കൊച്ചി: വിവാദമായ ലിസ് തട്ടിപ്പ് കേസിന്റെ വാദം കേള്‍ക്കല്‍ എറണാകുളം സി.ജെ.എം കോടതിയില്‍ നിന്ന് മാറ്റി. കേസിലെ സാക്ഷി,ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി. വിജയനെതിരെ പരാതിപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ ജഡ്ജ് ഇടപെട്ട് നടപടിയെടുത്തതെന്നാണ് സൂചന.
ലിസ് വഞ്ചിച്ചുവെന്ന് കോടതിയെ അറിയിച്ച തന്റെ മൊഴി രേഖപ്പെടുത്താതെ അപമാനിച്ച് ഇറക്കിവിട്ടുവെന്ന് കേസിലെ സാക്ഷി എറണാകുളം ജില്ലാ ജഡ്ജ് ബി കമാല്‍ പാഷക്കും ഹൈക്കോടതി വിജിലന്‍ സിനും പരാതി നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ
കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു.
കേസിലെ സാക്ഷി സി.ജെ.എമ്മിനെതിരെ പരാതി നല്‍കിയ കാര്യം ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ റിപ്പോര്‍ട്ടര്‍ ചാനലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. തുടരന്വേഷണ അപേക്ഷ തള്ളിക്കൊണ്ട് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ സി.ജെ.എം ബി വിജയന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിനെ രൂക്ഷമായി വമര്‍ശിച്ചിരുന്നു.
സാക്ഷിയുടെ പരാതിയുടെ തുടര്‍ നടപടിയെന്നോണമാണ് ജില്ലാ ജഡ്ജ് ഇടപെട്ട് കേസിന്റെ തുടര്‍ വാദം കേള്‍ക്കലില്‍ നിന്ന് എറണാകുളം സി.ജെ.എമ്മിനെ ഒഴിവാക്കിയത് എന്നറിയുന്നു. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന.
നേരത്തെ പല കേസുകളിലും ഇതേ സി.ജെ.എം കോടതിയുടെ ഇടപെടലുകള്‍ വിവാദമായിരുന്നു. സംശയാസ്പദമായ വിധികള്‍ ഉണ്ടായപ്പോള്‍ മുമ്പ് പലപ്പോഴും സി.ജെ.എം ബി വിജയനെ ഹൈക്കോടതി ശാസിച്ചിരുന്നു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ബി.വിജയന്റെ പ്രൊമോഷന്‍ ജില്ലാ ജഡ്ജ് തടയുകയായിരുന്നു.
കേസില്‍ തുടരന്വേഷണം തടഞ്ഞ സി.ജെ.എമ്മിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാനിരിക്കെയാണ് ഇപ്പോള്‍ കേസിന്റെ വാദം കേള്‍ക്കലില്‍ നിന്ന് സി.ജെ.എമ്മിനെ മാറ്റിയിരിക്കുന്നത്.
അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാതെ വാദം കേള്‍ക്കലില്‍ നിന്ന് മാറ്റി മുഖം രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.