ഖത്തർ ലോകകപ്പ് സെമി ഫൈനലിലെ ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. കരിയറിൽ തങ്ങളുടെ അവസാന ലോകകപ്പിനിറങ്ങിയ ലയണൽ മെസിയും ലൂക്കാ മോഡ്രിച്ചും വാശിയേറിയ പ്രകടനമായിരുന്നു മത്സരത്തിൽ കാഴ്ചവെച്ചത്.
കളിയിൽ ക്രൊയേഷ്യക്ക് തോൽവി വഴങ്ങേണ്ടി വന്നെങ്കിലും മോഡ്രിച്ചിനെയും സംഘത്തെയും പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഇപ്പോൾ അർജൻൈൻ പരിശീലകൻ ലയണൽ സ്‌കലോണി തന്നെ മോഡ്രിച്ചിനെ പുകഴ്ത്തിയിരിക്കുകയാണ്.
ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ താരമാണെന്നാണ് സ്‌കലോണി പറഞ്ഞത്. കളിയിലെ മികവ് പോലെ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതയും എടുത്തു പറയേണ്ടതാണെന്നും സ്‌കലോണി കൂട്ടിച്ചേർത്തു.
‘അവൻ നമുക്കെല്ലാം റോൾ മോഡലാക്കാൻ പറ്റിയ താരമാണ്. കളിയിലെ മികവ് കൊണ്ട് മാത്രമല്ല, മോഡ്രിച്ചിന്റെ പെരുമാറ്റവും ആകർഷണീയമാണ്. നിങ്ങൾ ഫുട്‌ബോൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും മോഡ്രിച്ചിനെ പോലുള്ള താരങ്ങളെയും ഇഷ്ടപ്പെടണം,’ സ്‌കലോണി വ്യക്തമാക്കി.
അതേസമയം ഇത് തന്റെ അവസാന വേൾഡ് കപ്പ് ടൂർണമെന്റ് ആയതുകൊണ്ടുതന്നെ ഭാവിയെ കുറിച്ചായിരുന്നില്ല ആശങ്കയെന്നും ഖത്തറിൽ എങ്ങനെയൊക്കെ മുന്നേറാം എന്നതിലായിരുന്നു മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നതെന്നുമാണ് മത്സരശേഷം മോഡ്രിച്ച് പറഞ്ഞത്. ദേശീയ ടീമിനൊപ്പം എത്രകാലം കൂടി കളിക്കാനാകുമെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലിയൻ അൽവാരസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി പെനാൽട്ടിയിലൂടെ വലകുലുക്കി.
മുപ്പതാം മിനിട്ടിന്റെ തുടക്കത്തിൽ ഗോളെന്നുറപ്പിച്ച അൽവാരസിന്റെ മുന്നേറ്റം ബോക്‌സിനുള്ളിൽ വെച്ച് ക്രൊയേഷ്യൻ ഗോൾ കീപ്പർ ലിവാകോവിച്ച് ഫൗൾ ചെയ്തതോടെ റഫറി പെനാൽട്ടി വിധിക്കുകയായിരുന്നു.
പെനാൽട്ടി കിക്കെടുത്ത മെസി പന്ത് അനായാസം വലയിലെത്തിച്ചു. ലോകകപ്പിലെ മെസിയുടെ അഞ്ചാം ഗോളാണിത്, പെനാൽട്ടിയിൽ നേടുന്ന മൂന്നാം ഗോളും.
പൂർണമായും അൽവാരസിന് മാത്രം അവകാശപ്പെടാവുന്നതായിരുന്നു രണ്ടാം ഗോൾ. ബോക്‌സിന് പുറത്തുനിന്ന് തനിക്ക് ലഭിച്ച പന്ത് രണ്ട് ക്രൊയേഷ്യൻ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ഗോളി ലിവാകോവിച്ചിനെയും മറികടന്ന് അൽവാരസ് ബോക്‌സിലെത്തിക്കുകയായിരുന്നു.
69ാം മിനിട്ടിലാണ് അൽവാരസിന്റെ രണ്ടാം ഗോൾ പിറന്നത്. മെസിയായിരുന്നു ഈ ഗോളിന് വഴിയൊരുക്കിയത്. ഗ്രൗണ്ടിന്റ വലതുഭാഗത്തിന്റെ പകുതിയിൽ നിന്ന് ലഭിച്ച പന്ത് ക്രൊയേഷ്യൻ പ്രതിരോധ താരങ്ങളെ അനായസം മറികടന്ന് മെസി അൽവാരസിന് നൽകുകയായിരുന്നു. അൽവാരസ് അനായാസം ഫിനിഷ് ചെയ്തതോടെ സ്‌കോർ ബോർഡ് 3-0.
ഈ വിജയത്തോടെ 2018ലെ ഗ്രൂപ്പ് ഘട്ടത്തിലെ തോൽവിക്ക് പകരം വീട്ടാൻ അർജന്റീനക്കായി. അന്ന് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ അർജന്റീന ക്രൊയേഷ്യയോട് 3-0ന് തോറ്റിരുന്നു.
Content Highlights: Lionel Scaloni praises Luka Modric