കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ.സി.ബി.സി. മദ്യ വില്‍പനയും മദ്യ നിര്‍മാണവും തുടര്‍ഭരണം നേടി വരുന്ന സര്‍ക്കാരുകള്‍ക്ക് പണം കണ്ടെത്താനുള്ള കുറുക്കുവഴികളാണെന്ന് കെ.സി.ബി.സി പറഞ്ഞു.
ബാറിന്റെയും ബിവറേജ് ഔട്ട്‌ലെറ്റുകളുടെയും എണ്ണം വര്‍ധിപ്പിച്ചും ഐ.ടി പാര്‍ക്കുകളില്‍ ബാറും പബ്ബും ആരംഭിച്ചും പാലക്കാട് എലപ്പുള്ളിയില്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയും നമ്മുടെ നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാനുള്ള അണിയറ ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്നും കെ.സി.ബി.സി പറഞ്ഞു. ലഹരിക്കെതിരെ സര്‍ക്കാര്‍ കണ്ണ് തുറക്കുന്നില്ലെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തി.
ഞായറാഴ്ച മദ്യ-ലഹരിവിരുദ്ധ ദിനമായി ആചരിക്കുമെന്നും കെ.സി.ബി.സി അറിയിച്ചു. ‘മദ്യ-ലഹരിവിരുദ്ധ സഭയും സമൂഹവും’ എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ 27 വര്‍ഷമായി തങ്ങള്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും കെ.സി.ബി.സി പറഞ്ഞു.
കഴിഞ്ഞ ദിവസം ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജിനെ പിന്തുണച്ച് കെ.സി.ബി.സി രംഗത്തെത്തിയിരുന്നു. പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ വിദ്വേഷപരമായ ഉള്ളടക്കങ്ങള്‍ ഇല്ലെന്ന് കെ.സി.ബി.സി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞിരുന്നു.
പാലാ ബിഷപ് വിളിച്ചുചേര്‍ത്ത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ സമ്മേളനത്തിലാണ് പി.സി. ജോര്‍ജ് ലൗ ജിഹാദ് പരാമര്‍ശം നടത്തിയത്. സമ്മേളനത്തില്‍ ഏതെങ്കിലും പ്രത്യേക മതത്തെ കുറിച്ച് പരാമര്‍ശം ഉണ്ടായിട്ടില്ലെന്നും കെ.സി.ബി.സി പ്രതികരിച്ചിരുന്നു.
പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്ന മാരക ലഹരി ഉള്‍പ്പെടെയുള്ള ചില വിഷയങ്ങളില്‍ ഒരു സാധാരണക്കാരന്റെ വികാരം, ഒരു മതത്തെയും വ്രണപ്പെടുത്താതെ പരാമര്‍ശിച്ചു എന്നതിനപ്പുറം പ്രസ്താവനയെ കാണേണ്ടതില്ലെന്നും കെ.സി.ബി.സി പറഞ്ഞിരുന്നു.
മീനച്ചില്‍ പഞ്ചായത്തില്‍ മാത്രമായി ലൗ ജിഹാദിലൂടെ നഷ്ടമായത് 400 പെണ്‍കുട്ടികളെയാണെന്നാണ് പി.സി. ജോര്‍ജ് ആരോപിച്ചത്. നഷ്ടപ്പെട്ട 400 കുട്ടികളില്‍ 41 കുട്ടികളെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറാവണമെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.
Content Highlight: Liquor sales and manufacturing are shortcuts for governments to raise money: KCBC