| Friday, 8th May 2020, 11:10 am

'മദ്യശാലകള്‍ക്കു മുന്നില്‍ സുരക്ഷാ കവചം ഒരുക്കാം, മദ്യം വീട്ടിലെത്തിക്കാം'; നിര്‍ദേശവുമായി സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍ അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യവില്‍പന പുനരാരംഭിച്ചതോടെ ഉപഭോക്താക്കള്‍ക്കും കച്ചവടക്കാര്‍ക്കും കൊവിഡ് വൈറസ് പകരാതിരിക്കാന്‍ സുരക്ഷാ കവചം ഒരുക്കണമെന്ന് നിര്‍ദേശം. ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യാ ചെയര്‍മാന്‍ അമ്രിത് കിരണ്‍ സിങാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്.

രാജ്യത്ത് മൂന്നാംഘട്ട ലോക്ക് ഡൗണില്‍ ഇളവുകള്‍ പഖ്യാപിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ഓറഞ്ച് സോണുകളില്‍ മദ്യ വില്‍പന ശാലകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ തുറന്ന മദ്യശാലകള്‍ക്കുമുന്നില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള ക്യൂ കണ്ടതിനെ തുടര്‍ന്നാണ് അസോസിയേഷന്‍ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടു വെച്ചത്.

‘ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് ആളുകള്‍ കുറേകൂടി സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. ജി.എസ്.ടി വരുമാനം കുത്തനെ ഇടിഞ്ഞ സംസ്ഥാനങ്ങളാണ് രാജ്യത്ത് മദ്യ ശാലകള്‍ പുനരാരംഭിച്ചിരിക്കുന്നത്.

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മെയ് ഒന്ന് മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ മൂന്ന് ഘട്ടങ്ങളായുള്ള നിര്‍ദേശങ്ങള്‍ വെച്ചിരുന്നു. സുരക്ഷാ കവചമാണ് ആദ്യ ഘട്ടം. സാമൂഹ്യ അകലം പാലിക്കുന്നതിന് മദ്യശാലക്ക് പുറത്തുള്ള ഇടം അതിര്‍ത്തി കെട്ടി നിര്‍ണയിക്കും. പതിവായി ഈ ഇടങ്ങള്‍ ശുചീകരിക്കും. ജീവനക്കാര്‍ മാസ്‌കുകള്‍, കയ്യുറകള്‍, ട്രേകള്‍ തുടങ്ങിയവയും ഉപയോഗിക്കണം,’ അമ്രിത് സിങ് പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ ഓരോ സംസ്ഥാനത്തെയും മദ്യ വില്‍പനശാലകള്‍ക്കായുള്ള മൈക്രോ സൈറ്റിനെ കുറിച്ചാണ് നിര്‍ദേശിക്കുന്നത്. ജീവനക്കാര്‍ക്കും മറ്റും പരിശീലനം നല്‍കി വേണം ഇത് നടപ്പിലാക്കാന്‍. മൂന്നാം ഘട്ടത്തില്‍ മദ്യം ഹോം ഡെലിവറി ചെയ്യണമെന്നാണ് നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച മദ്യം ഹോം ഡെലിവറി നടത്തുന്നതിന് സമ്മതമറിയിച്ചിരുന്നു. തമിഴ്‌നാട്ടില്‍ മദ്യവില്‍പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ സര്‍ക്കാരും മദ്യം വീടുകളിലെത്തിക്കാനുള്ള നടപടികള്‍ നടത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more