അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ക്ലബ്ബ് മാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമം. മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ തീരുമാനിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മെസിയുടെ നിലവിലെ കരാര്‍ ഈ സീസണോടെ അവസാനിക്കുമെന്നിരിക്കെ സീസണിന്റെ തുടക്കം മുതല്‍ തന്നെ പുതിയ കരാര്‍ നല്‍കാന്‍ പി.എസ്.ജി ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ ലോകകപ്പിന് ശേഷമേ തന്റെ ഭാവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നായിരുന്നു താരം അറിയിച്ചിരുന്നത്.
ലോകകപ്പ് കിരീടം നേടിയതോടെ ഇനി ക്ലബ് ഫുട്‌ബോളിലും ഇന്റര്‍നാഷണല്‍ ഫുട്‌ബോളിലും ലയണല്‍ മെസിക്ക് സ്വന്തമാക്കാന്‍ കിരീടങ്ങളൊന്നും ബാക്കിയില്ല. എന്നാല്‍ പി.എസ്.ജിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുക എന്ന അന്തിമ ലക്ഷ്യം കൂടിയുള്ളതിനാലാണ് താരം കരാര്‍ പുതുക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതോടെ ലയണല്‍ മെസിയുമായി ബന്ധപ്പെട്ട നിരവധിയായ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്കും അവസാനമാകും. ഒരു വര്‍ഷത്തേക്ക് കൂടി ഫ്രഞ്ച് ക്ലബില്‍ തുടരാനുള്ള കരാറിലാണ് താരം ഒപ്പിടുന്നത്.
ഇതിനിടെ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇനി ബാഴ്സലോണയിലേക്ക് തിരിച്ച് പോകില്ല എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
2021ല്‍ എഫ്.സി ബാഴ്സലോണയില്‍ നിന്ന് പുറത്തു പോരേണ്ടി വന്നതിന്റെ ദുഃഖം മെസിയില്‍ ഇപ്പോഴും ഉണ്ടെന്നും ബാഴ്സലോണ പ്രസിഡന്റായ ലാപോര്‍ട്ടയുടെ പെരുമാറ്റമാണ് ക്ലബ്ബില്‍ നിന്ന് താരത്തിന്റെ പുറത്താകലിനു വഴി തെളിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതുകൊണ്ട് ബാഴ്സലോണയിലേക്ക് ലയണല്‍ മെസി തിരികെ എത്തില്ല എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഴ്സയിലേക്ക് മെസി തിരികെ എത്താതിരിക്കാനുള്ള മറ്റൊരു കാരണം ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയാണ്.
ലയണല്‍ മെസിയെ പോലുള്ള സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ മാത്രം സാമ്പത്തിക കെട്ടുറപ്പ് ഇപ്പോള്‍ എഫ്.സി ബാഴ്സലോണക്ക് ഇല്ലെന്നതാണ് വാസ്തവം.
കഴിഞ്ഞ സീസണില്‍ പി.എസ്.ജിക്കായി തിളങ്ങാനായില്ലെങ്കിലും ഈ സീസണില്‍ ഗോളുകളും അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.
Content Highlights: Lionel Messi will renew the contract with PSG soon