| Thursday, 25th August 2011, 12:17 pm

ലിസ് കേസ്: തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലിസ് കേസില്‍ തുടരന്വേഷണം വേണമെന്ന സര്‍ക്കാര്‍ ആവശ്യം എറണാകുളം സി.ജെ.എം കോടതി തള്ളി. കേസിലെ തുടരന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. എന്നാല്‍ രണ്ട് ആവശ്യവും കോടതി തള്ളുകയായിരുന്നു. കേസില്‍ നിലവില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം പ്രതികളെ സഹായിക്കുന്ന തരത്തിലുള്ളതാണെന്ന് അന്വേഷണ സംഘം നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഈ രീതിയില്‍ കേസ് തുടര്‍ന്നാല്‍ പ്രതികള്‍ രക്ഷപ്പെടാനാണ് സാധ്യത. പുതിയ കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തണമെന്നും പോലീസ് അറിയിച്ചിരുന്നു.

അപൂര്‍വ്വമായ ഒരു കേസാണിത്. സമൂഹത്തിലെ പല ഉന്നതരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും മോശം രാഷ്ട്രീയക്കാരും കേസില്‍ ഇടപെട്ടിട്ടുണ്ട്. സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും മറ്റും പീഡിപ്പിക്കുകയുണ്ടായയെന്നും അപേക്ഷയില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഈ ആവശ്യങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.

ലിസ് കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് കാണിച്ച് ഐ.ജി സെന്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതോടെയാണ് തുടരന്വേഷണത്തിന് ആവശ്യമുയര്‍ന്നത്. കുറ്റപത്രത്തിലെ പിഴവുകളെക്കുറിച്ചും വിചാരണ അട്ടിമറിക്കപ്പെടുന്ന കാര്യവും നേരത്തെ ഡൂള്‍ന്യൂസ് പുറത്ത് വിട്ടിരുന്നു.

കേസില്‍ ആരോപണ വിധേയനായ വിചാരണക്കോടതി ജഡ്ജിക്ക് മുമ്പാകെ തന്നെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയത്. എന്നാല്‍ ക്രമിനല്‍ നടപടിച്ചട്ടം പ്രകാരം തുടരന്വേഷണത്തിന് കോടതിയുടെ അനുമതി ആവശ്യമില്ലെന്നിരിക്കെ ജഡ്ജി അന്വേഷണത്തിന് അനുമതി നിഷേധിച്ചത് ആശ്ചര്യകരമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേസിലെ ഒരു സാക്ഷിയെ ഇതേ ജഡ്ജ് അപമാനിച്ചു ഇറക്കിവിട്ട കാര്യവും ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്ന.

ലിസ് കേസ് അട്ടിമറി: ജഡ്ജിക്കെതിരായി സാക്ഷിയുടെ പരാതി

മുന്‍ ഡി.ജി.പി പരസ്യ മോഡലായി; ജസ്റ്റിസ് തങ്കപ്പനെതിരെയും ആരോപണം


Latest Stories

We use cookies to give you the best possible experience. Learn more