| Sunday, 24th March 2024, 9:34 am

മദ്യനയ അഴിമതി; കെജ്‌രിവാളിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ട് ബി.ജെ.പി; അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെയും മദ്യനയ അഴിമതി ആരോപണവുമായി ബി.ജെ.പി. ഭഗവന്ത് മന്നിനെതിരെ ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

എ.എ.പി സര്‍ക്കാര്‍ ഭരണത്തിലുള്ള രണ്ട് പ്രാധാന സംസ്ഥാനങ്ങളാണ് ദല്‍ഹിയും പഞ്ചാബും. ദല്‍ഹി മദ്യനയക്കേസിലെ അതേ വാദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെയും ബി.ജെ.പി ആരോപണങ്ങള്‍ കെട്ടിപ്പടുക്കുന്നത്. പഞ്ചാബിലെ ബി.ജെ.പി നേതാവ് സുനില്‍ ജാക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഇ.ഡിയേയും സി.ബി.ഐയേയും പരാതിയുമായി സമീപിച്ച് ദല്‍ഹി സര്‍ക്കാരിന് പുറമേ പഞ്ചാബ് സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. അതിനിടെ ജയിലില്‍ നിന്ന് തന്നെ ഭരണം തുടരുമെന്ന നിലപാട് കെജ്‌രിവാള്‍ ആവര്‍ത്തിച്ചു. എന്നാല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ബി.ജെ.പി ശക്തമാക്കിയിട്ടുണ്ട്.

ദല്‍ഹിയിലെ ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടി ലെഫ്റ്റണന്റ് ഗവര്‍ണര്‍ക്ക് ബി.ജെ.പി കത്ത് നല്‍കുമെന്നാണ് വിവരം. എന്നാല്‍ ദല്‍ഹിയിലെ ഭരണ പ്രതിസന്ധിക്ക് ബി.ജെ.പി തന്നെയാണ് കാരണമെന്നാണ് എ.എ.പി ആരോപിച്ചത്. അതോടൊപ്പം തന്നെ അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെ എ.എ.പിയുടെ നേതൃ നിരയിലേക്ക് കൊണ്ടുവരാന്‍ എ.എ.പിയില്‍ ചര്‍ച്ച തുടരുന്നുണ്ട്.

കെജ്‌രിവാള്‍ ആവശ്യപ്പെട്ടാല്‍ സുനിതയെ നേതൃ പദവിയില്‍ കൊണ്ട് വരുമെന്നാണ് എ.എ.പി ഇതിനോട് പ്രതികരിച്ചത്. അതിനിടെ, ഇ.ഡിക്ക് പിന്നാലെ സി.ബി.ഐയും കേസില്‍ ഇടപെടുമെന്നാണ് വിവരം. ഇ.ഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞാല്‍ കെജ്‌രിവാളിനെ സി.ബി.ഐ കസ്റ്റഡിയിലെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്.

Content Highlight: Liquor policy corruption; After Kejriwal, BJP is also targeting the Chief Minister of Punjab

We use cookies to give you the best possible experience. Learn more