| Saturday, 9th July 2011, 7:03 pm

മുന്‍ ഡി.ജി.പി പരസ്യ മോഡലായി; ജസ്റ്റിസ് തങ്കപ്പനെതിരെയും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരീഷ് വാസുദേവന്‍

ലിസ് കമ്പനി മണി ചെയിന്‍ മാതൃകയില്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അന്നത്തെ സൗത്ത് സോണ്‍ IG സെന്‍കുമാര്‍ 2006 മേയ് മാസമാണ് സ്ഥാപനത്തിന്റെ ഇടപാടുകള്‍ അന്വേഷിക്കാന്‍ കൊച്ചി സിറ്റി പോലീസിനു നിര്‍ദ്ദേശം നല്‍കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ലിസ് നടത്തുന്നത് നിയമവിരുദ്ധ നിക്ഷേപമാണെന്നും മണി ചെയിന്‍ തട്ടിപ്പ് ആണെന്നും കണ്ടെത്തുകയായിരുന്നു.

തുടര്‍ന്നു മേയ് 11 നു പോലീസ് ലിസ് ഓഫീസ് റെയ്ഡ് ചെയ്തു രേഖകളും മറ്റും പിടിച്ചെടുത്തു. 625 രൂപയുടെ ഗുണിതങ്ങള്‍ ആയും 1250 രൂപയുടെ ഗുണിതങ്ങള്‍ ആയുമാണ് ലിസ് നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. രണ്ട് രീതിയിലുമായി ആകെ 449 കോടി 70 ലക്ഷം രൂപയുടെ നിക്ഷേപം സ്വീകരിച്ചതായി ഓഫീസ് രേഖകള്‍ ലഭിച്ചു. ഇതില്‍ 1250 ന്റെ പദ്ധതിയില്‍ ചേര്‍ന്ന നിക്ഷേപകര്‍ക്ക് ഒറ്റ രൂപ പോലും തിരികെ നല്‍കിയിട്ടില്ല.

കേസിലെ പരാതിക്കാരനായ സെന്‍കുമാറിനെ അധികം വൈകാതെ തന്നേ പോലീസില്‍ നിന്നും സ്ഥലം മാറ്റി. ഒരു കാരണവശാലും സെന്‍കുമാറുമായി ബന്ധപ്പെടരുതെന്ന് ലിസ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കി. മുന്‍ DGP യായ കെ.ജെ ജോസഫ് ലിസിന്റെ പരസ്യ മോഡലായി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നതും വായനക്കാര്‍ ഓര്‍ക്കേണ്ടതാണ്.

നൂറു കണക്കിന് കോടി രൂപയുടെ നിക്ഷേപം രേഖകളില്ലാതെ ലിസ് സ്വീകരിച്ചതായും അനില്‍ രാജന്‍ നായര്‍ എന്ന ഒരൊറ്റ വ്യക്തി മാത്രം 193 കോടി രൂപ നിക്ഷേപിച്ചതായും ഇത്തരം നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകള്‍ ലിസ് സൂക്ഷിക്കുന്നില്ലെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. അനില്‍ രാജന്‍ നായര്‍ ലിസ്സിനെതിരെ പരസ്യമായി രംഗത്ത് വന്നു. ലിസ്സിന്റെ പ്രവര്‍ത്തനത്തെപ്പറ്റി എല്ലാ രഹസ്യങ്ങളും അറിയാവുന്ന ആളായിരുന്നു അനില്‍. എന്നാല്‍ ലിസ്സിനെതിരായി എടുത്ത കേസില്‍ പോലീസ് അനിലിനെ സാക്ഷിയാക്കിയിട്ടില്ല എന്ന് മാത്രമല്ല, അനിലിനെ പ്രതിയാക്കി പോലീസ് മറ്റൊരു കേസെടുക്കുകയും ചെയ്തു. ഇന്ന് ഇയാളെപ്പറ്റി വ്യക്തമായ വിവരം ആര്‍ക്കുമില്ല.

പ്രതികള്‍ക്കനുകൂലമായ കുറ്റപത്രം

സി.ജെ.എം കോടതിയില്‍ പോലീസ് ഫയല്‍ ചെയ്ത കുറ്റപത്രം വളരെ വിചിത്രമാണ്. നൂറിലധികം സാക്ഷികളുണ്ടെങ്കിലും അധികമാരുടേയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടില്ല.

