| Wednesday, 6th July 2011, 2:07 pm

ലിസ്: കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !!

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു കാലത്ത് കേരളത്തെ ഞെട്ടിച്ച ലിസ് തട്ടിപ്പ് കേസ് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. നിക്ഷേപ തുകക്കുള്ള ലോട്ടറി വാങ്ങി പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി കമ്പനി പൊതുജനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ പിരിച്ചു. പണമിരട്ടിപ്പെന്ന മോഹവലയത്തില്‍ കുടുങ്ങിയവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ലിസ് തട്ടിപ്പാണെന്ന് വ്യക്തമായി. സ്ഥാപനം അടച്ചുപൂട്ടി കേസെടുത്തു.

എന്നാല്‍ ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങളുള്ള കമ്പനി ഉടമകള്‍ കേസ് അട്ടിമറിക്കാന്‍ അന്ന് തന്നെ ചരടുവലികള്‍ നടത്തി. ലിസ്-ദേശാഭിമാനി കോഴ വിവാദം പുറത്ത് വന്നത് അങ്ങിനെയാണ്. നിയമസഭയെപ്പോലും ഇളക്കിമറിച്ച, സി.പി.ഐ.എമ്മിനുള്ളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച സംഭവം ഇന്ന് വിസ്മൃതിയിലായി.

കേസിന്റെ വിചാരണ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുകയാണ്. വിചാരണ നടപടിക്രമങ്ങളില്‍ ചില അസ്വാഭാവികതകള്‍ ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്ന് വിശദമായി അന്വേഷണം നടത്തിയ ഡൂള്‍ന്യൂസിന് ലഭിച്ചത് കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പ്രതികളും ആരോപണ വിധേയരും സമൂഹത്തില്‍ അധികാരവും പണവും കൊണ്ട് ശക്തരാണ്. നീതിസംവിധാനങ്ങളെപ്പോലും വിലയ്‌ക്കെടുക്കാന്‍ കഴിവുള്ളവരാണവര്‍. വാര്‍ത്ത പുറത്ത് വരാതിരിക്കാന്‍ വേണ്ടി ഡൂള്‍ന്യസിനെ പല ഭാഗങ്ങളില്‍ നിന്നും ബന്ധപ്പെട്ടിരുന്നു. കോടികളുടെ അഴിമതിക്കേസ് കോടതിമുറിയില്‍ അട്ടിമറിക്കപ്പെടുന്ന ദുരന്ത സത്യം മറ്റ് മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തുകൊണ്ടാവാമെന്ന് ഈ ഫോണ്‍കോളുകള്‍ ഞങ്ങളെ ബോധ്യപ്പെടുത്തി.

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കരസ്‌പോണ്ടന്റ് ഹരീഷ് വാസുദേവന്‍ മൂന്ന് മാസക്കാലം സമയമെടുത്താണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. സാക്ഷികള്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, മറ്റു പോലീസുകാര്‍, നിയമജ്ഞര്‍ തുടങ്ങി നിരവധി പേരെ നേരില്‍ കണ്ടും ബന്ധപ്പെട്ട രേഖകള്‍ സംഘടിപ്പിച്ചും വിചാരണ സമയം കോടതിയില്‍ നേരിട്ട് ഹാജരായും തയ്യാറാക്കിയ ഈ അന്വേഷണ റിപ്പോര്‍ട്ട് ഞങ്ങള്‍ വായനക്കാര്‍ക്ക് മുമ്പാകെ വെയ്ക്കുന്നു…

ലിസ്: കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !!

ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചു ആയിരം കോടിയിലധികം രൂപ തട്ടിയ എറണാകുളത്തെ “ലിസ്” എന്ന പണമിടപാട് സ്ഥാപനത്തിനെതിരായ കേസ് കോടതിയില്‍ അട്ടിമറിക്കപ്പെടുന്നു. സര്‍ക്കാര്‍ ലോട്ടറിയിലൂടെ നിക്ഷേപങ്ങള്‍ ഇരട്ടിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ സ്ഥാപനത്തിനെതിരായ വഞ്ചനാ കേസാണ് വാദം നടക്കുന്നതിനിടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അട്ടിമറിക്കപ്പെടുന്നത്.

