ കരീം സിദ്ദീഖ് ഏപ്രില്‍ 23നാണ് കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് സര്‍വകലാശാലയിലേക്ക് പുറപ്പെട്ട അദ്ദേഹം ബസ് സ്റ്റേഷനിലേക്ക് നടന്നുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥിവിഭാഗമായ ഛാത്ര് ശിബിരിന്റെ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


സുല്‍ഹസ് മന്നാന്‍, തനയ് ഫാഹിം

സ്വവര്‍ഗാനുരാഗികള്‍ക്ക് മാത്രമായുള്ള ആദ്യ ബംഗ്ലാദേശി മാസികയായ രൂപ്ബന്നിന്റെ പത്രാധിപരായ സുല്‍ഹസ് മന്നാനും സുഹൃത്ത് തനയ് ഫാഹിമും കഴിഞ്ഞ ദിവസമാണ് (26-4-2016)കൊല്ലപ്പെട്ടത്. താമസിക്കുന്ന ഫഌറ്റില്‍ കയറിയാണ് ഇരുവരെയും വെട്ടിക്കൊന്നത്. രാജ്ഷാഹി സര്‍വകലാശാലയിലെ അദ്ധ്യാപകനും ബുദ്ധിജീവിയായിരുന്ന പ്രൊഫസര്‍ റഈസുല്‍ കരിം സിദ്ദിഖിയെ വധിച്ച് രണ്ടുദിവസം കഴിയുമ്പോഴാണ് ഇരുവരും കൊല്ലപ്പെടുന്നത്.

സുല്‍ഹാസ് മന്നാന്‍ ബംഗ്ലദേശിലെ മുന്‍ വിദേശകാര്യമന്ത്രി ദിപു മോനിയുടെ ബന്ധുവും യുഎസ് എംബസിയിലെ മുന്‍ പ്രോട്ടോക്കോള്‍ ഓഫീസറുമായിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖാഇദ അനുബന്ധ സംഘടനയായ അന്‍സര്‍ അല്‍ ഇസ്‌ലാം ഏറ്റെടുത്തിരുന്നു. ബംഗ്ലാദേശില്‍ സ്വര്‍ഗാനുരാഗം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം.

We use cookies to give you the best possible experience. Learn more