ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ ചരിത്ര നേട്ടത്തിന് ശേഷം ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ അതിരുകടന്ന വിജയാഘോഷം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഫൈനലില്‍ ഫ്രഞ്ച് പടയെ കീഴ്‌പ്പെടുത്തിയതിന് പിന്നാലെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ അധിക്ഷേപിച്ച് എമി നടത്തിയ പ്രകടനം അര്‍ജന്റീനയുടെ ജയത്തിന്റെ ശോഭ കെടുത്തുന്നതായിരുന്നു.
വിവാദ വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. എമി കുട്ടികളെ പോലെയാണെന്നും എന്നാല്‍ കളിയില്‍ അദ്ദേഹം അസാധാരണ പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും സ്‌കലോണി പറഞ്ഞു.
‘എമിയുടെ ആറ്റിറ്റിയൂഡില്‍ ഭാവിയില്‍ അദ്ദേഹം സന്തുഷ്ടനായിരിക്കില്ല. കുട്ടികളുടെ മനസാണ് അവന്. പക്ഷെ എമി ഒരു അസാധാരണ കളിക്കാരനാണ്. അവന്റെ പ്രകടനം ഞങ്ങള്‍ക്ക് പരിധികളില്ലാത്ത സന്തോഷം നല്‍കി,’ സ്‌കലോണി പറഞ്ഞു.
ഖത്തര്‍ ലോകകപ്പ് സമാപിച്ച് ഒരു മാസത്തോട് അടുക്കുമ്പോഴായിരുന്നു ഫിഫ അര്‍ജന്റീനക്കെതിരെ അച്ചടക്ക നടപടി പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ആക്ഷേപകരമായ പെരുമാറ്റവും മത്സരത്തിന്റ തത്വങ്ങളുടെ ലംഘനവും (ആര്‍ട്ടിക്കിള്‍ 11), കളിക്കാരുടെയും ഒഫീഷ്യല്‍സിന്റെയും മോശം പെരുമാറ്റം (ആര്‍ട്ടിക്കിള്‍ 12) എന്നിവ കണക്കിലെടത്താണ് ഫിഫ നടപടി ക്രമങ്ങള്‍ ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
‘ഫിഫ ഡിസിപ്ലിനറി കോഡിലെ ആര്‍ട്ടിക്കിള്‍ 11, 12, ലോകകപ്പ് ആര്‍ട്ടിക്കിള്‍ 44 എന്നിവയുടെ ലംഘനത്തിന് സാധ്യതയുള്ളതിനാല്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഫിഫ അച്ചടക്ക സമിതി നടപടികള്‍ ആരംഭിച്ചു,’ എന്ന് ഫിഫയുടെ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ മാര്‍ട്ടിനെസ് പുരസ്‌കാര വേദിയില്‍ വെച്ച് ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു തുടക്കം.
തുടര്‍ന്ന് ഡ്രസിങ് റൂമില്‍ ജയമാഘോഷിക്കുന്നതിനിടെ എംബാപ്പെയെ പരിഹസിച്ച് മൗനമാചരിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
അര്‍ജന്റീനയിലേക്ക് മടങ്ങിയതിന് ശേഷവും മാര്‍ട്ടിനെസിന്റെ രോഷം അടങ്ങുന്നുണ്ടായിരുന്നില്ല. ബ്യൂണസ് അയേഴ്സിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത്. പാവയുടെ മുഖത്തിന്റെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു മാര്‍ട്ടിനെസിന്റെ വിവാദ ആഘോഷം.
എമിലിയാനോ മാര്‍ട്ടിനെസിനെതിരെ പരാതി നല്‍കി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ മാര്‍ട്ടിനെസിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അര്‍ജന്റീനയുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി വിഷയത്തിലെ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തുമെന്നുമായിരുന്നു എഫ്.എഫ്.എഫ് അറിയിച്ചിരുന്നത്.
Content Highlights: Lionel Scaloni about Emiliano Martinez