ലിസ് വഞ്ചിച്ചതായി നേരത്തെ പരാതിപ്പെട്ട സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിയും കോടതിയെത്തന്നെ സ്വാധീനിച്ചുമാണ് കേസ് അട്ടിമറിക്കപ്പെടുന്നത്. കേസിന്റെ വഴിയിലൂടനീളം അട്ടിമറിശ്രമങ്ങള്‍ നടന്നുവരികയാണ്. കേസന്വേഷണത്തില്‍ പ്രധാന സാക്ഷികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. പ്രധാന രേഖകള്‍ളൊന്നും ഹാജരാക്കാതെയാണ് കേസ് കോടതിയില്‍ വാദത്തിനെത്തിയത്.

IPC സെക്ഷന്‍ 420 പ്രകാരമുള്ള വഞ്ചനാ കേസിന്റെ കുറ്റപത്രത്തില്‍ വഞ്ചന എന്നൊരു വാക്ക് പോലുമില്ല !!. തട്ടിപ്പിന് ഇരയായ നൂറിലേറെ പേര്‍ സാക്ഷികളായുള്ള കേസിന്റെ കുറ്റപത്രത്തില്‍ എവിടെയും ഒരാള്‍ പോലും ലിസ് വഞ്ചിച്ചിട്ടുണ്ടെന്ന് മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയിട്ടില്ല. റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല.

കേസിലെ ഒന്നാം സാക്ഷിയായ സെന്‍ കുമാര്‍ IPS നെ ചോദ്യം ചെയ്യുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നത് ഏറെ ആശ്ചര്യകരമാണ്. കേസില്‍ പ്രധാന സാക്ഷിയാകേണ്ട ലോട്ടറി ഡയറക്ടര്‍ കേസില്‍ കക്ഷിയേ അല്ലെന്നത് കേസ് അട്ടിമറിക്കപ്പെടാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഉദാഹരണമാണ്.

കേസിന്റെ വിജയത്തിനായി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും രേഖകളോ സാക്ഷികളോ ഹാജരാക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെ വെച്ചാണ് കേസ് കോടതിയില്‍ എത്തിയിരിക്കുന്നത്.

സാക്ഷികളെ സ്വാധീനിക്കുന്നു, കോടതിയെയും

കേസില്‍ നിലവിലുള്ള സാക്ഷികളെ തന്നെ തങ്ങളുടെ വരുതിയിലാക്കാന്‍ പ്രതിഭാഗം കൊണ്ട് പിടിച്ച ശ്രമമാണ് നടത്തുന്നത്. സാക്ഷികളെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തു വശത്താക്കി മൊഴി തിരുത്തിക്കുന്ന സ്ഥിതിയാണുള്ളത്. ലിസ് ദീപസ്തംഭം സ്ഥാപനത്തിന്റെ ഉടമയായ ചാക്കോയും ഭാര്യയും മക്കളും പ്രതിയായ കേസ് അട്ടിമറിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ അഭിഭാഷകരും നടത്തുന്ന ഒത്തുകളി പിടികൂടാനോ ആവശ്യമായ നടപടിയെടുക്കാനോ പുതുതായി വന്ന സര്‍ക്കാറിനും വേണ്ടത്ര താല്‍പര്യമില്ല.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 672/06 കേസിന്റെ വാദം എറണാകുളം CJM കോടതിയില്‍ ഇപ്പോള്‍ നടക്കുകയാണ്. കേസിലെ ഒന്നാം സാക്ഷിയായ ADGP സെന്‍ കുമാറിനെ വിസ്തരിച്ചാല്‍ പ്രതികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. പ്രതിഭാഗം വക്കീലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു ഒന്നാം സാക്ഷിയെ ഇപ്പോള്‍ 126 ാമത്തെ സാക്ഷിയായി വിസ്തരിക്കാന്‍ ആണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മുടന്തന്‍ ന്യായങ്ങളാണ് ജഡ്ജി പറയുന്നത്. സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനാണെന്നാണ് കോടതിയുടെ ന്യായം. എന്നാല്‍ സെന്‍കുമാര്‍ ഈ കേസിലെ പരാതിക്കാരന്‍ മാത്രമായിരുന്നു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സെന്‍കുമാര്‍ ഇടപെട്ടിരുന്നില്ല. സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനല്ലെന്ന് കേസ് ഡയറിയില്‍ വ്യക്തമാണ്.

