ബാര്‍കോഴ ആരോപണം; പ്രാഥമിക അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
Kerala News
ബാര്‍കോഴ ആരോപണം; പ്രാഥമിക അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2024, 1:18 pm

തിരുവന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. കേസെടുക്കാതെ പ്രാഥമിക അന്വേഷണം മാത്രമാണ് ആദ്യ ഘട്ടത്തില്‍ നടത്തുക. പണപ്പിരിവോ, ഗൂഢാലോചനയോ നടന്നിട്ടുണ്ടോയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പരിശോധിക്കുക.

തിരുവനന്തപുരം യൂണിറ്റ് എസ്.പിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡി.വൈ.എസ്.പി ബിനുവാണ് ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തുക. ശബ്ദ സന്ദേശത്തിന്റെ അടിസ്ഥാനമെന്താണെന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ പരിശോധിക്കും.

ശബ്ദ സന്ദേശത്തില്‍ പറയുന്നത് പോലെ പണപ്പിരിവ് നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കും. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് പണപ്പിരിവ് നടത്തിയതെന്നുള്‍പ്പടെ ഉയര്‍ന്ന് വന്ന എല്ലാ ആരോപണങ്ങളിലും ആദ്യഘട്ടത്തില്‍ അന്വേഷണം നടക്കും.

അതോടൊപ്പം തന്നെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന ആരോപണങ്ങളിലും അന്വേഷണം നടക്കും. ഗൂഢാലോചനയോ പണപ്പിരിവോ ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രം പ്രതിചേര്‍ത്ത് കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ബാര്‍കോഴ ആരോപണം ഉയര്‍ന്ന് വന്നത്. ഓരോ ബാറുടമയും രണ്ട് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ഇടക്കി ജില്ലാ സെക്രട്ടറി അനിമോൻ അയച്ച സന്ദേശമാണ് പുറത്ത് വന്നത്.

എന്നാല്‍ പിരിവ് നടത്തിയത് കോഴ നല്‍കാന്‍ അല്ലെന്നും കെട്ടിട നിര്‍മാണത്തിന് വേണ്ടിയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാര്‍ പറഞ്ഞു. കെട്ടിട നിര്‍മാണത്തിന് എതിരെ അനിമോന്‍ സമാന്തര സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചതിനാല്‍ വ്യാഴാഴ്ച അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌തെന്നും വി. സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന സംഘടനാ യോഗത്തിന് പിന്നാലെയാണ് ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അനിമോന്‍ ശബ്ദ സന്ദേശം അയച്ചത്.

കോഴ ആരോപണം പുറത്തുവന്നതിന് പിന്നാലെ മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്തെത്തിയിരുന്നു. 25 കോടിയുടെ അഴിമതി നടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്നാണ് കെ. സുധാകരന്‍ ആരോപിച്ചത്.

ഇതിന് പിന്നാലെ എം.ബി. രാജേഷ് ഡി.ജി.പിക്ക് പരാതി നൽകി. ആരോപണങ്ങൾക്ക് പിന്നിൽ ​ഗൂഢൈലോചന നടന്നിട്ടുണ്ടോ ശബ്ദ സന്ദേശത്തിന്റെ വസ്തുത എന്താണ് എന്നിവ അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Content Highlight: liquor policy Allegation; Special team of crime branch for investigation