|

ഒരാളെ നഷ്ടപ്പെട്ടാല്‍ മറ്റൊരാള്‍ ഉയര്‍ന്ന് വരും, പേരുകളേക്കാള്‍ വലുതാണ് ടീം: ലയണല്‍ സ്‌കലോണി

സ്പോര്‍ട്സ് ഡെസ്‌ക്

2026 ഫിഫ ലോകകപ്പിന് മുന്നോടിയായ യോഗ്യതാമത്സരത്തില്‍ ഉറുഗ്വയെ പരാജയപ്പെടുത്തി അര്‍ജന്റീന. സെന്റെനാരിയോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീനയുടെ വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം അര്‍ജന്റീനയുടെ തിയാഗോ അല്‍മാദ 68ാം മിനിട്ടില്‍ നേടിയ ഗോളാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

സൂപ്പര്‍ താരം ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയതെങ്കിലും കളത്തില്‍ നിന്ന് വിജയം സ്വന്തമാക്കിയാണ് നീലക്കുപ്പായക്കാര്‍ കൂടാരത്തിലേക്ക് കയറിയത്. മെസിക്ക് പുറമെ ലൗട്ടാരോ മാര്‍ട്ടിനെസ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും ടീമില്‍ കളിച്ചില്ലായിരുന്നു. എന്നാല്‍ പ്രധാന ഇപ്പോള്‍ അര്‍ജന്റീനയുടെ വിജയത്തെക്കുറിച്ച് സംസാരിക്കുകയാണ് ടീം മാനേജര്‍ ലയണല്‍ സ്‌കലോണി.

നിലവിലെ അര്‍ജന്റീന ടീം മികച്ചതാണെന്നും ഒരു താരത്തെ നഷ്ടപ്പെട്ടാല്‍ മറ്റൊരു താരം ഉയര്‍ന്ന് വരുമെന്നും സ്‌കലോണി പറഞ്ഞു. ചില പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ടീം ഇറങ്ങിയതെങ്കിലും മറ്റ് താരങ്ങള്‍ മികച്ച പ്രകടനം നടത്തിയെന്നും സ്‌കലോണി പറഞ്ഞു.

‘ഈ നാഷണല്‍ ടീം മികച്ചതാണ്. ഒരാളെ നഷ്ടപ്പെട്ടാല്‍ മറ്റൊരാള്‍ ഉയര്‍ന്ന് വരും. ചില പ്രധാന താരങ്ങളില്ലാതെയാണ് ഞങ്ങള്‍ ഇറങ്ങിയത്. എന്നാല്‍ ഞങ്ങളുടെ മറ്റ് താരങ്ങള്‍ മികച്ച പ്രകടനം നടത്തി. പേരുകളേക്കാള്‍ വലുതാണ് ടീം,’ ലയണല്‍ സ്‌കലോണി പറഞ്ഞു.

Lionel Scaloni

മത്സരത്തില്‍ എതിരാളികളുടെ പോസ്റ്റിലേക്ക് 12 തവണ ഷൂട്ട് ചെയ്യാന്‍ അര്‍ജന്റീനയ്ക്ക് അവസരം ലഭിച്ചപ്പോള്‍ ഉറുഗ്വയ്ക്ക് ആറ് തവണമാത്രമാണ് ഷൂട്ട് ചെയ്യാന്‍ സാധിച്ചത്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ പാസിങ് നടത്താനും പൊസഷന്‍ കീപ്പ് ചെയ്യാനും ഉറുഗ്വയ്ക്ക് സാധിച്ചിരുന്നു. നാല് കോര്‍ണര്‍ കിക്കും ലഭിച്ചെങ്കിലും സമനിലഗോള്‍ നേടാന്‍ ടീമിന് സാധിച്ചില്ല.

വിജയത്തോടെ യോഗ്യതാ റൗണ്ട് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. 13 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 28 പോയിന്റാണ് ആര്‍ജന്റീന നേടിയത്. ശേഷിക്കുന്ന അഞ്ച് മത്സരത്തില്‍ ഇനി ഒരു പോയിന്റ് നേടിയാല്‍ ടീം ക്വാളിഫൈ ചെയ്യും.

മൂന്നാം സ്ഥാനത്തുള്ള ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മാര്‍ച്ച് 26 ബുധനാഴ്ചയാണ് മത്സരം ആരംഭിക്കുന്നത്. മെസിയില്ലാതെ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് ബ്രസീലിനെ മറികടന്ന് വിജയം സ്വന്തമാക്കാനും യോഗ്യത നേടാനും സാധിക്കുമോ എന്നത് കണ്ടറിയണം

നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 21 പോയിന്റാണ് ബ്രസീല്‍ നേടിയത്. വരും മത്സരങ്ങളില്‍ വിജയം നേടി പോയിന്റ് ഉയര്‍ത്താനാണ് ബ്രസീല്‍ ലക്ഷ്യമിടുന്നത്.

Content Highlight: Lionel Scaloni Talking About National Football Team Of Argentina

Video Stories