തിരുവനന്തപുരം: ബാര്‍കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിനെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ നയരൂപീകരണത്തിന് മുമ്പ് തന്നെ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പുറത്തുവന്ന ശബ്ദ സന്ദേശത്തെ കുറിച്ചും അങ്ങനെയൊരു പണപ്പിരിവ് നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും മന്ത്രി കത്തില്‍ കൂട്ടിച്ചേര്‍ത്തു.
കോഴ ആരോപണം പുറത്തുവന്നതിന് പിന്നാലെ മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. 25 കോടിയുടെ അഴിമതി നടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യനയം നടപ്പിലാക്കുന്നതെന്നാണ് കെ. സുധാകരന്‍ ആരോപിച്ചത്.
ഓരോ ബാറുടമയും രണ്ട് ലക്ഷം രൂപ നല്‍കണമെന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ പിരിവ് നടത്തിയത് കോഴ നല്‍കാന്‍ അല്ലെന്നും കെട്ടിട നിര്‍മാണത്തിന് വേണ്ടിയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. സുനില്‍ കുമാര്‍ പറഞ്ഞു.
കെട്ടിട നിര്‍മാണത്തിന് എതിരെ അനിമോന്‍ സമാന്തര സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചതിനാല്‍ വ്യാഴാഴ്ച അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌തെന്നും വി. സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന സംഘടനാ യോഗത്തിന് പിന്നാലെയാണ് ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അനിമോന്‍ ശബ്ദ സന്ദേശം അയച്ചത്.
Content Highlight: liquor policy allegation should be investigated; Complaint to DGP Minister M.B. Rajesh