അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സജീവമാണ്. പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന ആശങ്കയിലായിരുന്നു ആരാധകര്‍. വിഷയത്തില്‍ അഭ്യൂഹങ്ങളും ശക്തമായിരുന്നു.
ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. മെസി ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങാനൊരുങ്ങുകയാണെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ലപോര്‍ട്ടയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മെസിയുടെ പിതാവ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മെസി ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തനിക്കും മെസിയെ ബഴ്‌സലോണയില്‍ കാണണമെന്നുണ്ടെന്നും ജോര്‍ജ് മെസി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
ബാഴ്‌സയിലേക്ക് മടങ്ങുന്ന കാര്യത്തില്‍ തങ്ങള്‍ കോണ്‍ഫിഡന്റ് ആണെന്നും ഭാവി കാര്യങ്ങള്‍ വഴിയേ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിന്റെയും എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയുടെയും ഓഫറുകള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ മെസിയെ സൈന്‍ ചെയ്യിക്കുന്ന കാര്യത്തില്‍ ലാ ലിഗ ബാഴ്‌സലോണയുടെ പദ്ധതി അംഗീകരിച്ചുവെന്നും റൊമാനോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Lionel Messi will return to Barcelona, says report