അന്ന് കളത്തില്‍ കയ്യാങ്കളി; ഇന്ന് മെസിക്കായി കയ്യടി; ശ്രദ്ധ നേടി ബെക്കാമും സ്‌കലോണിയും: വീഡിയോ
Football
അന്ന് കളത്തില്‍ കയ്യാങ്കളി; ഇന്ന് മെസിക്കായി കയ്യടി; ശ്രദ്ധ നേടി ബെക്കാമും സ്‌കലോണിയും: വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 12th August 2023, 3:33 pm

ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമി വിജയത്തോടെ ലീഗ്‌സ് കപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചാര്‍ലോട്ടിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് മയാമിയുടെ കുതിപ്പ്. മത്സരത്തില്‍ മെസിക്ക് തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോള്‍ കണ്ടെത്താനായി. ജോസഫ് മാര്‍ട്ടിനെസ്, റോബേര്‍ട്ട് ടെയ്‌ലര്‍ എന്നിവരുടെ വകയായിരുന്നു മറ്റ് രണ്ട് ഗോളുകള്‍. അഡില്‍സണ്‍ മലാന്‍ഡയുടെ സെല്‍ഫ് ഗോളും മയാമിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മത്സരത്തിന് ശേഷം ഇന്റര്‍ മയാമിയുടെ സഹ ഉടമ ഡേവിഡ് ബെക്കാമിന്റെയും അര്‍ജന്റൈന്‍ ദേശീയ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെയും ദൃശ്യങ്ങള്‍ തരംഗമാവുകയാണ്. മത്സരത്തിന് മുമ്പ് സ്‌കലോണി ബെക്കാമുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതോടൊപ്പം മറ്റൊരു ദൃശ്യം കൂടി പ്രചരിക്കുന്നുണ്ട്. മുമ്പ് ലാ ലിഗയില്‍ ബെക്കാമും സ്‌കലോണിയും നേര്‍ക്കുനേര്‍ വന്നതാണത്. ബെക്കാം അന്ന് റയല്‍ മാഡ്രിഡിനും സ്‌കലോണി ഡിപ്പോര്‍ട്ടിവോ ലാ കറൂണയ്ക്കും വേണ്ടി കളിക്കുകയായിരുന്നു.

മത്സരത്തിനിടെ ഒരു ഫൗളിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ കയ്യാങ്കളിയിലേര്‍പ്പെട്ടിരുന്നു. ബെക്കാമില്‍ നിന്ന് സ്‌കലോണി പന്ത് റാഞ്ചിയെങ്കിലും റയല്‍ താരം പിറകില്‍ നിന്ന് സ്‌കലോണിയെ വീഴ്ത്തുകയായിരുന്നു. പിന്നാലെ സ്‌കലോണി, ബെക്കാമിനെ കടന്നാക്രമിച്ചു.

പിടിച്ചുമാറ്റാന്‍ വന്ന റോബര്‍ട്ടോ കാര്‍ലോസിനേയും സ്‌കലോണി വീഴ്ത്തി. പിന്നീട് ഡിപ്പോര്‍ട്ടിവോ താരങ്ങള്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഹസ്തദാനത്തിലൂടെ ബെക്കാം പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും സ്‌കലോണി നിരസിക്കുകയായിരുന്നു. ഇപ്പോള്‍ മെസിയുടെ പ്രകടനം കണ്ട് സന്തുഷ്ടരാകുന്ന രണ്ട് ഇതിഹാസങ്ങളുടെയും ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ സ്‌കോര്‍ ചെയ്ത മെസി സ്‌പൈഡര്‍മാനെ അനുസ്മരിപ്പിക്കുന്ന സെലിബ്രേഷനാണ് കാഴ്ചവെച്ചത്. അമേരിക്കയിലെത്തിയ മെസി മാര്‍വെല്‍ സെലിബ്രേഷനുകളുമായി ഫുട്‌ബോള്‍ ലോകത്ത് തരംഗമാവുകയാണ്. പി.എസ്.ജിയിലുണ്ടായിരുന്നതിനെക്കാള്‍ ഒരുപാട് സന്തോഷവാനായാണ് ഇന്റര്‍ മയാമിയില്‍ മെസിയെ കാണാനാകുന്നത്. തുടര്‍ തോല്‍വികളുമായി പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാനം കിടന്നിരുന്ന മയാമിയെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് സെമിയില്‍ പ്രവേശിപ്പിക്കാന്‍ മെസിക്ക് സാധിച്ചു.

Content Highlights: Lionel Scaloni and David Beckham pictures goes viral