മാഡ്രിഡ്: സെവിയ്യയ്‌ക്കെതിരായ മത്സരത്തില്‍ തന്റെ 28 ാം ഗോള്‍ മെസി ആഘോഷിച്ചതിനെ കുറിച്ചായിരുന്നു ഇന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ ചര്‍ച്ച ചെയതത്. പതിവുപോലെ ഇരുകൈകളും വാനിലേക്കുയര്‍ത്തിയല്ലായിരുന്നു മെസി ഗോള്‍ നേട്ടം ആഘോഷിച്ചത്.
സെവിയ്യ ഗോള്‍ക്കീപ്പര്‍ സെര്‍ജിയോ റിയോയുടെ കാലുകള്‍ക്കിടയിലൂടെ തൊടുത്ത മനോഹര ഷോട്ട് വലയിലെത്തിച്ച ശേഷം ആ നേട്ടം മെസി ആഘോഷിച്ചത് കണ്ണിനു താഴെയായി രണ്ടു വിരലുകള്‍ കൊണ്ട് വരയ്ക്കുന്ന ആംഗ്യം കാണിച്ചായിരുന്നു.
സാധാരണയായി തന്റെ മണ്‍മറഞ്ഞ മുത്തശ്ശിയോടുള്ള ആദര സൂചകമായി കൈകള്‍ വാനിലേക്ക് ഉയര്‍ത്തി മാത്രേമേ മെസി ഗോള്‍ നേട്ടം ആഘോഷിക്കാറുള്ളൂ. പന്തു തട്ടി തുടങ്ങിയ കാലം മുതല്‍ അവരായിരുന്നു മെസിയ്ക്ക് പിന്തുണ നല്‍കിയതും കരുത്തു പകര്‍ന്നതും. അതുകൊണ്ടു തന്നെ വ്യത്യസ്തമായ ഗോള്‍ ആഘോഷത്തിന്റെ കാരണം തേടി എല്ലാവരും അലഞ്ഞു.
ഇപ്പോഴിതാ സ്പാനിഷ് മാധ്യമമായ ഡിപോര്‍ട്ടീവോ മുണ്ടോ ആ ആഘോഷത്തിനു പിന്നിലെ കാരണം പുറത്തു വിട്ടിരിക്കുകയാണ്. കാരണം എന്തെന്നറിഞ്ഞാല്‍ മെസി ആരാധകര്‍ക്ക് താരത്തോടുള്ള സ്‌നേഹം കൂടും.
വിരലുകള്‍ കൊണ്ട് വലതു കണ്ണിനു കീഴെയായി വരയിടുന്ന ആംഗ്യം “പാര ലോസ് വലൈന്റെസ്” എന്നാണ് അറിയപ്പെടുന്നത്. “ധീരന്മാര്‍ക്കായി” എന്നാണ് ആ വാക്യത്തിന്റെ അര്‍ത്ഥം. ക്യാന്‍സര്‍ ചികിത്സയ്ക്കായി ബാഴ്‌സലോണ തുടങ്ങാനിരിക്കുന്ന പദ്ധതിയുടെ പേരാണിത്. പ്രധാനമായും കുട്ടികള്‍ക്കാണ് ഇതിലൂടെ ചികിത്സ നല്‍കുന്നത്.
മെസിയുടെ ദി ലിയോ മെസി ഫൗണ്ടേഷനും പദ്ധതിയില്‍ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. സാമ്പത്തികമായും ബോധവത്കരണ പരിപാടിയുടെ ഭാഗമായും മെസിയും ഫൗണ്ടേഷനും ഇതിന് വേണ്ട സഹായം ചെയ്യുന്നുണ്ട്. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് നേരത്തേയും മെസി സുപ്രധാന സേവനങ്ങളുമായി രംഗത്തെത്തിയിരുന്നു.
#messi introduces another way to celebrate goals or could this be a new dancing move? #barcelona pic.twitter.com/k5deMp4MSI
— Omogbolahan (@GbolahanAkinwum) April 5, 2017