പ്രതിഭാഗത്തിന് എതിരായേക്കാവുന്ന 41, 42, 43, 44 എന്നീ സാക്ഷികള്‍ക്ക് ഇതുവരെ സമന്‍സ് പോലും നല്‍കിയിട്ടില്ല. അതേസമയം മാര്‍ച്ച് 28 നു കോടതിയില്‍ ഹാജരായി മൊഴി കൊടുക്കേണ്ട 24 ,37 എന്നീ സാക്ഷികള്‍ സമന്‍സ് കിട്ടാതെ തന്നേ കോടതിയിലെത്തി പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കി !!. മറ്റു സാക്ഷികളെ കോടതിയില്‍ കൊണ്ടു വരുന്നതും തിരികെ കൊണ്ടു പോകുന്നതും പ്രതിഭാഗം വക്കീലാണ്.

സാക്ഷികള്‍ മിക്കവരും പ്രോസിക്യൂഷനുമായി സഹകരിക്കുന്നില്ല. പല സാക്ഷികളും കോടതിയില്‍ നിന്നും സമന്‍സ് പോലും കൈപ്പറ്റുന്നതിനു മുന്‍പേ പ്രതികള്‍ക്കൊപ്പം വന്നു ലിസിനു അനുകൂലമായി മൊഴി പറഞ്ഞു കഴിഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കേണ്ട CJM കോടതി ജഡ്ജി കണ്ണടച്ച മട്ടാണ്. ക്രിമിനല്‍ കേസിലെ സാക്ഷികളെ മൊഴിമാറ്റാനായി സ്വാധീനിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

ചില സാക്ഷികളെ ഭീഷണി കൊണ്ടോ പണം കൊടുത്തോ വശത്താക്കാന്‍ പ്രതികള്‍ക്ക് കഴിയാതെ വന്നിട്ടുണ്ട്. എന്നാല്‍ തന്നെ പ്രതിഭാഗം ഭീഷണിപ്പെടുത്തി എന്ന് കോടതിയില്‍ പരസ്യമായി പരാതിപ്പെട്ട സാക്ഷിയെ ജഡ്ജി തന്നേ അപമാനിച്ചു വിട്ട സ്ഥിതി ഉണ്ടായി. ഇതോടെയാണ് കോടതിയുടെ ഈ കേസിലെ നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്നത്. ലിസ് കമ്പനിക്കു അനുകൂലമായി മൊഴി പറയുന്ന സാക്ഷികളുടെ മാത്രം മൊഴി രേഖപ്പെടുത്തി റെക്കോര്‍ഡ് വേഗത്തിലാണ് വിചാരണ പുരോഗമിക്കുന്നത്.

