| Thursday, 12th October 2023, 8:43 am

ലോകകപ്പ് യോഗ്യതാ മത്സരത്തിന് മെസിയുണ്ടാകില്ലേ? സ്‌കലോണിയുടെ പ്രതികരണം പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീനയുടെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി കളിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന് ഫിറ്റ്‌നെസ് പ്രശ്‌നമുള്ളതിനാല്‍ പരാഗ്വെക്കെതിരായ മത്സത്തില്‍ മെസിയുണ്ടാകില്ല എന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്.

വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണി. പരീശലന സെഷനുകള്‍ അവസാനിക്കാനാകുമ്പോള്‍ മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാനാകൂ എന്നും താരം നിലവില്‍ നന്നായി ട്രെയ്‌നിങ് നടത്തുന്നുണ്ടെന്നുമാണ് സ്‌കലോണി പറഞ്ഞത്. മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ക്കിനിയും ഒരു പരിശീലന സെഷന്‍ കൂടി ബാക്കിയുണ്ട്. മെസിയെ സംബന്ധിച്ച അത് വളരെ നിര്‍ണായകമാണ്. നിലവില്‍ മെസി നന്നായി തന്നെ പരിശീലിക്കുന്നുണ്ട്. വരാനിരിക്കുന്ന മത്സരത്തില്‍ മെസി ആദ്യ പാദത്തില്‍ ഇറങ്ങുമോ ഇല്ലയോ എന്നൊക്കെ അടുത്ത ട്രെയ്‌നിങ് സെഷനില്‍ സംസാരിക്കും,’ സ്‌കലോണി പറഞ്ഞു.

2026 ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തിലുള്ള മെസിയുടെ നിലപാടിനെ കുറിച്ചും സ്‌കലോണി സംസാരിച്ചു. വിഷയത്തില്‍ മെസി അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതിനെ കുറിച്ച് ആലോചിക്കാന്‍ ഇനിയും ധാരാളം സമയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മെസിയുടെ തീരുമാനങ്ങള്‍ വളരെ കൃത്യമായിരിക്കും. അദ്ദേഹം വെറുതെ പറയാറില്ല. ഞങ്ങളെല്ലാവരും മെസിയുടെ ഫിറ്റ്‌നെസ് കൂടുതല്‍ മെച്ചപ്പെട്ട് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. ലോകകപ്പിന് ഇനിയും ധാരാളം സമയമുണ്ട്. അദ്ദേഹത്തിന് അതിനെ കുറിച്ച് നല്ല ബോധ്യമുണ്ട്,’ സ്‌കലോണി പറഞ്ഞു.

Content Highlights: Lionel Scaloi taliking about Lionel Messi’s fitness

We use cookies to give you the best possible experience. Learn more