അര്‍ജന്റീനയുടെ ഇതിഹാസ താരം ഒന്നും അവസാനിപ്പിക്കുന്നില്ല; സന്തോഷ വാര്‍ത്തയുമായി ലയണല്‍ സ്‌കലോണി
Football
അര്‍ജന്റീനയുടെ ഇതിഹാസ താരം ഒന്നും അവസാനിപ്പിക്കുന്നില്ല; സന്തോഷ വാര്‍ത്തയുമായി ലയണല്‍ സ്‌കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th January 2023, 8:57 pm

കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവുമടക്കം ഒട്ടുമിക്ക വമ്പന്‍ നേട്ടങ്ങളും സ്വന്തമാക്കിയ അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിക്ക് വിശ്വകിരീടം മാത്രമായിരുന്നു അകന്ന് നിന്നിരുന്നത്. എന്നാല്‍ ഖത്തറില്‍ കഴിഞ്ഞ മാസം സമാപിച്ച ഫിഫ ലോകകപ്പില്‍ മുത്തമിട്ടതോടെ മെസിയുടെ സ്വപ്‌നം പൂവണിയുകയായിരുന്നു.

രാജ്യത്തിനായി വിശ്വകിരീടമുയര്‍ത്താനായാല്‍ ഇനിയൊരു ലോകകപ്പ് കളിക്കില്ലെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 2026 ലോകകപ്പിലും മെസി അര്‍ജന്റീന ദേശീയ ടീമിനൊപ്പമുണ്ടാകുമെന്ന് കോച്ച് ലയണല്‍ സ്‌കലോണി പറഞ്ഞു. ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്‌കലോണി.

”അടുത്ത ലോകകപ്പിലും മെസി കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അര്‍ജന്റീനക്ക് വേണ്ടി ഇനി കളിക്കണോ വേണ്ടയോ എന്നത് തീര്‍ത്തും അദ്ദേഹത്തിന്റെ തീരുമാനമാണ്.

പക്ഷെ മെസി ദേശീയ ജേഴിസിയില്‍ തുടരുന്നത് കാണുന്നതും അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ സാധിക്കുന്നതും എന്നില്‍ അത്രമേല്‍ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

എന്നെപ്പോലെ തന്നെ മുഴുവന്‍ അര്‍ജന്റൈന്‍ ടീമും ഇതുതന്നെയാവും ആഗ്രഹിക്കുന്നുണ്ടാവുക. കാരണം കളത്തില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്താണെന്ന് കാട്ടിത്തരുന്നതാണ് മെസിയുടെ പ്രകടനം,’ സ്‌കലോണി പറഞ്ഞു.

എന്നാല്‍ ഖത്തര്‍ ലോകകപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ദേശീയ ജേഴ്‌സി അണിഞ്ഞ് കുറച്ചുകാലം കൂടി കളിക്കമെന്ന ആഗ്രഹം മെസി പ്രകടിപ്പിച്ചിരുന്നു. ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും താരം നേടിയിരുന്നു. അഞ്ച് തുടര്‍ ലോകകപ്പുകളില്‍ അസിസ്റ്റ് ചെയ്യുന്ന ആദ്യ താരം കൂടിയാണ് മെസി.

Content Highlights: Lionel Scaloni about Lionel Messi