കരിയറില്‍ ഒട്ടുമിക്ക നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് ലോക കപ്പ് മാത്രം നേടാന്‍ സാധിച്ചിരുന്നില്ല. ഓരോ ലോകകപ്പ് അവസാനിക്കുമ്പോഴും നിരാശയോടെ മടങ്ങേണ്ടി വന്നിട്ടും ഇനി ദേശീയ ടീമില്‍ കളിക്കേണ്ടെന്ന് ആലോചിക്കേണ്ട സാഹചര്യമുണ്ടായിട്ടും താരത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് 2022 ഖത്തര്‍ ലോകകപ്പില്‍ കണ്ട ഐതിഹാസിക വിജയം.
ഫുട്‌ബോളിന്റെ കാര്യത്തില്‍ മെസിയുടേതിന് സമാനമായ ചിന്താഗതിയാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് എന്ന് പറഞ്ഞിരിക്കുകയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി.
നിലവില്‍ ആസ്റ്റണ്‍ വില്ലക്കായി കളിക്കുന്ന എമി മാര്‍ട്ടിനെസ് വരാനിരിക്കുന്ന കോപ്പ അമേരിക്ക യോഗ്യതാ മത്സരത്തിന്റെ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. സ്‌ക്വാഡിലുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എമിയെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു സ്‌കലോണി. ടി.വൈ.സി സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ഇതുപോലെയുള്ള കളിക്കാര്‍ നമുക്ക് നല്‍കുന്ന നേട്ടം നമ്മള്‍ പ്രയോജനപ്പെടുത്തണം. ദിബുവിന്റേത് (എമി മാര്‍ട്ടിനെസ്) അത്തരത്തിലുള്ള ഒരു കഥാപാത്രമാണ്. അദ്ദേഹം പലര്‍ക്കും പ്രചോദനമാണ്. മെസിയെ പോലെ തന്നെ ദിബുവും ഒരിക്കലും കൈവെടിയാന്‍ തയ്യാറല്ല,’ സ്‌കലോണി പറഞ്ഞു.
21 ക്ലീന്‍ ഷീറ്റുകള്‍ നിലനിര്‍ത്തിക്കൊണ്ട് 30 മത്സരങ്ങളിലാണ് മാര്‍ട്ടിനെസ് ദേശീയ ടീമിനൊപ്പം കളിച്ചിട്ടുള്ളത്. ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ ടീമിലെ വിശ്വസ്ത കളിക്കാരില്‍ ഒരാളായ എമിലിയാനോ മാര്‍ട്ടിനെസ് ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കുമെന്നാണ് സ്‌കലോണി അടക്കമുള്ള ആളുകള്‍ പ്രതീക്ഷിക്കുന്നത്.
Content Highlights: Lionel Scaloni praises Emiliano Martinez