ലിസ് കേസ് വിചാരണയില്‍ നടക്കുന്ന അട്ടിമറി വിശദാംശങ്ങളോടെ ആദ്യമായി പുറത്തുകൊണ്ട് വന്നത് ഡൂള്‍ന്യൂസാണ്. അതോടെ മറ്റുമാധ്യമങ്ങള്‍ക്കും ഈ വാര്‍ത്ത ഏറ്റെടുക്കേണ്ടതായി വന്നു. ഇന്നലെ ഈ കേസിലെ തുടരന്വഷണത്തിനുള്ള പോലീസിന്റെ അപേക്ഷ തള്ളിക്കൊണ്ട് എറണാകുളം സി.ജെ.എം കോടതി നടത്തിയ വിധിന്യായത്തില്‍ മാധ്യമങ്ങളെയും പോലീസ് ഉദ്യോഗസ്ഥനായ സെന്‍കുമാറിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കോടതിക്ക് മുമ്പാകെയെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല ജഡ്ജ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്. കേസിലെ സാക്ഷിയെ മൊഴി രേഖപ്പെടുത്താതെഅപമാനിച്ച് ഇറക്കിവിട്ടുവെന്ന സി.ജെ.എം ബി.വിജയനെതിരായ സാക്ഷിയുടെ പരാതി കഴിഞ്ഞ ദിവസം ഡൂള്‍ന്യൂസ് പുറത്ത് വിട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് ജഡ്ജ് മാധ്യമങ്ങളെയും സെന്‍കുമാറിനെയും രൂക്ഷമായി വിമര്‍ശിച്ച് വിധി പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.
കേസില്‍പ്പെടാത്ത കാര്യങ്ങളില്‍ കോടതികള്‍ ആരോപണമുന്നയിക്കുന്നത് ശരിയാണോ എന്നതാണ് ലിസ് കേസ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡൂള്‍ന്യൂസ് ലഞ്ച്‌ബ്രേക്ക് ചര്‍ച്ച ചെയ്യുന്നത്.
ബഹുമാനപ്പെട്ട സി.ജെ.എം കോടതി ജഡ്ജി ഈ കേസില്‍ തന്റെ പരിധി ലംഘിച്ചിരിക്കുകയാണെന്ന് നിസ്സംശയം പറയാം. തനിക്ക് മുന്നില്‍വരുന്ന തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് വിചാരണ കോടതികള്‍ വിധി പറയേണ്ടത്. ഇവിടെ ഞാന്‍ മനസ്സിലാക്കിയത്, സത്യസന്ധനെന്ന് പേരുകേട്ട ഒരു പോലീസ് ഉദ്യോഗസ്ഥനെതിരായി യാതൊരു തെളിവുമില്ലാതെ സി.ജെ.എം കോടതി അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ്. അതും വിധിന്യായത്തിലൂടെ.
തുടരന്വേഷണത്തിനുള്ള അപേക്ഷയില്‍ കോടതിക്ക് എത്രമാത്രം ഇടപെടാം എന്നത് വേറെ വിഷയമാണ്. ഇവിടെ, കോടതിയുടെ പരിധിക്ക് പുറത്ത് നടത്തിയ അഭിപ്രായ പ്രകടനം അപ്രസക്തവും അനുചിതവും ആണ്. കോടതി അങ്ങനെ പറയാനും പാടില്ല. സത്യത്തില്‍ ഇവിടെ കോടതിയലക്ഷ്യം നടത്തിയിരിക്കുന്നത് ജഡ്ജി തന്നെയാണ്. contempt of his own court. അതാണ് എറണാകുളം സി.ജെ.എം നടത്തിയത്. സ്വയം കോടതിയലക്ഷ്യം നടത്തുകയും മറ്റുള്ളവരെ കോടതിയലക്ഷ്യമെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്യുന്നത്.
