മെസിയെ ഇന്റര്‍ മിയാമി എപ്പോള്‍ അവതരിപ്പിക്കും? ആദ്യ മത്സരം എന്ന്? വിവരങ്ങള്‍ പുറത്ത്
Football
മെസിയെ ഇന്റര്‍ മിയാമി എപ്പോള്‍ അവതരിപ്പിക്കും? ആദ്യ മത്സരം എന്ന്? വിവരങ്ങള്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th June 2023, 6:48 pm

ഈ സീസണിന്റെ അവസാനത്തോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ് അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ബ്രേക്ക് എടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്. മെസി എപ്പോള്‍ ഇന്റര്‍ മിയാമിയില്‍ എത്തുമെന്നും ആദ്യ മത്സരം എന്ന് നടക്കുമെന്നുമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. താരത്തിന്റെ അരങ്ങേറ്റ മത്സരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍.

ജൂലൈ 16നാണ് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ പ്രെസന്റ് ചെയ്യാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

അതേസമയം, മെസി ജൂലൈ 21ന് അരങ്ങേറ്റ മത്സരം കളിക്കും. ടീമിന്റെ ഹോം മത്സരത്തിലാണ് താരത്തെ ആദ്യമായി അവതരിപ്പിക്കുകയെന്ന് ടീം ഉടമ ജോര്‍ജി മാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മെസി ഇന്റര്‍ മിയാമിയില്‍ ചേരുമെന്നറിഞ്ഞതോടെ വലിയ രീതിയിലുള്ള ആരാധക പിന്തുണയാണ് അമേരിക്കന്‍ ക്ലബ്ബിന് ലഭിക്കുന്നത്. മിയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പിങ്ക് സ്റ്റേഡിയത്തില്‍ 3000 ഇരിപ്പിടങ്ങള്‍ കൂടി ക്രമീകരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ ഗാലറിയില്‍ 22000ത്തോളം കാണികളെ ഉള്‍ക്കൊള്ളാനാകും.

ജൂലൈയില്‍ അമേരിക്കന്‍ ക്ലബ്ബിന്റെ ജേഴ്‌സിയണിയുന്ന താരം പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണലുമായി ഏറ്റുമുട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരുന്ന മാസം ആഴ്‌സണല്‍ തങ്ങളുടെ പ്രീ സീസണില്‍ എ.എസ്. മൊണാക്കോ, എഫ്.സി നേണ്‍ബര്‍ഗ്, ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എം.എല്‍.എസ്. ഓള്‍ സ്റ്റാര്‍സ് എന്നീ ക്ലബ്ബുകളായി ഏറ്റുമുട്ടും.

വെയ്ന്‍ റൂണി മാനേജ് ചെയ്യുന്ന എം.എല്‍.എസ് ഓള്‍ സ്റ്റാഴ്‌സ് ജൂലൈ 20ന് വാഷിങ്ടണ്‍ ഡി.സിയില്‍ ആഴ്‌സണലുമായി ഏറ്റുമുട്ടും. മെസിയും ടീമിന്റെ ഭാഗമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയിലേക്ക് നീങ്ങിയതിന് ശേഷം റിയാദ് 11നൊപ്പം പി.എസ്.ജിയെ നേരിടുമ്പോഴുണ്ടായ അനുഭൂതിയായിരിക്കും മെസി എം.എല്‍.എസ് ഓള്‍ സ്റ്റാഴ്‌സിനൊപ്പം കളിക്കുമ്പോഴുണ്ടാവുക എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Lionel Messi will play his debut match in Inter Miami on July 16