അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബ്ബുമായി സൈനിങ് നടത്തുമെന്നുള്ള വാര്‍ത്ത വ്യാജമാണെന്ന് പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ. താരത്തിന്റെ നിലവിലെ സാഹചര്യങ്ങളില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നും ഈ സീസണിന്റെ അവസാനം മാത്രമെ അന്തിമ തീരുമാനം ഉണ്ടാകൂ എന്നുമാണ് റൊമാനോ ട്വീറ്റ് ചെയ്തത്.
സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിന്റെ ഓഫര്‍ ഇപ്പോഴും മേശപ്പുറത്താണെന്നും ബാഴ്‌സലോണയും താരത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും റൊമാനോയുടെ ട്വീറ്റില്‍ പറയുന്നു.
അതേസമയം, മെസി സൗദി അറേബ്യയിലേക്ക് ചേക്കേറുന്നെന്ന റിപ്പോര്‍ട്ട് ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ ഫ്രാന്‍സ്-പ്രെസ് ആണ് പുറത്തുവിട്ടത്. ലോക റെക്കോഡ് കരാറിലാണ് താരം ഒപ്പുവെക്കാന്‍ ഒരുങ്ങുന്നതെന്നും ക്ലബ്ബിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
വരുന്ന ജൂണിലാണ് താരം നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുക. ലീഗ് വണ്ണില്‍ ലോറിയെന്റിനെതിരായുള്ള മത്സരത്തിന് പിന്നാലെ ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് പി.എസ്.ജി മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മെസി സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് പോകുമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
Content Highlights: Lionel Messi won’t move to Saudi Arabia, tweets Fabrizio Romano