| Friday, 24th May 2024, 1:29 pm

പുതിയ ബാര്‍കോഴ ആരോപണം; പിരിവ് നടത്തിയത് കെട്ടിട നിര്‍മാണത്തിന്, ആരോപണങ്ങള്‍ തള്ളി ബാറുടമകളുടെ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മദ്യനയത്തിന് ഇളവ് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കോഴ നല്‍കാന്‍ ബാറുടമകള്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം തള്ളി ബാറുടമകളുടെ സംഘടന. ബാര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

ഓരോ ബാറുടമയും രണ്ട് ലക്ഷം രൂപ നല്‍കണമെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ പിരിവ് നടത്തിയത് കോഴ നല്‍കാന്‍ അല്ലെന്നും കെട്ടിട നിര്‍മാണത്തിന് വേണ്ടിയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാര്‍ പറഞ്ഞു.

കെട്ടിട നിര്‍മാണത്തിന് എതിരെ അനിമോന്‍ സമാന്തര സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചതിനാല്‍ വ്യാഴാഴ്ച അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌തെന്നും വി. സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന സംഘടനാ യോഗത്തിന് പിന്നാലെയാണ് ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അനിമോന്‍ ശബ്ദ സന്ദേശം അയച്ചത്.

ഇലക്ഷന്‍ കഴിഞ്ഞാല്‍ പുതിയ പോളിസി നിലവില്‍ വരും. ഒന്നാം തീയ്യതിയിലുള്ള ഡ്രൈ ഡേ എടുത്ത് കളയും. ഇതൊക്കെ ചെയ്ത് തരുന്നുണ്ടെങ്കില്‍ നമ്മള്‍ കൊടുക്കേണ്ടതൊക്കെ കൊടുക്കണം. അതുകൊണ്ട് രണ്ടര ലക്ഷം രൂപ വെച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ട് ദിവസം കൊണ്ട് കൊടുക്കണമെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

അസോസിയേഷന്‍ പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പണപ്പിരിവെന്നും സഹകരിച്ചാല്‍ എല്ലാവര്‍ക്കും നല്ലതെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ശബ്ദ സന്ദേശം അയച്ച അനിമോന്‍ ഇതുവരെ ആരോപണങ്ങളില്‍ പ്രതികരിച്ചിട്ടില്ല.

Content Highlight: liquor policy; kerala bar association reacts

We use cookies to give you the best possible experience. Learn more