ഫയല്‍ ചെയ്ത മിക്ക കേസുകളും ഒരു വര്‍ഷം വരെ വാദത്തിനായി നീട്ടി വെക്കുന്ന ജഡ്ജി ഈ കേസ് മാത്രം നേരത്തെ എടുത്തു കേള്‍ക്കുകയും റിക്കാര്‍ഡ് വേഗത്തില്‍ തീര്‍ക്കുകയും ചെയ്യുന്നതില്‍ നിയമ വൃത്തങ്ങള്‍ തന്നേ അമ്പരപ്പ് പ്രകടിപ്പിച്ചു തുടങ്ങി. 2011 ജനുവരി ഒന്നിന് തുടങ്ങിയ കേസില്‍ ഏപ്രില്‍ 20 വരെ തുടര്‍ച്ചയായി 47 വിസ്താരങ്ങള്‍ നടത്തി 70 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു.അടുത്ത പേജില്‍ തുടരുന്നു

പ്രോസിക്യൂഷന്‍ പ്രതിഭാഗത്തിന്റെ കയ്യില്‍

നേരത്തെ സര്‍ക്കാരിന് വേണ്ടി കേസ് വാദിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ.അന്‍സാരിയെ പ്രതിഭാഗത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത് എന്ന പരാതിയെ തുടര്‍ന്നു മാറ്റിയിരുന്നു. ഇപ്പോള്‍ ആ സ്ഥാനത്തുള്ള അഡ്വ.ജയിംസ് ആണ് കേസ് ശ്രമകരമായി മുന്നോട്ടു കൊണ്ടു പോകുന്നത്. കേസന്വേഷണത്തിലുള്ള പഴുതുകള്‍ അടച്ചു പുതിയ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി നിരസിച്ചിരിക്കയാണ്. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസില്‍ നിന്നും യാതൊരു സഹായവും കിട്ടുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥരും പരാതി പറയുന്നു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് DGP ഓഫീസില്‍ നിയമിക്കപ്പെട്ട മിക്ക വക്കീലന്മാരും ഈ കേസിലെ പ്രതിഭാഗം വക്കീലായ അഡ്വ.MK ദാമോദരന്റെ സ്‌നേഹിതരും ആശ്രിതരുമാണ് എന്നതാണ് ഇതിനുള്ള കാരണമായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഹൈക്കോടതിയിലെ പല വക്കീലന്മാരും ഇക്കാര്യം തുറന്നു പറയുകയും ചെയ്യുന്നു. കേസിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ സി.ജെ.എം കോടതി തള്ളിയതിനെ തുടര്‍ന്നു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ജനുവരി 25 നു പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ അപേക്ഷ DGP ഓഫീസ് പൂഴ്ത്തി വെച്ചതായി പോലീസ് പറയുന്നു.


റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തിട്ടില്ലെന്നും ഒന്നാം സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും , കോടതി ഇറക്കിയ ഇടക്കാല ഉത്തരവില്‍ അപാകതകള്‍ ഉണ്ടെന്നും കേസില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന മനോജ് എബ്രഹാം ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അയച്ച കത്ത്.

ഈ കേസിന്റെ ഫയലുകളുമായി ഹൈക്കോടതിയിലെ ഡി.ജി.പി ഓഫീസില്‍ എത്തുന്ന പോലീസ് ഓഫീസര്‍മാരെ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുന്ന സ്ഥിതിയുണ്ട്. അവിടെ അപ്പീലിനായി പോലീസ് നല്‍കുന്ന സുപ്രധാന രേഖകളിലെ രഹസ്യ വിവരങ്ങള്‍ പിറ്റേ ദിവസം പ്രതിഭാഗം വക്കീല്‍ കോടതിയില്‍ ഉന്നയിക്കുന്നത് ഞെട്ടലോടെയാണ് പോലീസ് കേള്‍ക്കുന്നത്. ഹൈക്കോടതിയില്‍ ഈ കേസ് നടത്തുന്ന ഗവണ്‍മെന്റ് പ്ലീഡറായ അഡ്വ. ഫിറോസിന് പ്രതിഭാഗം അഭിഭാഷകനുമായുള്ള ബന്ധമാണ് കേസ് അട്ടിമറിക്കുന്നതിന് ഏറ്റവും ഒടുവില്‍ കാരണമായിരിക്കുന്നത്.

