ഒരുകാലത്ത് മലയാളസിനിമയിലെ നിറസാന്നിധ്യമായിരുന്നു ലിസി. നായികയായും സഹോദരിയായും വെള്ളിത്തിരയില്‍ ലിസി തിളങ്ങി. എന്നാല്‍ സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും ലിസി പിന്‍വാങ്ങി.
എന്നാല്‍ 24 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതോടെ വീണ്ടും സിനിമയിലേക്ക് ഒരു മടക്കം ആഗ്രഹിക്കുകയാണ് താരം. പ്രായത്തിന് അനുസരിച്ച വേഷം ലഭിച്ചാല്‍ തീര്‍ച്ചയായും സിനിമയില്‍ അഭിനയിക്കുമെന്നും എന്നാല്‍ ടീനേജ് നായികയാകാനൊന്നും താനില്ലെന്നുമാണ് ലിസി പറയുന്നത്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ലിസിയുടെ പരാമര്‍ശം.
വിവാഹത്തിന് ശേഷം എന്റെ മനസില്‍ അഭിനയ ജീവിതം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തോന്നി നല്ല വേഷങ്ങള്‍ കിട്ടിയാല്‍ എന്താ അഭിനയിക്കുന്നതില്‍ തടസമെന്ന്.
അഭിനയിക്കാന്‍ വേണ്ടി സിനിമ നിര്‍മിക്കില്ല. എന്നാല്‍ നിര്‍മാതാവാകില്ലെന്നും പറയാന്‍ കഴിയില്ല. വിവാഹശേഷം അഭിനയിക്കേണ്ടതില്ല എന്നത് എന്റെ ഉറച്ച തീരുമാനമായിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റേണ്ടി വന്നില്ലേ. അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളില്‍ എങ്ങനെ മറുപടി പറയുമെന്നാണ് ലിസി ചോദിക്കുന്നത്.
എന്റെ ആദ്യസിനിമ മുതല്‍ ഞാനെന്റെ ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു. ഞാനായിട്ട് എവിടേയും ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. ഞാന്‍ കാരണം ഒരു ഷൂട്ടിങ്ങും മുടങ്ങിയിട്ടില്ല. എല്ലാവരോടും മാന്യമായി തന്നെയാണ് പെരുമാറിയത്. തിരിച്ചും അങ്ങനെ തന്നെയായിരുന്നു.- ലിസി പറയുന്നു.
24 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2014 ലാണ് ലിസിയും പ്രിദയര്‍ശനും വേര്‍പിരിയുന്ന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും സംയുക്തമായി നല്‍കിയ ഹര്‍ജിയില്‍ ചെന്നൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്.
കുടുംബകലഹം ചൂണ്ടിക്കാട്ടി പ്രിയദര്‍ശനെതിരെ ലിസി ചെന്നൈ എഗ്മൂറിലെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ലിസിക്കെതിരെ പ്രിയദര്‍ശന്‍ മദ്രാസ് ഹൈക്കോടതിയിലും കേസ് നല്‍കിയിരന്നു. ഗാര്‍ഹിക പീഡനക്കേസും സ്വത്ത് തര്‍ക്കവും മദ്രാസ് ഹൈക്കോടതി തീര്‍പ്പ് കല്‍പിക്കുകയായിരുന്നു. 1990 ഡിസംബര്‍ 13നാണ് ഇരുവരുടേയും വിവാഹം. മക്കളായ കല്ല്യാണിയും സിദ്ധാര്‍ഥും വിദേശത്താണ്.