മദ്യനയക്കേസ്: സിസോദിയയുടെ കസ്റ്റഡി ജൂണ്‍ 2 വരെ നീട്ടി ദല്‍ഹി കോടതി
national news
മദ്യനയക്കേസ്: സിസോദിയയുടെ കസ്റ്റഡി ജൂണ്‍ 2 വരെ നീട്ടി ദല്‍ഹി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th May 2023, 3:02 pm

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂണ്‍ 2 വരെ നീട്ടി കോടതി. ദല്‍ഹി റൂസ് അവന്യു കോടതിയാണ് വെള്ളിയാഴ്ച കസ്റ്റഡി കാലാവധി നീട്ടിയത്.

പ്രത്യേക ജഡ്ജി എം.കെ. നാഗപാലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കഴിഞ്ഞ ദിവസം സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷയില്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവ് മാറ്റിവെച്ചിരുന്നു. ഭാര്യയുടെ അസുഖത്തെ തുടര്‍ന്നായിരുന്നു ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ സിസോദിയയുടെയും സി.ബി.ഐയുടെയും വാദം കേട്ടതിന് ശേഷം ഉത്തരവ് മാറ്റിവെക്കുകയായിരുന്നു.

അതേസമയം എല്ലാ ഒന്നിടവിട്ട ദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ 4 വരെ ഒരു മണിക്കൂര്‍ വീഡിയോ കോള്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ജയില്‍ സുപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ മനീഷ് സിസോദിയയുടെ ജാമ്യ ഹരജിയും ദല്‍ഹി റൂസ് അവന്യു കോടതി തള്ളിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ദയന്‍ കൃഷ്ണന്‍, മോഹിത് മാത്തൂര്‍ എന്നിവരാണ് അന്ന് കോടതിയില്‍ സിസോദിയക്ക് വേണ്ടി ഹാജരായത്.

ഫെബ്രുവരി 26നായിരുന്നു സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. 2021-22 വര്‍ഷത്തേക്കുള്ള എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാണ് സിസോദിയക്ക് എതിരായ കേസ്. അന്വേഷണത്തോട് സിസോദിയ സഹകരിച്ചില്ലെന്ന് സി.ബി.ഐ ആരോപിച്ചെങ്കിലും ഇത് തെറ്റാണെന്നും താന്‍ ആദ്യഘട്ടം മുതല്‍ അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചിരുന്നുവെന്നും സിസോദിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

content highlight: Liquor case: Delhi court extends Sisodia’s custody till 2