| Tuesday, 9th May 2023, 10:03 am

'ഞാനൊരിക്കലും ഒന്നും അവസാനിപ്പിച്ചില്ല, അതെനിക്ക് വലിയൊരു പാഠമായി'; രണ്ടാം തവണ ലോറസ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ മെസിയുടെ വാചകങ്ങള്‍'

സ്പോര്‍ട്സ് ഡെസ്‌ക്

രണ്ടാം തവണയും ലോറസ് പുരസ്‌കാരത്തിന് അര്‍ഹനായി അര്‍ജന്റൈന്‍ ഇതിഹാസം. ഇതാദ്യമായാണ് ഒ രു താരം രണ്ട് തവണ അവാര്‍ഡ് പേരിലാക്കുന്നത്. 2020ലായിരുന്നു ഇതിന് മുമ്പ് മെസി ലോറസ് പുരസ്‌കാരം നേടിയിരുന്നത്.

ഫ്രഞ്ച് ഫുട്‌ബോള്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് സൂപ്പര്‍താരം മാക്‌സ് വെസ്റ്റപ്പാന്‍, എന്‍.ബി.എ ഐക്കണ്‍ സ്റ്റെഫ് കറി, അത്‌ലെറ്റിക്‌സ് സ്റ്റാര്‍ മുണ്ടോ ഡൂപ്ലാന്റിസ് എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം.

പുരസ്‌കാര വേദിയിലെ മെസിയുടെ വാചകങ്ങള്‍ ശ്രദ്ധനേടിയിരിക്കുകയാണ്. കഷ്ടതകള്‍ നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നുപോയിട്ടും പിന്തിരിയാതിരുന്നതാണ് തന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്നാണ് താരം പറഞ്ഞത്. ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കായിക താരങ്ങള്‍ക്കൊപ്പം നോമിനേറ്റ് ചെയ്യപ്പെട്ടത് വലിയ ബഹുമതിയായിട്ടെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ആരാധിക്കുന്ന ആരാധകര്‍ക്കൊപ്പം നോമിനേറ്റ് ചെയ്യപ്പെട്ടത് തന്നെ വലിയ ബഹുമതിയായി തോന്നുന്നു. ഇതുപോലെയുള്ള അംഗീകാരങ്ങള്‍ തേടിയെത്തുന്നത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്.

എനിക്കെന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിച്ചു. ലോക ചാമ്പ്യനാകാനായത് മറ്റെന്തിനെക്കാളും വിലപ്പെട്ട കാര്യമാണ്. കരിയറിലുടനീളം വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ബാഴ്‌സലോണയിലും ദേശീയ ടീമിലുണ്ടായ സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷങ്ങള്‍. പക്ഷെ ഒരിക്കലും ഞാന്‍ ഒന്നും അവസാനിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇതെല്ലാം എനിക്ക് വലിയ പാഠങ്ങളാണ്,’ മെസി പറഞ്ഞു.

ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അര്‍ജന്റീന ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീമിനുള്ള പുരസ്‌കാരം നേടി. മികച്ച വനിത താരമായി ജമൈക്കന്‍ സ്പ്രിന്റര്‍ ഷെല്ലി ആന്‍ ഫ്രേസറും തെരഞ്ഞെടുക്കപ്പെട്ടു. തിരിച്ചുവരവ് പുരസ്‌കാരത്തിന് അര്‍ഹനായത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഡെന്മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആണ്.

കളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിട്ടും കളത്തിലേക്ക് മടങ്ങിയെത്തിയതിനാണ് അവാര്‍ഡ്. ബ്രേക്ക് ത്രൂ അവാര്‍ഡ് സ്പാനിഷ് യുവ ടെന്നിസ് താരം കാര്‍ലോസ് അല്‍കാരസും സ്വന്തമാക്കി.

Content Highlights: Lionel Messi wins Laurus award for the second time

We use cookies to give you the best possible experience. Learn more