| Wednesday, 22nd November 2023, 4:04 pm

അര്‍ജന്റീനയെ ലോകചാമ്പ്യന്‍മാരാക്കിയ ആശാന്‍ പടിയിറങ്ങുന്നു; സൂചന നല്‍കി സ്‌കലോണി

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ സ്ഥാനം ഉപേക്ഷിക്കുന്നുവെന്ന സൂചന നല്‍കി ലയണല്‍ സ്‌കലോണി. 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളുകള്‍ക്ക് അര്‍ജന്റീന വിജയിച്ചതിന് ശേഷമായിരുന്നു സ്‌കലോണിയുടെ പ്രതികരണം.

കഴിഞ്ഞ രണ്ട് വര്‍ഷമായി അര്‍ജന്റീന നടത്തുന്ന മികച്ച പ്രകടനം നിലനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ടീമിനൊപ്പം ഭാവിയില്‍ മുന്നോട്ട് പോകാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കണമെന്നുമാണ് സ്‌കലോണി പറഞ്ഞത്.

‘അര്‍ജന്റീനന്‍ ടീമിനൊപ്പം ഇനി മുന്നോട്ട് പോകണോ എന്ന് ചിന്തിച്ച് തുടങ്ങേണ്ട സമയമാണിത്. അര്‍ജന്റീനയിലെ താരങ്ങള്‍ എനിക്ക് ഒരുപാട് നല്ല നിമിഷങ്ങള്‍ തന്നു. എന്നാല്‍ ഇപ്പോള്‍ ഭാവിയില്‍ ഞാന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെക്കുറിച്ച് കൃത്യമായി ചിന്തിക്കേണ്ടതുണ്ട്. ഒരു യാത്ര പറച്ചിലല്ല. ടീമിന് മികച്ച പ്രകടനം നടത്താന്‍ വളരെയധികം ഊര്‍ജ്ജം ആവശ്യമാണ്. ടീമിനെ തുടര്‍ച്ചയായി വിജയിപ്പിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ചിന്തിക്കേണ്ട സമയമാണിത്. ടീമിന് ഇപ്പോള്‍ വേണ്ടത് പരമാവധി ഊര്‍ജവും ഭദ്രവുമായ ഒരു പുതിയ പരിശീലകനെയാണ്,’ സ്‌കലോണി ഓള്‍ എബൗട്ട് അര്‍ജന്റീനയോട് പറഞ്ഞു.

2018ലാണ് ലയണല്‍ സ്‌കലോണി അര്‍ജന്റീനയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്.
അര്‍ജന്റീനന്‍ ജനതയുടെ സ്വപ്നസാക്ഷാല്‍ക്കാരങ്ങള്‍ നിറവേറ്റാന്‍ സ്‌കലോണിക്ക് സാധിച്ചിരുന്നു.

28 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനക്ക് ഒരു മേജര്‍ ടൂര്‍ണമെന്റ് ട്രോഫി അദ്ദേഹം നേടിയിരുന്നു. 2021ല്‍ ബ്രസീലിനെ തോല്‍പ്പിച്ചു അര്‍ജന്റീന കോപ്പ അമേരിക്ക നേടികൊണ്ട് അവരുടെ നീണ്ട വര്‍ഷങ്ങളുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇറ്റലിയെ തോല്‍പിച്ചുകൊണ്ട് ഫൈനല്‍സീമ കിരീടവും അര്‍ജന്റീന നേടി.

2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ച പരിശീലകന്‍ കൂടിയായിരുന്നു സ്‌കലോണി. 1986ന് ശേഷം റൊസാരിയോയിലെ തെരുവുകളില്‍ ലോക കിരീടം വീണ്ടുമെത്തിക്കുകയായിരുന്നു സ്‌കലോണി.

അര്‍ജന്റീന ആരാധകര്‍ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച അവരുടെ പ്രിയപ്പെട്ട പരിശീലകന്‍ പടിയിറങ്ങുമോ എന്ന് വരും ദിവസങ്ങളില്‍ കണ്ടറിയാം.

Content Highlight: Lionel Scaloni share hints to leave Argentina team coaching position.

We use cookies to give you the best possible experience. Learn more