ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീന നെതർലൻഡ്സിനെ നേരിടാനിറങ്ങുമ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ പ്രതികരണമറിയിച്ചിരിക്കുകയാണ് അർജന്റൈൻ കോച്ച് ലിയോണൽ സ്കലോണി.
പരിക്ക് മൂലം പ്രീ ക്വാർട്ടർ നഷ്ടമായ ഏഞ്ചൽ ഡി മരിയയും, ഓസീസിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ ഡി പോളും ക്വാർട്ടറിൽ മത്സരിക്കില്ലെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
എന്നാൽ ഈ അഭ്യൂഹങ്ങളൊക്കെ ആരാണ് പ്രചരിപ്പിക്കുന്നതെന്നും ഞങ്ങളുടെ പരിശീലന സെഷനുകൾ നന്നായി തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. നെതർലൻഡ്സ്-അർജന്റീന മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആരാണ് ഈ അപവാദങ്ങളൊക്കെ പറഞ്ഞുപരത്തുന്നത്. ഞങ്ങൾ ക്വാർട്ടർ ഫൈനലിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഞങ്ങളുടെ പരിശീലന സെഷനുകൾ നന്നായി പോകുന്നുമുണ്ട്. ഡി പോളോ, ഡി മരിയയോ മത്സരത്തിൽ നിന്ന് വിട്ട് നിൽക്കുമെന്ന് ഞാൻ ആരെയും അറിയിച്ചിട്ടില്ല.
മത്സരത്തിന് മുന്നോടിയായി ഒരു ടെസ്റ്റ് ഉണ്ടാകും. അതിൽ ഫിറ്റാണെന്ന് കാണുമ്പോൾ കളിക്കാനിറങ്ങുകയും ചെയ്യും. അല്ലാതെ വിചിത്രമായ അഭ്യൂഹങ്ങൾ ആരും പ്രചരിപ്പിക്കരുത്,’ സ്കലോണി പറഞ്ഞു.
ഡിസംബർ ഒമ്പതിന് ഇന്ത്യൻ സമയം രാത്രി 12.30നാണ് അർജന്റീന-നെതർലാൻഡ്സ് പോരാട്ടം. ഇന്ന് രാത്രി ക്വാർട്ടർ ഫൈനലിലെ മറ്റൊരു മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടും.
അർജന്റീന ക്വാർട്ടർ കടന്നാൽ സെമി ഫൈനലിൽ ബ്രസീലിനെയോ ക്രൊയേഷ്യയെയോ ആകും നേരിടുക.