പ്രധാന തെളിവുകള്‍ കോടതിയിലെത്തിയില്ല

കേസിലെ പ്രധാന തെളിവുകളായ ലിസിന്റെ ഓഫീസില്‍ നിന്നും റെയ്ഡ് ചെയ്തു പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ ഡിസ്‌കുകളുടെ സി.ഡാക്കില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട്, വരുമാന നികുതി കസ്റ്റംസ് നികുതി വകുപ്പുകളില്‍ നിന്നുമുള്ള രേഖകള്‍ എന്നിവ നാളിതുവരെയായി കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഈ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണം എന്ന പ്രോസിക്യൂഷന്‍ ആവശ്യവും പ്രതിഭാഗം അഭ്യര്‍ഥനയെ തുടര്‍ന്നു കോടതി നിരാകരിച്ചു. പ്രസ്തുത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനായി ഡി.ജി.പി ഓഫീസില്‍ പോലീസ് വീണ്ടും അപേക്ഷ നല്‍കിയെങ്കിലും അതും ഫയല്‍ ചെയ്യാതെ അഡ്വക്കറ്റ് ഫിറോസ് പൂഴ്ത്തിവെച്ചിരിക്കയാണ്.

റിസര്‍വ്വ് ബാങ്കിന്റെ അനുവാദമില്ലാതെ നിക്ഷേപങ്ങള്‍ സ്വീകരിച്ച ലിസിനെതിരെ RBI നിയമം സെക്ഷന്‍ 58 പ്രകാരം പ്രകാരം നടപടിയെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഈ അനുമതി മുന്‍ ഇടതുസര്‍ക്കാര്‍ നല്‍കിരുന്നില്ല.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അടുത്ത സുഹൃത്തും നിയമസഹായിയുമാണ് ഈ കേസിലെ പ്രതിഭാഗം വക്കീലായ അഡ്വ. എം.കെ ദാമോദരന്‍. ഇടതുസര്‍ക്കാറിന്റെ കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചതില്‍ പങ്ക് വഹിച്ചുവെന്ന് ആരോപണ വിധേയനായ അഡ്വ.ദാമോദരന്റെ കൈകളാണ് ഈ കേസ് അട്ടിമറിക്കുന്നതിലും പ്രവര്‍ത്തിക്കുന്നത് പലരും സംശയിക്കുന്നുണ്ട്. സര്‍ക്കാറില്‍ അഡ്വ. ദാമോദരനുള്ള സ്വാധീനം പ്രതികള്‍ ദുരുപയോഗം ചെയ്തുവെന്ന് അന്ന് തന്നെ ആരോപണമുണ്ടായിരുന്നു.

ഈ കേസില്‍ എറണാകുളം സി.ജെ.എം കോടതി ജഡ്ജി ബി വിജയന്‍ പ്രതികള്‍ക്കനുകൂലമായി നടത്തുന്ന ഇടപെടലുകള്‍ സംശയത്തോടെയാണ് പല നിയമജ്ഞരും വീക്ഷിക്കുന്നത്. ഇതിനെതിരെ ഉന്നത തലത്തില്‍ പരാതികള്‍ ലഭിച്ചതായും അതിന്മേല്‍ പ്രത്യേക അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.

സാക്ഷികളെ കൂറ് മാറ്റിയും അന്വേഷണ ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ വക്കീലന്‍മാരെയും സ്വാധീനിച്ചും സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും പ്രതികള്‍ നടത്തുന്ന ഇടപെടലുകള്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസിലെന്ന പോലെ ഈ കേസിലും നടന്നിട്ടുണ്ട്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഡൂള്‍ ന്യൂസ് വരും ദിവസങ്ങളില്‍ പുറത്ത് വിടും.

ലിസ് കേസ് അട്ടിമറിക്കുന്നു; മുഖ്യമന്ത്രിക്ക് എ.ഡി.ജി.പി സെന്‍കുമാറിന്റെ കത്ത്

Latest Stories

We use cookies to give you the best possible experience. Learn more