സഹതാരങ്ങള്‍ക്ക് എന്തുകൊണ്ട് മെസി പ്രിയങ്കരനായി? വിശദീകരിച്ച് സ്‌കലോണി
Football
സഹതാരങ്ങള്‍ക്ക് എന്തുകൊണ്ട് മെസി പ്രിയങ്കരനായി? വിശദീകരിച്ച് സ്‌കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th March 2023, 12:24 pm

ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ഉജ്ജ്വല വിജയത്തിന് ശേഷം സൂപ്പര്‍താരം ലയണല്‍ മെസിയെ ദൈവതുല്യനായാണ് അര്‍ജന്റൈന്‍ ആരാധകര്‍ കാണുന്നത്.

ടീം അര്‍ജന്റീനയെ ലോകചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മെസിയെ പ്രശംസിച്ച് കോച്ച് ലയണല്‍ സ്‌കലോണി പലപ്പോഴും രംഗത്തെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ മെസിയുടെ നേതൃത്വം ടീമിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് സ്‌കലോണി വിശദീകരിച്ചിരുന്നു.

കളിയില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്നും ഒരു കളിക്കാരനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ടീം മേറ്റ്‌സിനോട് പ്രതിബദ്ധതയുള്ളയാളാണ് മെസിയെന്നുമാണ് സ്‌കലോണി മെസിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

പ്രശസ്ത ടെലിവിഷന്‍ ഷോ ആയ യൂണിവേഴ്സോ വല്‍ദാനോയില്‍ സംസാരിക്കുമ്പോഴായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസത്തെ കുറിച്ച് ഇക്കാര്യങ്ങള്‍ സ്‌കലോണി പങ്കുവെച്ചത്.

‘ഒരു യഥാര്‍ത്ഥ ഫുട്ബോള്‍ ലീഡറാണ് മെസിയെന്ന് എല്ലാവര്‍ക്കും അറിയാം. കൃത്യമായ വാക്കുകളാണ് അദ്ദേഹം സംസാരിക്കാറുള്ളത്. അദ്ദേഹത്തിന്റെ വാചകങ്ങള്‍ അതിമനോഹരമായി സഹതാരങ്ങളിലേക്ക് കൈമാറുന്ന രീതി എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

മെസി സഹതാരങ്ങളെ ട്രീറ്റ് ചെയ്യുന്ന രീതി എങ്ങനെയാണ് വിവരിക്കേണ്ടതെന്നറിയില്ല. തിരിച്ച് ടീമിലെ എല്ലാ താരങ്ങള്‍ക്കും മെസിയോട് ആദരവുണ്ട്.

എല്ലാ ഫുട്ബോളറെയും പോലെ പ്രായം മെസിക്കും തടസമാണ്. എന്നാല്‍ അടുത്ത ലോകകപ്പിലും മെസി കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അര്‍ജന്റീനക്ക് വേണ്ടി ഇനി കളിക്കണോ വേണ്ടയോ എന്നത് തീര്‍ത്തും അദ്ദേഹത്തിന്റെ തീരുമാനമാണ്.

പക്ഷെ മെസി ദേശീയ ജേഴ്സിയില്‍ തുടരുന്നത് കാണുന്നതും അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ സാധിക്കുന്നതും എന്നില്‍ അത്രമേല്‍ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

എന്നെപ്പോലെ തന്നെ മുഴുവന്‍ അര്‍ജന്റൈന്‍ ടീമും ഇതുതന്നെയാവും ആഗ്രഹിക്കുന്നുണ്ടാവുക. ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്താണെന്ന് കാട്ടിത്തരുന്നതാണ് മെസിയുടെ പ്രകടനം,’ സ്‌കലോണി പറഞ്ഞു.

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്നും തനിക്കിനിയും അര്‍ജന്റീനയുടെ ചാമ്പ്യന്‍ ജേഴ്സിയില്‍ കളിക്കണമെന്നും മെസി പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പനാമക്കെതിരായ സൗഹൃദമത്സരത്തിനായി മെസിയും സംഘവും ഒരിക്കല്‍ക്കൂടി ഗ്രൗണ്ടില്‍ ഒത്തുകൂടിയിരുന്നു.

ബ്യൂണസ് ഐറിസിലെ തങ്ങളുടെ ഹോം ഗ്രൗണ്ടായ എല്‍ മോണുമെന്റലില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീന പനാമയെ പരാജയപ്പെടുത്തിയത്.

ഡിസംബറില്‍ ലോകകപ്പ് നേടിയ ശേഷം ഇതാദ്യമായാണ് അര്‍ജന്റൈന്‍ സംഘം ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്നത്. പനാമക്കെതിരായ മത്സരത്തിലും മെസി സ്‌കോര്‍ ചെയ്തിരുന്നു.

തന്റെ കരിയറിലെ 800ാം ഗോളാണ് മെസി അര്‍ജന്റീനക്കായി നേടിയത്. ഹാഫ് ടൈം വരെ ഗോള്‍ രഹിത സമനിലയില്‍ തുടര്‍ന്ന മത്സരത്തിന്റെ 78ാം മിനിട്ടില്‍ തിയാഗോ അല്‍മാഡയാണ് അര്‍ജന്റീനയെ മുമ്പിലെത്തിച്ചത്.

മത്സരത്തിന്റെ 89ാം മിനിട്ടിലായിരുന്നു ആരാധകര്‍ കാത്തിരുന്ന ഗോള്‍ പിറന്നത്. പെനാല്‍ട്ടി ബോക്സിന് വെളിയില്‍ നിന്നും മെസി തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയിലെത്തിയപ്പോള്‍ സ്റ്റേഡിയം ഒന്നടങ്കം ആര്‍ത്തിരമ്പിയിരുന്നു.

മാര്‍ച്ച് 28ന് കുറക്കാവോക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദമത്സരം. സാന്റിയാഗോ ആണ് വേദി.

Content Highlights: Lionel Scaloni praises Lionel Messi