| Friday, 31st December 2021, 8:39 am

മലയാളികള്‍ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാരിന് 'കുടിച്ച്' നല്‍കിയത് 46,546.13 കോടി രൂപ; കണക്കുകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മലയാളികള്‍ മദ്യ നികുതിയായി സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയത് 46,546.13 കോടി രൂപ. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസിന് ടാക്‌സ് കമ്മീഷണറേറ്റ് നല്‍കിയ മറുപടിയിലാണ് വിവരങ്ങളുള്ളത്.

അപ്പീല്‍ നല്‍കിയ ശേഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ടാക്‌സ് കമ്മീഷണറേറ്റ് തയ്യാറായത്.

2016 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 942,25,4.386 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 422,38,6.768 ലിറ്റര്‍ ബിയറും 55,57.065 ലിറ്റര്‍ വൈനുമാണ് അഞ്ച് വര്‍ഷം കൊണ്ട് മലയാളികള്‍ കുടിച്ച് തീര്‍ത്തത്.

കണക്കുകള്‍ പ്രകാരം പ്രതിമാസം മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിച്ചത് 766 കോടി രൂപയാണ്. ഒരുദിവസം ഏകദേശം 25.53 കോടി രൂപയോളം ലഭിക്കുന്നു.

2018-19ലും 2019-20ലുമാണ് മദ്യവില്‍പനയിലൂടെ സര്‍ക്കാരിന് നികുതി വരുമാനം കൂടുതല്‍ ലഭിച്ചത്. 2018-19ല്‍ 96,15.54 കോടിയും 2019-20ല്‍ 103,32.29 കോടിയുമാണ് ലഭിച്ചത്. മദ്യവില്‍പനയിലൂടെ ബെവ്‌കോ ഉണ്ടാക്കുന്ന ലാഭത്തിന് പുറമേയാണ് ഈ നികുതി.

2016-17ലും 2017-18ലും യഥാക്രമം 85.93 കോടി രൂപയും 100.54 കോടി രൂപയും ബെവ്‌കോ ലാഭമുണ്ടാക്കിയിട്ടുണ്ട്.

പിന്നീടുള്ള വര്‍ഷങ്ങളിലെ ലാഭം കണക്കാക്കിയിട്ടില്ലെന്നാണ് വിശദീകരണമുണ്ടായത്. മദ്യത്തിന്റെ നിലവിലെ നികുതി പരിശോധിക്കുമ്പോള്‍. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വൈന്‍ 37 ശതമാനം, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വൈന്‍ ഒഴിച്ചുള്ള മദ്യം 115 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത ബിയര്‍ 112 ശതമാനം, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം 247 ശതമാനം, കേയ്‌സിന് 400 രൂപയില്‍ കൂടുതലുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം 237 ശതമാനം എന്നിങ്ങനെയാണ്.

2011-12 4740.73 കോടി രൂപ, 2012-13 5391.48 രൂപ, 2013-14 5830.12 രൂപ, 2014-15 6685.84 രൂപ, 2015-16 8122.41 രൂപ, 2016-17 8571.49 രൂപയും, 2017-18 8869.96 രൂപയും, 2018-19 9615.54 രൂപ, 2019-20 10332.39 രൂപ, 2020-21 9156.75 കോടി രൂപ എന്നിങ്ങനെയുമാണ് മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് നികുതിയായി ലഭിച്ച തുകയുടെ വര്‍ഷം തിരിച്ചുള്ള കണക്ക്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Liquor sales; 46,546.13 crore during the last five years

We use cookies to give you the best possible experience. Learn more