തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ എന്നിവ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ബിവ്റേജ്സ് ഔട്ട്ലെറ്റുകള്‍ അടച്ചിടാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ബിവ്റേജ് കോര്‍പ്പറേഷന്‍ എം.ഡി ഇത് സംബന്ധിച്ച നിര്‍ദേശം ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് നല്‍കിയിരുന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയിച്ചത്.
സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് രണ്ട് പേര്‍, എറണാകുളത്ത് മൂന്ന് പേര്‍, പത്തനംതിട്ടയില്‍ രണ്ട് പേര്‍, ഇടുക്കിയില്‍ ഒരാള്‍, കോഴിക്കോട് ഒരാള്‍ എന്നിങ്ങനെയാണ് കണക്കുകള്‍.