ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ഉജ്ജ്വല വിജയത്തിന് ശേഷം സൂപ്പര്‍താരം ലയണല്‍ മെസിയെ ദൈവതുല്യനായാണ് അര്‍ജന്റൈന്‍ ആരാധകര്‍ കാണുന്നത്.
ടീം അര്‍ജന്റീനയെ ലോകചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മെസിയെ പ്രശംസിച്ച് കോച്ച് ലയണല്‍ സ്‌കലോണി പലപ്പോഴും രംഗത്തെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ മെസിയുടെ നേതൃത്വം ടീമിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് സ്‌കലോണി വിശദീകരിച്ചിരുന്നു.
കളിയില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ടീം മേറ്റ്സിനോട് പ്രതിബദ്ധതയുള്ളയാളാണ് മെസിയെന്നുമാണ് സ്‌കലോണി മെസിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
അര്‍ജന്റൈന്‍ ആരാധകര്‍ക്കിടയില്‍ മെസിക്കുള്ള സ്ഥാനത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. ലോകകപ്പ് നേടിക്കൊടുത്ത് രാജ്യത്തിന്റെ യശസുയര്‍ത്തിയ മെസിക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും നല്‍കാന്‍ അര്‍ജന്റീനക്കാര്‍ തയ്യാറാണെന്നും ഒരു ഫുട്‌ബോളര്‍ക്ക് ഇതിലും വലുതൊന്നും ലഭിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
‘അര്‍ജന്റീനക്കാര്‍ മെസിയെ കാണുന്നത് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായിട്ടാണ്. തങ്ങളുടെ ജീവന്‍ പോലും മെസിക്ക് വേണ്ടി ത്യജിക്കാന്‍ അവര്‍ തയ്യാറാണ്. അതൊരു വ്യത്യസ്ത തരം കെമിസ്ട്രിയാണ്. സ്വന്തം രാജ്യത്തെ ആളുകളില്‍ നിന്ന് അങ്ങനെയൊരു സ്ഥാനം ലഭിക്കുന്നതിനെക്കാള്‍ വലുതൊന്നും ഒരു ഫുട്‌ബോളര്‍ക്ക് കിട്ടാനില്ല,’ സ്‌കലോണി പറഞ്ഞു.
അതേസമയം, ഖത്തര്‍ ലോകകപ്പിന് ശേഷവും ഗോള്‍ വേട്ട തുടരുകയാണ് ടീം അര്‍ജന്റീന. കുറസാവോക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന വിജയിച്ചിരുന്നു. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ആല്‍ബിസെലസ്റ്റയുടെ ജയം.
മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതോടെ അന്താരാഷ്ട്ര കരിയറില്‍ നൂറ് ഗോളെന്ന നേട്ടം മെസി സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്റര്‍നാഷണല്‍ ഫുടബോളില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോഡും മെസി പേരിലാക്കി. മൂന്ന് ഗോളുകള്‍ക്ക് പുറമെ ഒരു അസിസ്റ്റും മെസി സ്വന്തമാക്കിയിരുന്നു.