ഖത്തര്‍ ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയമാണ് ടീം അര്‍ജന്റീന സ്വന്തമാക്കിയത്. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് മെസിയും സംഘവും ഫൈനലിലേക്ക് കടന്നത്.
അന്തിമ പോരാട്ടത്തില്‍ ആരെ നേരിടാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍കോച്ച് ലയണല്‍ സ്‌കലോണി. സെമി ഫൈനല്‍ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൈനലില്‍ ആരെ നേരിടാനാണ് ആഗ്രഹമെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് സ്‌കലോണി ഒരു ടീമിന്റെ പേര് തെരഞ്ഞെടുത്തില്ല. എതിരാളികളായി ഏത് ടീം വന്നാലും അവരെ നേരിടാന്‍ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്.
‘രണ്ട് ടീമുകളില്‍ നിന്ന് ഒരു എതിരാളിയെ തെരഞ്ഞെടുക്കുക പ്രയാസമാണ്. ഫൈനലില്‍ ആര് വന്നാലും അവരെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. ഫ്രാന്‍സും മൊറോക്കയും ഫൈനലിലെത്താന്‍ യോഗ്യതയുള്ള ടീമുകളാണ്.
ഞങ്ങള്‍ക്ക് ഫൈനലില്‍ എത്താന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ഞങ്ങളുടെ ടീമിന്റെ കൂട്ടായ കരുത്താണ് ജയത്തിന് പിന്നില്‍,’ സ്‌കലോണി പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയോട് തോല്‍വി വഴങ്ങിയിരുന്നെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് ടീം അര്‍ജന്റീന കാഴ്ച വെച്ചത്. 35ാമത്തെ വയസിലും മികച്ച ഫോമിലാണ് ഇതിഹാസ താരം ലയണല്‍ മെസി.
അടുത്ത ലോകകപ്പിന് ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായിട്ടുണ്ടെന്നും അന്നൊരുപക്ഷേ തനിക്ക് കളിക്കാന്‍ സാധിക്കുമോ എന്നറിയാത്തതിനാല്‍ ഈ ലോകകപ്പ് കിരീടം സ്വന്തമാക്കി സന്തോഷത്തോടെ മടങ്ങണമെന്നാണ് ആഗ്രഹമെന്നും മെസി മാധ്യമങ്ങളോട് പറഞ്ഞു. ക്രൊയേഷ്യക്കെതിരായ ജയത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെസി.
ഖത്തറിലേത് തന്റെ കരിയറിലെ അവസാനത്തെ വേള്‍ഡ് കപ്പ് ആയിരിക്കുമെന്ന് മെസി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ വിരമിക്കുന്നതിന് മുമ്പ് രാജ്യത്തിനായി വിശ്വകിരീടം ഉയര്‍ത്താനായില്ലെങ്കില്‍ താരം 2026ലെ ലോകപ്പ് കൂടി കളിച്ചേക്കുമെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി പ്രഖ്യാപിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്.