കേരളത്തില്‍ മദ്യശാലകള്‍ ഉടന്‍ തുറക്കില്ല; എക്‌സൈസ് മന്ത്രിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
Kerala
കേരളത്തില്‍ മദ്യശാലകള്‍ ഉടന്‍ തുറക്കില്ല; എക്‌സൈസ് മന്ത്രിക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th May 2020, 1:35 pm

തിരുവനന്തപുരം: കേരളത്തില്‍ മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്‌സൈസ് കമ്മീഷണറും എക്‌സൈസ് മന്ത്രിയും കൂടിക്കാഴ്ച നടത്തിയത്.

മദ്യശാലകള്‍ തത്ക്കാലം തുറക്കേണ്ടതില്ലെന്നും ഇപ്പോള്‍ തുറന്നാല്‍ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിലും കേരളത്തില്‍ മദ്യശാലകള്‍ ഉടന്‍ തുറക്കാന്‍ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷമേ മദ്യഷാപ്പുകള്‍ തുറക്കൂവെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ലെന്നാണ് എക്‌സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകളെ തുടര്‍ന്ന് എട്ടു സംസ്ഥാനങ്ങളില്‍ ആണ് നിയന്ത്രണങ്ങളോടെ മദ്യവില്‍പനശാലകള്‍ തുറന്നത്. എന്നാല്‍ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട നിരയായിരുന്നു മിക്കയിടത്തും കണ്ടത്. സാമൂഹ്യ അകലം പാലിക്കാനുള്ള ശ്രമങ്ങളൊക്കെ ഇതോടെ നഷ്ടമായി.

കൂട്ടംകൂട്ടിയതിന്റെ പേരില്‍ ദല്‍ഹിയില്‍ പൊലീസിന് ലാത്തിച്ചാര്‍ജ് അടക്കം നടത്തേണ്ടിയും വന്നു. ദല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തിങ്കളാഴ്ച മുതല്‍ മദ്യവില്‍പനശാലകള്‍ തുറന്നത്.

പല സംസ്ഥാനങ്ങളിലും പുലര്‍ച്ചെ മുതല്‍ ആളുകള്‍ മദ്യഷോപ്പിന് മുന്‍പില്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയിരുന്നു. സാമൂഹ്യ അകലം പാലിച്ച് നില്‍ക്കണമെന്ന് ജീവനക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും തിരക്ക് കൂടിയതോടെ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുകയായിരുന്നു.

തുടക്കത്തില്‍ ഒരു മീറ്റര്‍ അകലം പാലിച്ചു നിന്ന ആളുകള്‍ തിരക്ക് കൂടിയതോടെ നിയന്ത്രണങ്ങള്‍ തെറ്റിക്കുകയായിരുന്നു. മിക്കയിടങ്ങളിലും പൊലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി. ഇത്തരമൊരു സാഹചര്യം കൂടി കണക്കിലെടുത്താണ് കേരളത്തില്‍ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.