ജഡ്ജി അഴിമതിക്കാരനാണെന്ന് സംശയിക്കാവുന്നതാണ്. അതുകൊണ്ടാണല്ലോ സാക്ഷി പരാതിയുമായി രംഗത്തു വന്നത്. മുമ്പ് സാധാരണയായി മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. എന്നാല്‍ അഭിഭാഷക സംഘടനകള്‍ പരാതി പറയാറുണ്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് എന്ന അഭിഭാഷക സംഘടനയുടെ മുന്‍ സംസ്ഥാന സമ്മേളനത്തില്‍, കീഴ്‌കോടതികളിലെ ജഡ്ജിമാരുടെ അപമര്യാദയായ പെരുമാറ്റത്തിനെതിരായ പ്രമേയം പാസാക്കിയിട്ടുണ്ട്. ഞങ്ങള്‍ അഭിഭാഷകര്‍ ആണ് എന്നും ഇതിന് വിധേയരാകാറ്.
മാധ്യമങ്ങള്‍ക്ക് കോടതിയുമായി ബന്ധപ്പെട്ട ഏതൊരു വാര്‍ത്തയും ജനങ്ങളെ അറിയിക്കാനുള്ള ബാധ്യതയുണ്ട്. അതവരുടെ കടമയും ഉത്തരവാദിത്വവുമാണ്. അതാണ് ഇവിടെയും കണ്ടത്. സി.ജെ.എം കോടതി മാധ്യമനിരൂപണം നടത്തി എന്റെ കഞ്ഞിയില്‍ പാറ്റയിടരുതെന്നും എനിക്കഭിപ്രായമുണ്ട്.
ലിസ് കേസിന്റെ മെറിറ്റിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്നാല്‍ ഇത്തരം സംഭവങ്ങളുണ്ടാവുന്നതിന്റെ കാരണങ്ങള്‍ നാം പരിശോധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളായ നിയമനിര്‍മ്മാണ സഭ, എക്‌സിക്യുട്ടീവ്, ജൂഡീഷ്യറി എന്നിവര്‍ക്ക് ഓരോരുത്തര്‍ക്കും പ്രത്യേക പരിധിയുണ്ട്. നിയമസഭയോ എക്‌സിക്യുട്ടീവോ പരിധി വിട്ടാല്‍ നമുക്ക് ജുഡൂഷ്യറിയെ സമീപിക്കാം. എന്നാല്‍ ജുഡീഷ്യറി പരിധി വിട്ടാല്‍ എന്തുചെയ്യുമെന്നത് ഒരു പ്രശ്‌നമാണ്. നിയമനിര്‍മ്മാണ സഭയുടെയും എക്‌സിക്യുട്ടീവിന്റെയും റോളിലേക്ക് ജുഡീഷ്യറി കടന്നുകയറുന്നത് അവസാനിപ്പിക്കണം.
ചില ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ തങ്ങളുടെ മുന്നിലെ കേസിന്റെ വിഷയം പോലുമല്ലാത്ത കാര്യങ്ങളില്‍ പരിധിവിട്ട് അഭിപ്രായം പറയുന്നുണ്ട്. മാധ്യമ പ്രചാരവേല ലക്ഷ്യമിട്ടാണ് പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ജുഡീഷ്യറി പരിധിവിടുക മാത്രമല്ല, അവര്‍ തന്നെ അവരുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നിടത്തേക്കാണ് കാര്യങ്ങളെത്തുന്നത്. ഇത് അഴിമതിക്കാരായ ജഡ്ജിമാരെ സംരക്ഷിക്കാന്‍ കാരണമാകും. അതിനാല്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ പോലുള്ള നിയമങ്ങളും ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ പോലുള്ള സംവിധാനവും വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.
നിലവില്‍ ഹൈക്കോടതി ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് തെളിഞ്ഞാല്‍ ഇംപീച്ച്‌മെന്റിന് വിധേയമാക്കാം. ജസ്റ്റിസ് സെന്നിന്റെ കാര്യത്തില്‍ നാമത് കണ്ടതാണ്. എന്നാല്‍ കീഴ്‌ക്കോടതികളിലെ ജഡ്ജിമാരെ അഴിമതി കേസുകളില്‍ ശിക്ഷിക്കാന്‍ ഫലപ്രദമായ സംവിധാനമില്ല. മാധ്യമങ്ങള്‍ ജനാധിപത്യത്തില്‍ ഫോര്‍ത്ത് എസ്‌റ്റേറ്റാണ്. അവര്‍ കര്‍മ്മം ചെയ്യുമ്പോള്‍ അവരുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ല. എന്നാല്‍ മാധ്യമങ്ങളും മിതത്വം പാലിക്കണം. സത്യമേ റിപ്പോര്‍ട്ട് ചെയ്യാവൂ. ജുഡീഷ്യറിയുടെ നെറികേടുകള്‍ തുറന്നുകാട്ടേണ്ടത് മാധ്യമ ധര്‍മ്മം തന്നെയാണ്.
