| Thursday, 16th November 2023, 11:46 am

മെസിയുടെ ബാലണ്‍ ഡി ഓറിനെ അവഗണിക്കുന്നവര്‍ തർക്കങ്ങൾ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്; സ്കലോണി

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കിയിരുന്നു. മെസിയുടെ ഫുട്‌ബോള്‍ കരിയറിലെ എട്ടാം ബാലണ്‍ ഡി ഓര്‍ നേട്ടമായിരുന്നു ഇത്.

എന്നാല്‍ മെസിയുടെ ഈ നേട്ടത്തിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് അര്‍ജന്റീനന്‍ പരിശീലകന്‍ ലയണല്‍ സ്കലോണി.

മെസിയുടെ ബാലണ്‍ ഡി ഓര്‍ നേട്ടത്തെ അവഗണിക്കുന്നവര്‍ ഒരു സംവാദം സൃഷ്ടിക്കാനാണെന്നുമാണ് സ്കലോണി പറഞ്ഞത്.

‘മെസിയുടെ ബാലണ്‍ ഡി ഓര്‍ നേട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവരെ എനിക്ക് ശരിക്കും മനസ്സിലാവുന്നില്ല. അവര്‍ക്ക് തർക്കങ്ങൾ ഉണ്ടാക്കാന്‍ താല്പര്യമുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നത് ഞാന്‍ മനസ്സിലാക്കുന്നു. ഇനി ഇതില്‍ ഒരു സംവാദം ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,’ സ്കലോണി ആല്‍ബിസെലെസ്റ്റെ ടോക്കിലൂടെ പറഞ്ഞു.

2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക കിരീടത്തിലേക്ക് നയിക്കുകയും ആ ടൂര്‍ണ്ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ഗോള്‍ഡന്‍ ബൗള്‍ നേടാനും മെസിക്ക് സാധിച്ചിരുന്നു.

ക്ലബ്ബ് തലത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനൊപ്പം 41 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും 20 അസിസ്റ്റുകളും നേടിക്കൊണ്ട് മികച്ച പ്രകടനം നടത്തുകയും ലീഗ് വണ്‍ കിരീടം നേടുകയും ചെയ്തിരുന്നു. ഈ മികച്ച നേട്ടങ്ങളാണ് മെസിയെ എട്ടാം ബാലണ്‍ ഡി ഓറിന് അര്‍ഹനാക്കിയത്.

എന്നാല്‍ മെസിക്ക് പുറകില്‍ ബാലണ്‍ ഡി ഓറിനായി ശക്തമായ മത്സരം മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ട് നടത്തിയിരുന്നു. ഹാലണ്ട് സിറ്റിയെ ട്രബിള്‍ നേട്ടത്തിലെത്തി ച്ചിരുന്നു.

അതേസമയം സ്‌കോലോണിയുടെ കീഴില്‍ അര്‍ജന്റീന 2026 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഒക്ടോബര്‍ 17ന് ഉറുഗ്വായ്‌ക്കെതിരെയും ഒക്ടോബര്‍ 22ന് ബ്രസീലിനെതിരെയുമാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍.

Content Highlight: Lionel Scaloni talks about Lionel Messi’s 2023 Ballon d’Or win.

Latest Stories

We use cookies to give you the best possible experience. Learn more