പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെയാണ് ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി രാജ്യം വിട്ടത് വിവാദമയത്. ലീഗ് വണ്ണില്‍ ലോറിയെന്റിനെതിരായ മത്സരത്തില്‍ തോല്‍വിയേറ്റതിന് പിന്നാലെയാണ് മെസി കുടുംബത്തോടൊപ്പം സൗദി അറേബ്യ സന്ദര്‍ശിച്ചത്.
തുടര്‍ന്ന് രണ്ടാഴ്ചത്തെ വേതനം റദ്ദാക്കിക്കൊണ്ട് മെസിയെ പി.എസ്.ജി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഈ കാലയളവിനുള്ളില്‍ ക്ലബ്ബില്‍ പരിശീലനം നടത്തുന്നതില്‍ നിന്നും താരത്തെ പി.എസ്.ജി വിലക്കിയിട്ടുണ്ട്. ക്ലബ്ബ് കരിയറില്‍ മെസിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അര്‍ജന്റൈ സൂപ്പര്‍ കോച്ച് ലയണല്‍ സ്‌കലോണി.
‘ക്ലബ്ബ് കരിയറിലെ മെസിയുടെ ഭാവിയെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല. അതവന്‍ തന്നെ കൈകാര്യം ചെയ്‌തോളും. അവനതില്‍ സന്തുഷ്ടനായിരിക്കുമെന്ന് എനിക്കുറപ്പാണ്. ഏത് ക്ലബ്ബിലേക്ക് പോയാലും അവന്‍ ഹാപ്പിയായിരിക്കും. അതാണല്ലോ പ്രധാനം.
എനിക്കറിയില്ല മെസി സ്‌പെയ്‌നിലേക്ക് തിരിച്ച് പോകുമോ എന്ന്. ഇനി ഫ്രാന്‍സില്‍ തുടരാനാണ് പദ്ധതിയെങ്കിലും മറ്റേതെങ്കിലും ക്ലബ്ബിലേക്ക് നീങ്ങുകയാണെങ്കിലും ആളുകള്‍ക്ക് അവന്റെ കളി ആസ്വദിക്കാനാവും. ലയണല്‍ സ്‌കലോണി
ഏത് കോച്ചും അവനെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കും, അതിലൊരു സംശയവുമില്ല. ഞാവന്റെ സഹതാരമായിരുന്നു എന്ന നേട്ടം കൂടി എനിക്കുണ്ട്. ഞാന്‍ അവനോടൊപ്പവും അവനെതിരെയും കളിച്ചിട്ടുണ്ട്. അവനെന്തൊക്കെ നല്‍കാനാകുമെന്ന് എനിക്ക് വ്യക്തമായിട്ടറിയാം,’ സ്‌കലോണി പറഞ്ഞു.
അതേസമയം, വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റാകുന്ന മെസി ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന കാര്യത്തില്‍ തന്റെ തീരുമാനം അറിയിച്ചിട്ടില്ല.
ഖത്തര്‍ ലോകകപ്പിന് മുമ്പ് തന്നെ മെസിയുടെ കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി മേശപ്പുറത്ത് എത്തിച്ചിരുന്നെങ്കിലും താരം ഒപ്പ് വെക്കാന്‍ തയ്യാറായിരുന്നില്ല. ലോകകപ്പിന് ശേഷവും പി.എസ്.ജി താരവുമായി ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വിഫലമാവുകയായിരുന്നു. ഇതോടെ മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായി.
എന്നിരുന്നാലും മെസി വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. താരം പി.എസ്.ജിയില്‍ തുടരില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ബാഴ്സയിലേക്ക് മടങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.