| Friday, 30th August 2019, 11:00 am

ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലിപ്സ്റ്റിക് വില്‍പ്പന കൂടുന്നു, കാരണം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യയില്‍ പല വ്യവസായ രംഗങ്ങളില്‍ നിന്നും സാമ്പത്തിക പ്രതിസന്ധിയെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും വളര്‍ച്ച രേഖപ്പെടുത്തി കോസ്‌മെറ്റിക്‌സ് വിപണി. കാറും വീടുമൊന്നും ഈ അടുത്തകാലത്ത് മേടിക്കാന്‍ കഴിയില്ല, അപ്പോള്‍ പിന്നെ വാങ്ങാന്‍ സാധിക്കുന്ന ലിപ്സ്റ്റിക് പോലുള്ളവ വാങ്ങിക്കൂട്ടാമെന്ന മനോഭാവത്തിലാണ് ഉപഭോക്താക്കള്‍.

സാമ്പത്തിക ശാസ്ത്രത്തില്‍ ‘ലിപ്സ്റ്റിക് ഇന്‍ഡക്‌സ്’ എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.

എസ്റ്റീ ലൗഡറിന്റെ മുന്‍ ചെയര്‍മാന്‍ ലിയോനാര്‍ഡ് ലൗഡറാണ് ലിപ്സ്റ്റിക് ഇന്റക്‌സ് എന്ന പ്രയോഗം ആദ്യമായി കൊണ്ടുവന്നത്. 2000ത്തിലെ സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തില്‍ സൗന്ദര്യവര്‍ധക സാമഗ്രികളുടെ വില്പനയില്‍ ഉണ്ടായ ഉയര്‍ച്ചയെ സൂചിപ്പിക്കാനായിരുന്നു ഈ വാക്ക് ഉപയോഗിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലിപ്സ്റ്റിക്കിന്റെ വില്‍പ്പന ഒരു സാമ്പത്തിക സൂചകമാകാമെന്നാണ് ലൗഡര്‍ അഭിപ്രായപ്പെട്ടത്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയിലെ വര്‍ധനവ്, പ്രത്യേകിച്ച് ലിപ്സ്റ്റിക്കിന്റേത് സാമ്പത്തിക ആരോഗ്യം കുറയുന്നതിന്റെ സൂചനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ലൗഡറിന്റെ വാദങ്ങളെ ശരിവെക്കുന്നതായിരുന്നു 2000ത്തിന്റെ അവസാനങ്ങളിലെ സാമ്പത്തിക മാന്ദ്യം.

ഇന്ത്യയിലും ലിപ്സ്റ്റിക് ഇന്റക്‌സ് നിലനില്‍ക്കുന്നുവെന്നതിന്റെ സൂചനയാണ് സൗന്ദര്യവര്‍ധക വസ്തുക്കളുടെ വിപണിയില്‍ ഉണ്ടായ ഉണര്‍വ്വെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ വാഹനങ്ങള്‍ പോലെ വലിയ വിലവരുന്ന ഉല്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ വൈകിപ്പിക്കുകയും പകരം ലിപ്സ്റ്റിക് പോലുള്ള വസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ പണം ചിലവഴിക്കുകയും ചെയ്യുന്നുവെന്നാണ് വ്യക്തമാകുന്നത്.

ലാക്മിയെ മാര്‍ക്കറ്റ് ചെയ്യുന്ന ഹിന്ദുസ്ഥാന്‍ യുണിലിവര്‍ പറയുന്നത് ഇന്ത്യയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ലിപ്സ്റ്റിക് പോലുള്ള സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പനയെ ബാധിച്ചിട്ടില്ലയെന്നാണ്. വരുമാനം കുറയുമ്പോള്‍ ഇന്‍ഫീരിയര്‍ ഗുഡ്‌സിന്റെ ഉപഭോഗം കൂടുമെന്ന തിയറി ഉപയോഗിച്ചാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഈ പ്രതിഭാസത്തെ വിശദീകരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലിപ്സ്റ്റിക് യഥാര്‍ത്ഥത്തില്‍ ഇന്‍ഫീരിയര്‍ ഗുഡ്‌സ് എന്ന ഗണത്തില്‍പ്പെടുന്ന വസ്തുവല്ല. എന്നാല്‍ വിലകൂടിയ വസ്തുക്കള്‍ക്കുള്ള വിലകുറഞ്ഞ പകരക്കാരനാണ്. വീടുകള്‍ക്കും കാറുകള്‍ക്കും വിലകൂടുമ്പോള്‍, താരതമ്യേന ബഡ്ജറ്റില്‍ ഒതുങ്ങുന്ന സാറ പോലുള്ള ആഢംബര ബ്രാന്റുകളിലേക്ക് ജനം തിരിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വാദം.

We use cookies to give you the best possible experience. Learn more