ദമ്മാം: ദമ്മാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 215 ഇന്ത്യക്കാരില്‍ വ്യാജവാറ്റ്, കള്ളച്ചാരായ കേസുകളിലായി അറുപതിലേറെ മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ കുറ്റങ്ങള്‍ക്കായി പിടികൂടി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന നൂറുകണക്കിന് ഇന്ത്യാക്കാരില്‍ നല്ലൊരു പങ്കും മലയാളികളാണെന്ന് ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാജ മദ്യ കേസുകളില്‍ അറസ്റ്റിലായ മലയാളികളില്‍ ഭൂരിപക്ഷവും പിടിക്കപ്പെട്ടത് സൗദി-ബഹ്‌റൈന്‍ കടല്‍പ്പാലത്തില്‍ വെച്ചാണ്.
ജയിലില്‍ കഴിയുന്നവരെ ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം സെക്കന്‍ഡ് സെക്രട്ടറി വിജ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്കൊപ്പം മലയാളി പ്രതിനിധികളായി ഷാജി വയനാട്, മഞ്ജു മണിക്കുട്ടന്‍ എന്നിവരും ജയില്‍ സന്ദര്‍ശിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
സൗദിയില്‍ വരാനിരിക്കുന്ന പൊതുമാപ്പിനു മുന്നോടിയായി പരമാവധി ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മൂന്നുദിവസം നീണ്ടുനിന്ന ജയില്‍ സന്ദര്‍ശനമെന്ന് മഞ്ജുമണിക്കുട്ടന്‍ അറിയിച്ചു.
ഇന്ത്യന്‍ തടവുകാരില്‍ അഞ്ചുപേര്‍ കൊലക്കേസില്‍ പ്രതികളാണ്. അന്വേഷണം പൂര്‍ത്തിയായ രണ്ടുകേസുകളില്‍ ഒരാള്‍ക്കു വധശിക്ഷ വിധിച്ചുകഴിഞ്ഞു. കഴിഞ്ഞ റംസാന്‍ കാലത്ത് സൗദിരാജാവ് പ്രഖ്യാപിച്ച ശിക്ഷാ ഇളവിനര്‍ഹരായ പകുതിപ്പേരെ നാട്ടിലെത്തിച്ചു കഴിഞ്ഞു. നൂറുകണക്കിന് ഇന്ത്യന്‍ തടവുകാരില്‍ 850 പേരെ ഉടന്‍ മോചിപ്പിക്കാമെന്ന് സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ ഫെബ്രുവരിയില്‍ ഇന്ത്യക്ക് ഉറപ്പു നല്‍കിയിരുന്നു.