“പണം ഇരട്ടിപ്പിച്ചു തരാമെന്നു പറഞ്ഞു നിക്ഷേപം വാങ്ങുകയും സമയത്ത് നിക്ഷേപം ഇരട്ടിപ്പിച്ചു നല്‍കാതിരിക്കുകയും ചെയ്തു” എന്ന് ഒരു സാക്ഷി മൊഴി, രണ്ടാം സാക്ഷി പറഞ്ഞതില്‍ പ്രകാരവും മൂന്നാം സാക്ഷി, മൂന്നാം സാക്ഷി പറഞ്ഞതില്‍ പ്രകാരവും നാലാം സാക്ഷി, നാലാം സാക്ഷി പറഞ്ഞതില്‍ പ്രകാരവും അഞ്ചാം സാക്ഷി… എന്നിങ്ങനെയാണ് പിന്നീട് കുറ്റപത്രത്തില്‍ മൊഴികള്‍ പറയുന്നത്. പണം തരാതെ വഞ്ചിച്ചു എന്ന് ഒരൊറ്റ പ്രതിയുടെയും മൊഴിയായി രേഖപ്പെടുത്തിയിട്ടില്ല. ഒരു സാക്ഷി കൂറ് മാറുന്നതോടെ മറ്റു സാക്ഷി മൊഴികളെല്ലാം ദുര്‍ബലമാകും വിധമാണ് അന്വേഷണ റിപ്പോര്‍ട്ട്..

നിക്ഷേപ തുകയ്ക്ക് തുല്യമായ സര്‍ക്കാര്‍ ലോട്ടറി വാങ്ങി സമ്മാന തുക നിക്ഷേപകന് ലാഭമായി നല്‍കുമെന്നാണ് ലിസ് നല്‍കിയ വാഗ്ദാനം. എന്നാല്‍ ലിസിനു ലഭിച്ച നിക്ഷേപ തുകയ്ക്ക് തുല്യമായ ലോട്ടറി വാങ്ങുകയോ അവയില്‍ സമ്മാനം അടിക്കുകയോ ചെയ്തിട്ടില്ലെന്ന് ലോട്ടറി ഡയരക്ടരുടെ കത്തില്‍ നിന്നും വ്യക്തമായിരുന്നു.. ഇത് കേസിലെ പ്രതികള്‍ക്കെതിരായ നിര്‍ണ്ണായക തെളിവാകേണ്ടതാണ്. എന്നാല്‍ ഈ കത്തോ, സാക്ഷിയായി ലോട്ടറി ഡയറക്ടരെയോ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല !!

മണി സര്‍ക്കുലേഷന്‍ നിരോധന നിയമം സെക്ഷന്‍ 2c, 2 e , 3 ,4 , 5എന്നീ വകുപ്പുകളും റിസര്‍വ് ബാങ്ക് നിയമത്തിലെ വകുപ്പുകളും IPC 420 പ്രകാരം വഞ്ചനയ്ക്കും ആണ് കേസ് ചാര്‍ജ് ചെയ്തത്. എന്നാല്‍ ഇവ തെളിയിക്കാന്‍ ആവശ്യമായ തെളിവുകളോ സാക്ഷികളോ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയിരുന്നില്ല. അതിനാല്‍ 2e വകുപ്പുകളും റിസര്‍വ് ബാങ്ക് നിയമ പ്രകാരമുള്ള വകുപ്പുകളും CJM കോടതി റദ്ദാക്കി. ലിസ് വിവാദം ഉണ്ടായതോടെ ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതിയുടെ ഇടപെടല്‍, സര്‍ക്കാറിന് മൗനം

ഈ കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് വിരവധി കേസുകള്‍ ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു. ഇതില്‍ ഒരു കേസ് ജസ്റ്റിസ് തങ്കപ്പന്റെ ബെഞ്ചിലാണ് വാദത്തിനു വന്നത്.(ഐസ്‌ക്രീം കേസില്‍ പ്രതികള്‍ക്കനുകൂലമായി വധി പറയുന്നതിനായി പണം വാങ്ങിയെന്ന് ആരോപണ വിധേയനായ ജഡ്ജിയാണ് തങ്കപ്പന്‍) ലിസ് കേസില്‍ പ്രതികളെ സഹായിക്കാനെന്ന് സംശയം തോന്നുന്ന രീതിയില്‍ അന്നത്തെ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ വെങ്ങാനൂര്‍ ചന്ദ്രശേഖരനോട് ജസ്റ്റിസ് തങ്കപ്പന്‍ സംസാരിച്ചത് അന്ന് തന്നെ വിവാദമായിരുന്നു. വിഷയം ചീഫ് ജസ്റ്റിസ് അറിയുകയും അദ്ദേഹം ഇടപെട്ട് കേസ് ജസ്റ്റിസ് ബസന്തിന്റെ ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു. ആ കേസിന്മേല്‍ ഹൈക്കോടതി വിശദമായി വാദം കേള്‍ക്കുകയുണ്ടായി.

സുപ്രധാന വകുപ്പുകള്‍ ഒഴിവാക്കിയ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കേസ് വാദത്തിനെടുത്തപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകനായി വന്ന അഡീഷണല്‍ അഡ്വ ജനറല്‍ ഹൈക്കോടതിയില്‍ മൗനം പാലിച്ചു !!! ഇതിനാല്‍ ആ വകുപ്പുകള്‍ ഒഴിവാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു. സര്‍ക്കാന്‍ വക്കീല്‍ മൗനം പാലിച്ച വിവരം വിധിന്യായത്തില്‍ ജഡ്ജി എടുത്തു പറയുന്നുണ്ട്. ഈ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ആ മൗനമെന്നും അതിനാല്‍ കേസ് ദുര്‍ബലമായെന്നും പോലീസിലെ ചിലരും ചൂണ്ടിക്കാണിക്കുന്നു.

