| Tuesday, 12th May 2020, 6:02 pm

മദ്യത്തിന്‌ വിലകൂടാന്‍ പോകുന്നു; ഒരു കുപ്പിയുടെ വിലയില്‍ വര്‍ധന ഇങ്ങനെ, ബാറില്‍നിന്നും കുപ്പി ലഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂടിയേക്കുമെന്ന് സൂചന. നികുതി കൂട്ടുന്നതോടെയാണ് വിലയില്‍ വര്‍ധനയുണ്ടാകുന്നത്. നികുതി കൂട്ടുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം ബുധനാഴ്ച തീരുമാനമെടുക്കും.

വിലകൂടിയ മദ്യത്തിന് 35 ശതമാനവും വില കുറഞ്ഞതിന് 10 ശതമാനവും നികുതി വര്‍ധനയ്ക്കാണ് ശുപാര്‍ശ. ഇതോടെ ഒരു കുപ്പി മദ്യത്തിന് 50 രൂപ വരെ വില വര്‍ധിച്ചേക്കും. ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും മദ്യം കുപ്പിയായും വിറ്റേക്കും.

തിരക്കൊഴിവാക്കാന്‍ ബാറുകളും ഔട്ട്‌ലെറ്റുകളുമുള്‍പ്പെടെയുള്ള രണ്ടായിരത്തിലേറെ കൗണ്ടറുകളിലൂടെ മദ്യം വില്‍ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മദ്യം വാങ്ങുന്നതിന് ടോക്കണ്‍ ഏര്‍പ്പെടുത്താനുള്ള ബെവ്‌കോയുടെ മൊബൈല്‍ ആപ്പിന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും. ബവ്‌കോയുടെ മൊബൈല്‍ ആപ്പില്‍ ബാറുകളേയും പാര്‍ലറുകളേയും ഉള്‍പ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.

മദ്യശാലകള്‍ തുറന്നാല്‍ വലിയ തിരക്ക് ഉണ്ടാകുമെന്നതാണ് തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ വൈകിക്കുന്നത്. ഇത് മറുകടക്കാന്‍ ബവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയിലൂടെ മദ്യവും ബിയറും പാഴ്‌സലായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

സംസ്ഥാനത്തുള്ള 265 ബവ്‌കോ ഔട്ലെറ്റുകള്‍, 40 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍, 605 ബാറുകള്‍, 339 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഇവയിലെ രണ്ടു കൗണ്ടറുകളില്‍ കൂടി മദ്യം വില്‍ക്കുമ്പോള്‍ ഒരേ സമയം രണ്ടായിരത്തിലേറെ കൗണ്ടറുകളില്‍ നിന്നു മദ്യം പാഴ്‌സലായി ലഭിക്കും. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വഴി മദ്യം ലഭിക്കില്ല.

ഒരു കുപ്പി മദ്യത്തില്‍ ബവ്‌കോയ്ക്കു ലഭിക്കുന്ന 20 ശതമാനം ലാഭം ബാറുകള്‍ക്കും പാര്‍ലറുകള്‍ക്കും ലഭിക്കും. എന്നാല്‍ ഇവിടെ ഇരുന്നുള്ള മദ്യപാനം അനുവദിക്കില്ല.

ഒരേ സമയം അഞ്ചു പേരെ മാത്രമേ മദ്യം വാങ്ങാന്‍ അനുവദിക്കു. സാമൂഹിക അകലം പാലിക്കണം.

തൊഴിലാളികള്‍ മാസ്‌കും, കയ്യുറയും ധരിക്കണം, ഷാപ്പില്‍ ഭക്ഷണം ഉണ്ടാക്കാനോ വില്‍ക്കാനോ പാടില്ല തുടങ്ങി കര്‍ശന നിര്‍ദേശങ്ങള്‍ എക്‌സൈസ് വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more