ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി ക്ലബ്ബുമായുള്ള തന്റെ കരാര്‍ പുതുക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റിയെന്ന് റിപ്പോര്‍ട്ട്.
ഈ സമ്മറില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ താരം ക്ലബ്ബില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ സ്പാനിഷ് ജേണലിസ്റ്റ് ജെരാര്‍ഡ് റൊമേറോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ചാമ്പ്യന്‍ഷിപ്പ് നേടിയതിന് ശേഷം മെസി തന്റെ തീരുമാനം മാറ്റുകയായിരുന്നെന്നും യൂറോപ്പില്‍ നിന്ന് താരത്തിന് നിരവധി ഓഫറുകള്‍ വന്നിട്ടുണ്ടെന്നും റൊമേറോ പറഞ്ഞു.
പുതിയ ക്ലബ്ബിനെ കുറിച്ച് മെസി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടില്‌ലെന്നും റൊമേറോ പറഞ്ഞു. ഇത് യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഈ സീസണിന് ശേഷം ഫ്രീ ഏജന്റാകുന്ന താരത്തിനെ സ്വന്തമാക്കാന്‍ ഏതു ക്ലബിനും കഴിയും.
അതേസമയം ലയണല്‍ മെസി പി.എസ.ജി കരാര്‍ പുതുക്കാതിരിക്കുന്നതിന് ബാഴ്സയിലേക്ക് തിരിച്ചു പോകുമെന്ന അര്‍ത്ഥമില്ലെന്നും റോമെറോ വ്യക്തമാക്കി.
മെസിയെ ഫ്രീ ഏജന്റായി സ്വന്തമാക്കാന്‍ കഴിയുമെങ്കില്‍ നിരവധി യൂറോപ്യന്‍ ക്ലബുകള്‍ അതിനായി ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ഇപ്പോള്‍ തന്നെ അമേരിക്കയില്‍ നിന്നും സൗദിയില്‍ നിന്നും താരത്തിന് ഓഫറുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോകകപ്പ് നേടിയതോടെ മൂല്യം ഉയര്‍ന്ന മെസിയെ ടീമില്‍ നിലനിര്‍ത്താന്‍ തന്നെയാവും പിഎസ്ജി ശ്രമിക്കുക.
ഫ്രഞ്ച് കപ്പില്‍ പെയ്‌സ് ഡി കാസലുമായി നടന്ന പി.എസ്.ജിയുടെ മത്സരത്തില്‍ മെസി കളിച്ചിരുന്നില്ല. താരത്തിന് വിശ്രമം നല്‍കിയതിനാല്‍ കോപ്പ ഡി ഫ്രാന്‍സില്‍ മെസി കളിക്കില്ലെന്ന് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ അറിയിച്ചിരുന്നു.
മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകളുടെ തകര്‍പ്പന്‍ ജയമാണ് പി.എസ്.ജി നേടിയത്. ഹാട്രിക് അടക്കമുള്ള കിലിയന്‍ എംബാപ്പെയുടെ അഞ്ച് ഗോളുകളും നെയ്മറിന്റെയും സോളറിന്റെയും ഓരോ ഗോളമാണ് പി.എസ്.ജിയെ ജയത്തിലേക്ക് നയിച്ചത്.
തകര്‍പ്പന്‍ ജയവുമായി മടങ്ങിയ പി.എസ്.ജിക്ക് കരുത്തരായ മാഴ്സിലെയാണ് പ്രീ ക്വാര്‍ട്ടറിലെ എതിരാളികള്‍.
Content Highlights: Lionel Messi will not renew his contract with PSG