ഒരു കാലത്ത് കേരളത്തെ ഞെട്ടിച്ച ലിസ് തട്ടിപ്പ് കേസ് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. നിക്ഷേപ തുകക്കുള്ള ലോട്ടറി വാങ്ങി പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി കമ്പനി പൊതുജനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ പിരിച്ചു. പണമിരട്ടിപ്പെന്ന മോഹവലയത്തില്‍ കുടുങ്ങിയവര്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ലിസ് തട്ടിപ്പാണെന്ന് വ്യക്തമായി. സ്ഥാപനം അടച്ചുപൂട്ടി കേസെടുത്തു.
എന്നാല്‍ ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങളുള്ള കമ്പനി ഉടമകള്‍ കേസ് അട്ടിമറിക്കാന്‍ അന്ന് തന്നെ ചരടുവലികള്‍ നടത്തി. ലിസ്-ദേശാഭിമാനി കോഴ വിവാദം പുറത്ത് വന്നത് അങ്ങിനെയാണ്. നിയമസഭയെപ്പോലും ഇളക്കിമറിച്ച, സി.പി.ഐ.എമ്മിനുള്ളില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച സംഭവം ഇന്ന് വിസ്മൃതിയിലായി.
കേസിന്റെ വിചാരണ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുകയാണ്. വിചാരണ നടപടിക്രമങ്ങളില്‍ ചില അസ്വാഭാവികതകള്‍ ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്ന് വിശദമായി അന്വേഷണം നടത്തിയ ഡൂള്‍ന്യൂസിന് ലഭിച്ചത് കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ നടക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ്.
പ്രതികളും ആരോപണ വിധേയരും സമൂഹത്തില്‍ അധികാരവും പണവും കൊണ്ട് ശക്തരാണ്. നീതിസംവിധാനങ്ങളെപ്പോലും വിലയ്‌ക്കെടുക്കാന്‍ കഴിവുള്ളവരാണവര്‍. വാര്‍ത്ത പുറത്ത് വരാതിരിക്കാന്‍ വേണ്ടി ഡൂള്‍ന്യസിനെ പല ഭാഗങ്ങളില്‍ നിന്നും ബന്ധപ്പെട്ടിരുന്നു. കോടികളുടെ അഴിമതിക്കേസ് കോടതിമുറിയില്‍ അട്ടിമറിക്കപ്പെടുന്ന ദുരന്ത സത്യം മറ്റ് മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് എന്തുകൊണ്ടാവാമെന്ന് ഈ ഫോണ്‍കോളുകള്‍ ഞങ്ങളെ ബോധ്യപ്പെടുത്തി.
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കരസ്‌പോണ്ടന്റ് ഹരീഷ് വാസുദേവന്‍ മൂന്ന് മാസക്കാലം സമയമെടുത്താണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. സാക്ഷികള്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, മറ്റു പോലീസുകാര്‍, നിയമജ്ഞര്‍ തുടങ്ങി നിരവധി പേരെ നേരില്‍ കണ്ടും ബന്ധപ്പെട്ട രേഖകള്‍ സംഘടിപ്പിച്ചും വിചാരണ സമയം കോടതിയില്‍ നേരിട്ട് ഹാജരായും തയ്യാറാക്കിയ ഈ അന്വേഷണ റിപ്പോര്‍ട്ട് ഞങ്ങള്‍ വായനക്കാര്‍ക്ക് മുമ്പാകെ വെയ്ക്കുന്നു…
ലിസ്: വിലക്കെടുക്കാം വിചാരണകളെ അന്വേഷണ പരമ്പര ഇന്ന് ഉച്ചയോടെ ഡൂള്‍ന്യൂസ് പുറത്ത് വിടുന്നു…