| Monday, 15th July 2024, 5:03 pm

പരിശീലകനായി അർജന്റീനക്കൊപ്പം എത്ര കാലത്തോളം ഉണ്ടാവും? പ്രതികരണവുമായി സ്കലോണി

സ്പോര്‍ട്സ് ഡെസ്‌ക്

2024 കോപ്പ അമേരിക്ക ചാമ്പ്യന്മാരായി അര്‍ജന്റീന. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കിരീടം ചൂടിയത്. കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.

കിരീടം നേടിയതിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. കോപ്പ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന ടീമായി മാറാനാണ് അര്‍ജന്റീനക്ക് സാധിച്ചത്. 16 കിരീടങ്ങളാണ് അര്‍ജന്റീന കോപ്പയില്‍ നേടിയത്. 15 കിരീടങ്ങള്‍ നേടിയ ഉറുഗ്വായെ മറികടന്നുകൊണ്ടാണ് അര്‍ജന്റീന ഈ നേട്ടം സ്വന്തമാക്കിയത്.

നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ എക്സട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലൗട്ടാറോ മാര്‍ട്ടീനസിലൂടെയായിരുന്നു അര്‍ജന്റീന വിജയഗോള്‍ നേടിയത്. കൊളംബിയന്‍ പ്രതിരോധം മറികടന്നുകൊണ്ട് പാസ് സ്വീകരിച്ച താരം കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.

ഇപ്പോഴിതാ അര്‍ജന്റീനന്‍ ടീമിനൊപ്പമുള്ള തന്റെ ഭാവി എന്താകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി.

അര്‍ജന്റീനക്കൊപ്പം തനിക്ക് രണ്ട് വര്‍ഷം കൂടി കരാര്‍ ബാക്കിയുണ്ടെന്നാണ് സ്‌കലോണി പറഞ്ഞത്.

‘എനിക്കിപ്പോള്‍ അര്‍ജന്റീനന്‍ ടീമിനൊപ്പം രണ്ടുവര്‍ഷം കൂടി കരാറുണ്ട്. പ്രസിഡന്റിനോട് 15 വര്‍ഷം കൂടി എന്നെ സൈന്‍ ചെയ്യാന്‍ പറയണം അങ്ങനെയാണെങ്കില്‍ ഞാന്‍ ടീമിനൊപ്പം ഇനിയും തുടരാം,’ സ്‌കലോണി ആല്‍ബിസലെസ്റ്റെ ടോക്കിലൂടെ പറഞ്ഞു.

സ്‌കലോണിയുടെ കീഴില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ നാല് കിരീടങ്ങളാണ് അര്‍ജന്റീന നേടിയത്. 28 വര്‍ഷത്തെ അര്‍ജന്റീനന്‍ ജനതയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് അര്‍ജന്റീനക്ക് ആദ്യ കിരീടം നേടിക്കൊടുത്തത് സ്‌കലോണിയായിരുന്നു.

2021ല്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു അര്‍ജന്റീന സ്‌കലോണിയുടെ കീഴില്‍ ആദ്യ കിരീടം നേടിയത്. തൊട്ടടുത്ത വര്‍ഷം നടന്ന ഫൈനല്‍ സീമയില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും പരാജയപ്പെടുത്തി അര്‍ജന്റീന തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കി.

2022 ഖത്തര്‍ ലോകകപ്പിലും അര്‍ജന്റീനയെ ചാമ്പ്യന്മാരാക്കാന്‍ സ്‌കലോണിക്ക് സാധിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലിലെത്തിയ കരുത്തരായ ഫ്രാന്‍സിനെ പെനാല്‍ട്ടിയില്‍ കീഴടക്കിയായിരുന്നു അര്‍ജന്റീന ലോകത്തിന്റെ നെറുകയില്‍ എത്തിയത്.

ഇപ്പോള്‍ നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു കോപ്പ കിരീടം നേടിക്കൊടുത്തുകൊണ്ടാണ് സ്‌കലോണി അര്‍ജന്റീനന്‍ ജനതയെ വീണ്ടും ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.

സ്‌കലോണിയുടെ അര്‍ജന്റീന 75 മത്സരങ്ങളിലാണ് കളിച്ചിട്ടുള്ളത്. ഇതില്‍ 57 മത്സരങ്ങളിലാണ് അര്‍ജന്റീന വിജയിച്ചത്. 12 മത്സരങ്ങള്‍ സമനിലയായപ്പോള്‍ ആറു മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്തു.

രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം മറ്റൊരു ലോകകപ്പ് കൂടി വരാനിരിക്കുമ്പോള്‍ അര്‍ജന്റീനയെ വീണ്ടും ലോക കിരീടം അണിയിക്കാന്‍ സ്‌കലോണി ഉണ്ടാകുമോ എന്ന് കണ്ടു തന്നെ അറിയണം.

Content Highlight: Lionel Scaloni Talks about His Future with Argentina Football Team

We use cookies to give you the best possible experience. Learn more