ഹൈക്കോടതിയില്‍ അന്നത്തെ IG സെന്‍കുമാര്‍ നല്‍കിയ സത്യവാങ്ങ്മൂലം ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയതായിരുന്നു. ആയിരക്കണക്കിന് കോടിരൂപ കള്ളപ്പണമായി ആളുകള്‍ ലിസില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും 193 കോടി രൂപ നിക്ഷേപിച്ച അനിലിനെപ്പോലെ കോടിക്കണക്കിനു കള്ളപ്പണം നിക്ഷേപിച്ചവരുണ്ടെന്നും ഈ കള്ളപ്പണം വരുന്ന ഉറവിടവും മറ്റും അന്വേഷിക്കേണ്ടതാണെന്നും സെന്‍കുമാര്‍ കോടതിയോട് പറഞ്ഞു. രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താനുള്ള പണമാണോ ലിസില്‍ അനധികൃതമായി നിക്ഷേപിക്കുന്നത് എന്ന് അന്വേഷിക്കണമെന്നും സെന്‍കുമാര്‍ കോടതിയെ ബോധിപ്പിച്ചു.

ജസ്റ്റിസ് ബസന്ത് കേസിന്റെ മെറിറ്റ് പരിശോധിക്കുകയും “ലിസ്” അവകാശപ്പെടുന്ന രീതിയില്‍ ലോട്ടറിയിലൂടെയല്ല നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. രണ്ട് പേര്‍ പുതുതായി ചേരുമ്പോള്‍ അവരില്‍ ഒരാളുടെ നിക്ഷേപം ആദ്യം ചേര്‍ന്നയാളിനു നല്‍കുന്ന മണിചെയിന്‍ തട്ടിപ്പാണ് ഇതെന്ന് ജസ്റ്റിസ് ബസന്തിന്റെ വിധിന്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. 625 രൂപയുടെ നിക്ഷേപത്തില്‍ 200 രൂപ ഈടാക്കുന്ന ത്രികാലം മാസിക നല്‍കാതെ ആ ഇനത്തില്‍ ലക്ഷങ്ങള്‍ തട്ടിക്കുന്നതായും കോടതി കണ്ടെത്തി. നിലവില്‍ വിചാരണ കോടതി ചാര്‍ത്തിയ ചാര്‍ജുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നും അവയുമായി മുന്നോട്ടു പോകാനും വിധിന്യായത്തില്‍ പറയുന്നു. വിചാരണയുടെ അന്ത്യത്തില്‍ ആണ് പ്രതികള്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തെളിയെണ്ടതെന്നും കോടതി വിധിച്ചു.

നീതിയുടെ അവസാന ബസും നഷ്ടമാകുന്നു

അനീതിക്കെതിരായി പോരാടുക എന്നത് ജഡ്ജിമാരില്‍ ഉണ്ടാവേണ്ട ജന്മഗുണമാണെന്നു ആ വിധിയില്‍ ജസ്റ്റിസ് ബസന്ത് അഭിപ്രായപ്പെടുന്നുണ്ട്. നിയമങ്ങളെ ജഡ്ജിമാര്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അങ്ങനെ വ്യാഖ്യാനിക്കുമ്പോള്‍ നീതി നടപ്പാവുന്നുണ്ടോ എന്ന് നോക്കിയില്ലെങ്കില്‍ ജനങ്ങളുടെ അവസാന പ്രതീക്ഷയും നഷ്ടമാകുമെന്നും , കോടതികളില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്ന ഫലം കിട്ടില്ലെന്നും വിചാരണക്കോടതിയെ ജസ്റ്റിസ്.ബസന്ത് തന്റെ വിധിന്യായത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കോടതി ശരിയായി ഇടപെട്ടില്ലെങ്കില്‍ നീതിയുടെ ലാസ്റ്റ് ബസും ജനങ്ങള്‍ക്ക് നഷ്ടമാകുമെന്നാണ് വിധിന്യായത്തില്‍ ജസ്റ്റിസ് ബസന്ത് വ്യക്തമാക്കുന്നത്.

ഐസ്‌ക്രീം കേസ് അട്ടിമറിച്ചത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയതുപോലെ ലിസ് അന്വേഷണം അട്ടിമറിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരായും അന്വേഷണം നടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ കുറ്റവാളികള്‍ നിയമത്തിനു മുന്‍പാകെ വരൂ. (തുടരും)

ലിസ്: കോടികളുടെതട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !! part-1

We use cookies to give you the best possible experience. Learn more