Sports News
മെസി ഇസ് ബാക്; വമ്പന്‍ അപ്‌ഡേറ്റുമായി ലയണല്‍ സ്‌കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 01, 06:27 am
Saturday, 1st February 2025, 11:57 am

ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരമാണ് ലയണല്‍ മെസി. വേള്‍ഡ് കപ്പ് ഉള്‍പ്പെടെ ഫുട്ബോള്‍ ലോകത്തെ പ്രധാന ട്രോഫികളും മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്‌കാരവും അര്‍ജന്റൈന്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് ലെവലില്‍ ബാഴ്സലോണയ്ക്ക് വേണ്ടിയും മെസി ഏറെ കാലം കളിച്ചിരുന്നു.

നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിയുടെ കരാര്‍ നീട്ടിയ മെസി 850 കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 2005ല്‍ അര്‍ജന്റീനയുടെ ടീമില്‍ എത്തിയ മെസി 112 ഇന്റര്‍നാഷണല്‍ ഗോളുകള്‍ ടീമിനായി നേടി. മാത്രമല്ല 2022ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കി കരിയറിലെ ഏറ്റവും വലിയ ബഹുമതിയും മെസി കൂട്ടിച്ചേര്‍ത്തു.

ഇതോടെ മെസി വിരമിക്കുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും തന്റെ തീരുമാനം മാറ്റുകയായിരുന്നു മെസി. ഇതോടെ 2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ മെസി ഉണ്ടാകുമോ എന്ന ചോദ്യത്തിലാണ് ഫുട്‌ബോള്‍ ലോകം. ഇപ്പോള്‍ മെസിയുടെ കോച്ച് ലയണല്‍ സ്‌കലോണി ഇതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

മെസി 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുമെന്നാണ് ലയണല്‍ സ്‌കലോണി പറഞ്ഞത്. മാത്രമല്ല മെസി ഇത് ഔദ്യോഗികമായി സ്ഥരീകരിച്ചിട്ടില്ലെന്നും എപ്പോള്‍ വേണമെങ്കലും തീരുമാനം എടുക്കാമെന്നാണ് സ്‌കലോണി പറഞ്ഞത്.

‘ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണല്‍ മെസി. അദ്ദേഹം 2026 ലോകകപ്പില്‍ ഉണ്ടാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായി മെസി ഇത് പറഞ്ഞിട്ടില്ല, അവനെ പോലെ തന്നെ അവന്റെ ടീം അംഗങ്ങള്‍ക്കും അതില്‍ ആഗ്രഹമുണ്ട്.

ഏതൊക്കെ താരങ്ങള്‍ കളിക്കും എന്ന് കണ്ട് അറിയണം. സമയം ഉണ്ടല്ലോ. ആ സമയം കടന്നു പോകട്ടെ. ഈ സമയത്ത് നമ്മള്‍ എന്താണ് ചിന്തിക്കുന്നതെന്ന് മെസിക്ക് നന്നായി അറിയാം. എല്ലാവരേക്കാളും മിടുക്കനായ താരമാണ് അദ്ദേഹം,’ ലയണല്‍ സ്‌കലോണി പറഞ്ഞു.

 

Content Highlight: Lionel Scaloni Talking About Lionel Messi