ഞാന്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ് റിപ്പോര്‍ട്ടര്‍ ടി.വിയെപ്പറ്റി ചില പരാമര്‍ശങ്ങള്‍ നടത്താന്‍ ജഡ്ജിയെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. തന്നെ വഞ്ചിച്ചുവെന്ന മൊഴി രേഖപ്പെടുത്താതെ കോടതിയില്‍നിന്നും അപമാനിച്ചുവിട്ട ലിസ് കേസിലെ സാക്ഷിയുടെ പരാതിയാണ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ വാര്‍ത്തയുടെ സത്യസന്ധതയെപ്പറ്റി ജഡ്ജി ഒന്നും പറഞ്ഞിട്ടില്ല. ആ വാര്‍ത്ത തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍, അത് തെറ്റാണെന്നും തെറ്റായ വാര്‍ത്ത കൊടുത്ത ചാനലിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും പറയണമായിരുന്നു. അങ്ങനെ പറഞ്ഞിട്ടില്ല.
നാളിതുവരെ സെന്‍കുമാര്‍ ഈ കേസില്‍ കോടതിയില്‍ വരികയോ വിചാരണ നേരിടുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇന്നലെ കോടതി ഇറക്കിയ ഉത്തരവില്‍ 3,4 പേജുകളാണ് സെന്‍കുമാറിനെ വിമര്‍ശിക്കാനാണ് നീക്കിവെച്ചിരിക്കുന്നത്. ഈ കേസിന്റെ ആദ്യഘട്ടത്തില്‍ സെന്‍കുമാര്‍ നടത്തിയ ഇടപെടലുകളെ ഹൈക്കോടതി പോലും അഭിനന്ദിച്ചതാണ്. ഇപ്പോള്‍ കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണ്.
സെന്‍കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയെ വാടകയ്ക്ക് എടുത്തുവെന്നാണ് കോടതിയുടെ പരാമര്‍ശം. റിപ്പോര്‍ട്ടര്‍ പോലൊരു ചാനലിനെ ഒരു ഐ.പി.എസ് ഓഫീസര്‍ക്ക് വാടകയ്ക്ക എടുക്കാമെന്ന് ഒരു കോടതി ജഡ്ജി കരുതുന്നുണ്ടെങ്കില്‍ ആ കോടതിയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, അത് തരംതാണ ആരോപണമാണ്.
നമുക്കു മുന്നില്‍ വരുന്ന തെളിവുകളും വിചാരണക്കോടതിയിലെ രംഗങ്ങളും കാണുമ്പോള്‍ “ജഡ്ജിയെ പ്രതിഭാഗം വാടകയ്ക്ക് എടുത്തിരിക്കുകയാണോ” എന്ന് വേണമെങ്കില്‍ നമുക്കും പ്രസ്താവിക്കാം. പക്ഷെ, അത്തരം തരംതാണ ആരോപണങ്ങള്‍ നമ്മള്‍ ഉന്നയിക്കുന്നില്ല. ഉന്നതമായ ജുഡീഷ്യറിയില്‍നിന്നും ആ അന്തസ്സ് നാം തിരിച്ചും പ്രതീക്ഷിക്കുന്നു.
സെന്‍കുമാര്‍ എന്ന ഉദ്യോഗസ്ഥനെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം ഒരിക്കല്‍പോലും ഞാന്‍ നേരിലോ ഫോണിലോ ബന്ധപ്പെട്ടിട്ടില്ല. വേണമെങ്കില്‍ എന്റെ ഫോണിലെ കോള്‍ ലിസ്റ്റ് കോടതിക്ക് പരിശോധിക്കാം.
റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് ആരെ വേണമെങ്കിലും ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട് എന്നത് വേറെ കാര്യം.
റിപ്പോര്‍ട്ടര്‍ നല്‍കിയ വാര്‍ത്തയില്‍ ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു. സാക്ഷിയുടെ മൊഴി രേഖപ്പെടുത്താതെ ജഡ്ജി ഇറക്കിവിട്ടു എന്ന പരാതിയെപ്പറ്റി ഹൈക്കോടതി വിജിലന്‍സ് വിഭാഗവും ജില്ലാ കോടതിയും അന്വേഷിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അത്തരം അന്വേഷണം വരുമ്പോള്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ഹാജരാക്കും.
നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ആയതിനാല്‍ പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ല. എന്റെ ഭാഗം ശരിയാണെന്ന് തെളിയിക്കാനും നീതി ലഭിക്കാനും മേല്‍ക്കോടതിയെ സമീപിക്കും.
ലിസിന്റെ തട്ടിപ്പ് ആദ്യം മുതല്‍ക്കേ ശ്രദ്ധയില്‍പ്പെട്ടതാണ്. ലോട്ടറി വാങ്ങി പണം ഇരട്ടിപ്പിച്ച് കൊടുക്കുന്നതിനെതിന്റെ പ്രായോഗികതയില്‍ അന്നേ സംശയം തോന്നിയിരുന്നു. എന്നാല്‍ അന്നൊന്നും മാധ്യമങ്ങള്‍ ശബ്ദിച്ചില്ല. ലിസ് ഉടമയ്ക്ക് മാധ്യമങ്ങളുമായി നല്ല ബന്ധവുമായിരുന്നു. “മാധ്യമം” പത്രം മാത്രമാണ് അന്നത് റിപ്പോര്‍ട്ട് ചെയ്തത്. സെന്‍കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ലിസിനെ തൊടാനും നിയമനടപടി എടുക്കാനും ധൈര്യം കാണിച്ചത്.
പണമുള്ള പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്ന സ്ഥിതി ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. അതൊരു ക്രിമിനല്‍ കുറ്റമാണ്. ഇവിടെ അത്തരമൊരു പരാതി സാക്ഷി തന്നെ ഉന്നയിച്ചത് പുറത്തുവന്നു കഴിഞ്ഞു. ആ പരാതിയില്‍ ഹൈക്കോടതി ഉടന്‍ നടപടിയെടുക്കുമെന്നാണ് ഞാന്‍ പ്രത്യാശിക്കുന്നത്.
ഈ കേസ് വീക്ഷിക്കുന്ന ഒരാളെന്ന നിലയില്‍, നീതി പുലരണം എന്നാഗ്രഹിക്കുന്ന പൊതുജനം പ്രതീക്ഷിച്ച നടപടിയല്ല സി.ജെ.എം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മറിച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെയും വിമര്‍ശിക്കുന്ന സമീപനമാണ് കോടതി എടുത്തത്.
നിയമത്തിന്റെ നാലതിരുകള്‍ക്കകത്തു നിന്നുകൊണ്ട് വിധിന്യായം പുറപ്പെടുവിക്കേണ്ട ജഡ്ജി വെറും വൈകാരികമായി പ്രതികരിച്ചത് തെറ്റായിപ്പോയെന്ന് ഒരു സാധാരണക്കാരന്‍ പറഞ്ഞാല്‍ അതിനെ നമുക്ക് കുറ്റപ്പെടുത്താനാവില്ല. ഇടക്കൊച്ചി സ്‌റ്റേഡിയത്തിനായി ലിസ് ഉടമകള്‍ നടത്തിയ ഭൂമി ഇടപാട് ഇതുപോലൊരു തട്ടിപ്പാണ്. അതിന്റെ പിന്നിലെ സത്യവും പുറത്തുവരേണ്ടതുണ്ട്. ലിസ് കേസിലെ വിചാരണയില്‍ നടക്കുന്ന അട്ടിമറി വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഡൂള്‍ന്യൂസിന് അഭിനന്ദനങ്ങള്‍.