|

മദ്യനയക്കേസ്; ആം ആദ്മി നേതാവ് സത്യേന്ദ്ര ജെയിനിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായി രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന എ.എ.പി നേതാവ് സത്യേന്ദ്ര ജെയിനിന് ജാമ്യം അനുവദിച്ചു. ദല്‍ഹി കോടതിയാണ് സംസ്ഥാനത്തെ മുന്‍ ആരോഗ്യ മന്ത്രിയായ സത്യേന്ദ്ര ജെയിനിന് ജാമ്യം അനുവദിച്ചത്.

മൗലികാവകാശങ്ങളെ ഉദ്ധരിച്ച കോടതി വിചാരണ ദീര്‍ഘിപ്പിക്കുന്നതിന്റെ കാരണവും സുപ്രീം കോടതി ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയക്ക് ജാമ്യം നല്‍കിയത് ഇക്കാര്യങ്ങളുന്നയിച്ചായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യമുണ്ടെന്നും വിചാരണ ദീര്‍ഘിപ്പിക്കുന്നത് ജയില്‍ കഴിയുന്ന പ്രതികളുടെ അവകാശലംഘനമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സത്യേന്ദ്ര ജെയിനിനെ 2022 മെയ് 30നാണ് ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അനധികൃതമായ പണം വെളുപ്പിച്ച നാല് ഷെല്‍ കമ്പനികളുമായി സത്യേന്ദ്ര ജെയിനിന് ബന്ധമുണ്ടെന്നായിരുന്നു ഇ.ഡി പറഞ്ഞിരുന്നത്.

എന്നാല്‍ സത്യേന്ദ്ര ജെയിനിന് ജാമ്യം നല്‍കുന്നതില്‍ ഇ.ഡി ശക്തമായ എതിര്‍പ്പുന്നയിച്ചുവെങ്കിലും ജെയിന്‍ ഇതിനകം തന്നെ കസ്റ്റഡിയില്‍ കുറേ കാലമുണ്ടായിരുന്നെന്നും വിചാരണ ആരംഭിക്കാത്ത പക്ഷം ജാമ്യം നല്‍കുകയാണെന്നും കോടതി വ്യക്തമാക്കി.

മനീഷ് സിസോദിയക്ക് ഇതേ കേസില്‍ ജാമ്യം അനുവദിച്ചിരുന്ന മാനദണ്ഡങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജെയിനിനും ഇതേ മാനദണ്ഡത്തില്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും പറഞ്ഞു.

50000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജെയിന് ജാമ്യം അനുവദിച്ചത്. കേസിലെ സാക്ഷികളുമായും വ്യക്തികളുമായും ബന്ധപ്പെടുന്നതിനും വിലക്കും വിചാരണയെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.

മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച ആം ആദ്മി നേതാക്കളില്‍ നാലാമത്തെയാളാണ് സത്യേന്ദ്ര ജെയിന്‍. ഇദ്ദേഹത്തെ കൂടാതെ അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.

Content Highlight: Liquor Policy Case; Aam Aadmi leader Satyendra Jain granted bail

Latest Stories