സെപ്റ്റംബറില്‍ നടക്കുന്ന 2026 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമില്‍ സൂപ്പര്‍ താരം പൗലോ ഡിബാലയെ ഉള്‍പ്പെടുത്തി പരിശീലകന്‍ ലയണല്‍ സ്‌കലോണി. ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡില്‍ ഡിബാല ഇടം നേടിയിരുന്നില്ല. എന്നാല്‍ താരത്തെ ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയത് ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.
സൂപ്പര്‍താരം ലയണല്‍ മെസിക്ക് പരിക്ക് പറ്റിയതിന് പിന്നാലെ ടീമില്‍ ഇടം നേടാൻ സാധിച്ചിരുന്നില്ല. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്കയുടെ ഫൈനലില്‍ ആയിരുന്നു മെസിക്ക് പരിക്ക് പറ്റിയത്. ഇതോടെ താരം മത്സരം പൂര്‍ത്തിയാക്കാതെ കളം വിടുകയായിരുന്നു.
പിന്നീട് ഇന്റര്‍ മയാമിക്കൊപ്പമുള്ള മത്സരങ്ങളും മെസിക്ക് നഷ്ടമാവുകയായിരുന്നു. മെസിയുടെ അഭാവത്തില്‍ ഡിബാലയെ ടീമിലെടുക്കാത്തതില്‍ ആരാധകരില്‍ വലിയ നിരാശ നിലനിന്നിരുന്നു. ഇപ്പോള്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് സ്‌കലോണി താരത്തെ ടീമില്‍ തെരഞ്ഞെടുത്തത്.
നിലവില്‍ താരം ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമയുടെ താരമാണ്. സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഖദസയില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ ഡിബാലക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നുകൊണ്ട് താരം ഇറ്റാലിയന്‍ ക്ലബ്ബില്‍ തുടരുകയായിരുന്നു.
ഡിബാലക്ക് പുറമെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന മികച്ച താരങ്ങളും ടീമില്‍ ഇടംനേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരം അലജാഡ്രോ ഗാര്‍നാച്ചോ, മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ ജൂലിയന്‍ അല്‍വാരസ് , കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനക്കായി ഗോള്‍ നേടിയ ഇന്റര്‍ മിലാന്റെ സൂപ്പര്‍ താരം ലൗട്ടാരോ മാര്‍ട്ടിന്‍സ് എന്നീ മികച്ച താരങ്ങള്‍ അര്‍ജന്റീനയുടെ മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
സെപ്റ്റംബര്‍ ആറിന് ചിലിക്കെതിരെയും സെപ്റ്റംബര്‍ 11ന് കൊളംബിയക്കെതിരെയുമാണ് അര്‍ജന്റീനയുടെ മത്സരങ്ങള്‍ ഉള്ളത്. നിലവില്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ പട്ടികയില്‍ ആറു മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയും അടക്കം 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന.
Content Highlight: Lionel Scaloni Include Paulo Dybala in Argentina squad for World Cup qualifiers